പുതിയ പാപ്പായും ഉക്രൈയിൻ പ്രസിഡൻറും ടെലെഫോൺ സംഭാഷണത്തിൽ
പാപ്പാ ലിയൊ പതിനാലാമനും പ്രസിഡൻറ് വ്ലോദിമിർ ത്സെലെൻസ്കിയും തിങ്കളാഴ്ച ടെലെഫോൺ സംഭാഷണം നടത്തി.

ഉക്രൈയിൻ സന്ദർശിക്കാൻ അന്നാടിൻറെ പ്രസിഡൻറ് വ്ലോദിമിർ ത്സെലെൻസ്കി ലിയൊ പതിനാലമൻ പാപ്പായെ ക്ഷണിച്ചു.
സാമൂഹ്യമാദ്ധ്യമമായ “എക്സി”ലൂടെ (X) പ്രസിഡൻറ് ത്സെലെൻസ്കി തന്നെയാണ് താനും പാപ്പായുമായി ടെലെഫോൺ സംഭാഷണം നടത്തിയെന്നും പാപ്പായെ ക്ഷണിച്ചുവെന്നുമുള്ള വിവിരം വെളിപ്പെടുത്തിയത്.
മെയ് പന്ത്രണ്ടിന്, തിങ്കളാഴ്ച ഈ ടെലെഫോൺ സംഭാഷണം നടന്നതായി പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയത്തിൻറെ (പ്രസ്സ് ഓഫീസിൻറെ) മേധാവി മത്തേയൊ ബ്രൂണി സ്ഥിരീകരിച്ചു.
ഉക്രൈയിനിൽ നീതിപൂർവ്വകവും സ്ഥായിയുമായ സമാധാനം ഉണ്ടാകുന്നതിനും തടവുകാർ മോചിപ്പിക്കപ്പെടുന്നതിനും വേണ്ടി ലിയൊ പതിനാലാമൻ പാപ്പാ ഞായറാഴ്ചത്തെ മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ നടത്തിയ അഭ്യർത്ഥനയ്ക്ക് പ്രസിഡൻറ് ത്സെലെൻസ്കി നന്ദി പ്രകാശിപ്പിച്ചു.
റഷ്യ ഉക്രൈയിനിൽ നിന്നു പുറത്താക്കിയ ഉക്രൈയിൻകാരയ ആയിരക്കണക്കിനു കുഞ്ഞുങ്ങളുടെ കാര്യവും താൻ പാപ്പായുമായി സംസാരിച്ചുവെന്നും അവരെ ഉക്രൈയിനിലേക്ക് തിരികെ കൊണ്ടുവരുന്നതിന് വത്തിക്കാൻറെ സഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും ത്സെലെൻസ്കി “എക്സി”ൽ കുറിച്ചു.
തിങ്കളാഴ്ച മുതൽ 30 ദിവസത്തേക്കുള്ള പൂർണ്ണവും നിരുപാധികവുമായ വെടിനിറുത്തൽ കരാറിനെക്കുറിച്ചും പാപ്പായെ ധരിപ്പിച്ചുവെന്നും ഏതു തരത്തിലുമുള്ള കൂടുതലായ ചർച്ചകൾക്ക് ഉക്രൈയിൻ സന്നദ്ധമാണെന്ന് താൻ ആവർത്തിച്ചു വെളിപ്പെടുത്തിയെന്നും ത്സെലെൻസ്കി എഴുതി. പാപ്പാ ഉക്രൈയിൻ സന്ദർശിക്കുകയാണെങ്കിൽ അത് സകല വിശ്വാസികൾക്കും ഉക്രൈയിൻ ജനതയ്ക്കാകമാനവും യഥാർത്ഥ പ്രത്യാശ പകരുമെന്നും അദ്ദേഹം കുറിച്ചു.
What's Your Reaction?






