മുൻഗാമികളുടെ കല്ലറകൾക്കരികിൽ വിശുദ്ധ ബലിയർപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ

മെയ് മാസം പതിനൊന്നാം തീയതി ഞായറാഴ്ച, ലിയോ പതിനാലാമൻ പാപ്പാ

May 12, 2025 - 19:55
 0  21
മുൻഗാമികളുടെ കല്ലറകൾക്കരികിൽ വിശുദ്ധ ബലിയർപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട, ലിയോ പതിനാലാമൻ പാപ്പാ, മെയ് മാസം പതിനൊന്നാം തീയതി ഞായറാഴ്ച വത്തിക്കാനിലെ  വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ നിലവറയിലുള്ള പാപ്പാമാരുടെ കബറിടങ്ങൾ സ്ഥിതിചെയ്യുന്നിടത്ത് വിശുദ്ധ ബലിയർപ്പിക്കുകയും, വചന സന്ദേശം നൽകുകയും ചെയ്തു. തദവസരത്തിൽ, അഗസ്തീനിയൻ സന്യാസസഭയുടെ പ്രിയോർ ജനറൽ, ഫാദർ അലെഹാന്ദ്രോ മൊറാൽ അന്തൊൻ സഹകാർമികത്വം വഹിച്ചു. വിശുദ്ധ പത്രോസിന്റെ കല്ലറ സ്ഥിതി  ചെയ്യുന്നതിന് അടുത്തുള്ള അൾത്താരയിലാണ്, വിശുദ്ധ ബലിയർപ്പിച്ചത്. വിശുദ്ധ കുർബാനയ്ക്കു ശേഷം അൽപ്പസമയം തന്റെ മുൻഗാമികളുടെ കല്ലറകൾക്കു മുൻപിൽ പ്രാർത്ഥിക്കുകയും ചെയ്തു.

തന്റെ വചന സന്ദേശത്തിൽ, മറ്റുള്ളവരെ ശ്രവിക്കേണ്ടതിന്റെ ആവശ്യകത പാപ്പാ അടിവരയിട്ടു പറഞ്ഞു. മാതൃദിനമായിരുന്ന, ഞായറാഴ്ച്ച, "ദൈവസ്നേഹത്തിന്റെ ഏറ്റവും അത്ഭുതകരമായ പ്രകടനങ്ങളിലൊന്ന് അമ്മമാർ, തങ്ങളുടെ കുട്ടികളോടും പേരക്കുട്ടികളോടും കാണിക്കുന്ന വാത്സല്യവും സ്നേഹവുമാണെന്നു"പാപ്പാ പറഞ്ഞു. പത്രോസിനടുത്ത അജപാലന ശുശ്രൂഷ ആരംഭിക്കുമ്പോൾ, നമ്മുടെ ആശ്രയകേന്ദ്രമായ യേശുക്രിസ്തുവിന്റെ മാതൃക ഒന്ന് മാത്രമാണ് തന്റെ പ്രചോദനമെന്നു പാപ്പാ പറഞ്ഞു. തന്റെ ജീവൻ നൽകിക്കൊണ്ട് നമ്മെ കരുതുന്ന നല്ലയിടയനായ യേശുവിന്റെ സാന്നിധ്യം നമുക്ക് സന്തോഷം പ്രദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് ദൈവിളിയുടെ പ്രാധാന്യത്തെയും പാപ്പാ അനുസ്മരിച്ചു.  യുവാക്കളായ ആളുകളെ ദൈവവിളി ശ്രവിക്കുന്നതിനായി ക്ഷണിക്കുമ്പോൾ, നമ്മുടെ ജീവിതത്തിൽ ഒരു നല്ല മാതൃക നൽകുകയും, സന്തോഷത്തോടെ സുവിശേഷത്തിന്റെ സന്തോഷത്തിൽ ജീവിക്കുകയും, മറ്റുള്ളവരെ നിരുത്സാഹപ്പെടുത്താതെ കർത്താവിന്റെ ശബ്ദം കേൾക്കാനും അത് പിന്തുടരാനും സഭയിൽ തുടർന്ന്  സേവിക്കാനും യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികൾ തേടുകയും ചെയ്യണമെന്ന് പാപ്പാ ഓർമ്മപ്പെടുത്തി.

ദൈവിളിയുടെ കാര്യത്തിൽ, നമ്മുടെ പ്രവർത്തനങ്ങൾ ഒരു രൂപതയിലേക്ക് മാത്രം ഒതുങ്ങിപ്പോകരുതെന്നും, മറിച്ച് സാർവത്രികമായ ഒരു മാനം എപ്പോഴും ഇക്കാര്യത്തിൽ തുടരണമെന്നും പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു. അത് മുഴുവൻ ലോകത്തോടും സുവിശേഷം പ്രഘോഷിക്കുക എന്നതാണ് അപ്പസ്തോലിക പ്രേഷിതപ്രവർത്തനമെന്നും അദ്ദേഹം ചൂണ്ടികാണിച്ചു.

 അതിനാൽ ക്രിസ്തുവിനു സാക്ഷ്യം നൽകുന്നതിൽ ഭയം കൂടാതെ മുൻപോട്ടു പോകുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. അതിനാൽ മറ്റുള്ളവരെ ശ്രവിക്കുന്നതിനും, സംഭാഷണത്തിൽ ഏർപ്പെടുന്നതിനും നാം ശ്രദ്ധ ചെലുത്തണമെന്നു പറഞ്ഞ പാപ്പാ, ചില പ്രായോഗിക നിർദേശങ്ങളും മുൻപോട്ടു വച്ചു. എല്ലായ്പ്പോഴും ദൈവവചനം കേൾക്കുക, മറ്റുള്ളവരെ ശ്രവിക്കുക, പാലങ്ങൾ പണിയുക, മറ്റുള്ളവരെ വിധിക്കാതിരിക്കുക, എല്ലാ സത്യവും നമ്മിൽ മാത്രമെന്നും, മറ്റുള്ളവർക്ക് ഒന്നും അറിയില്ലെന്ന മട്ടിൽ വാതിൽ അടയ്ക്കാതിരിക്കുക, കർത്താവിന്റെ ശബ്ദം കേൾക്കുക, കർത്താവ് നമ്മെ എവിടേക്കാണ് വിളിക്കുന്നതെന്ന്  ശ്രദ്ധിക്കുക, എന്നിവയാണ് ആ നിർദേശങ്ങൾ.

നമുക്ക് സഭയിൽ ഒരുമിച്ച് നടക്കാം, കർത്താവിന്റെ സകലജനത്തെയും സേവിക്കുന്നതിനായി അവിടുത്തെ വചനം കേൾക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം എന്ന ആഹ്വാനത്തോടെയാണ് വചനസന്ദേശം ഉപസംഹരിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow