പൗരസ്ത്യ സഭാപാരമ്പര്യങ്ങളിൽ വെള്ളം ചേർക്കപ്പെടരുത്, അവ സംരക്ഷിക്കപ്പെടണം, പാപ്പാ

മെയ് 12-14 വരെ റോമിൽ, പൗരസ്ത്യ സഭകളുടെ ജൂബിലി ആചരണത്തിൽ സംബന്ധിച്ചവർക്ക് അതിൻറെ സമാപനദിനത്തിൽ, ബുധനാഴ്ച

May 15, 2025 - 17:04
 0  25
പൗരസ്ത്യ സഭാപാരമ്പര്യങ്ങളിൽ വെള്ളം ചേർക്കപ്പെടരുത്, അവ സംരക്ഷിക്കപ്പെടണം, പാപ്പാ

പിതാവിൻറെയും പുത്രൻറെയും പരിശുദ്ധാരൂപിയുടെയും നാമത്തിൽ സമാധാനം നിങ്ങളോടുകൂടെ എന്ന ആശംസയോടെ തൻറെ സന്ദേശം ആരംഭിച്ച പാപ്പാ എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് ഇപ്രകാരം തുടർന്നു;

ക്രിസ്തു ഉയിർത്തെഴുന്നേറ്റു. അവൻ സത്യമായും ഉയിർത്തെഴുന്നേറ്റു! വിശ്വാസത്തിൻറെയും പ്രത്യാശയുടെയും സത്ത പ്രഖ്യാപിച്ചുകൊണ്ട്, ഉയിർപ്പുകാലത്ത്, പല പ്രദേശങ്ങളിലും പൗരസ്ത്യക്രൈസ്തവർ മടുക്കാതെ ആവർത്തിക്കുന്ന ഈ വാക്കുകളാൽ ഞാൻ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു. യേശുവിൻറെ പുനരുത്ഥാനം അനശ്വര അടിത്തറയായുള്ള  പ്രത്യാശയുടെ ജൂബിലി വേളയിൽത്തന്നെ നിങ്ങളെ ഇവിടെ കാണുന്നത് വളരെ മനോഹരമാണ്. റോമിലേക്ക് സ്വാഗതം! നിങ്ങളെ കാണാനും എൻറെ സഭാഭരണത്തിലെ ആദ്യ കൂടിക്കാഴ്ചകളിൽ ഒന്ന് പൗരസ്ത്യസഭാ വിശ്വാസികൾക്കായി നീക്കിവയ്ക്കാനും കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.

പൗരസ്ത്യ സഭകളുടെ മൂല്യം   

നിങ്ങൾ വിലപ്പെട്ടവരാണ്. നിങ്ങളെ നോക്കുമ്പോൾ, നിങ്ങളുടെ ഉത്ഭവത്തിൻറെ വൈവിധ്യത്തെക്കുറിച്ചും, നിങ്ങളുടെ മഹത്തായ ചരിത്രത്തെക്കുറിച്ചും, നിങ്ങളുടെ പല സമൂഹങ്ങളും സഹിച്ചതോ ഇപ്പോൾ അനുഭവിക്കുന്നതോ ആയ കയ്പേറിയ കഷ്ടപ്പാടുകളെക്കുറിച്ചും ഞാൻ ചിന്തിക്കുന്നു. പൗരസ്ത്യ സഭകളെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞത് ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: «അവ സ്നേഹിക്കപ്പെടേണ്ട സഭകളാണ്: അവ അതുല്യമായ ആത്മീയവും ജ്ഞാനപരവുമായ പാരമ്പര്യങ്ങൾ കാത്തുസൂക്ഷിക്കുന്നു, കൂടാതെ ക്രിസ്തീയ ജീവിതം, സിനഡാത്മകത, ആരാധനക്രമം എന്നിവയെക്കുറിച്ച് നമ്മോട് ധാരാളം കാര്യങ്ങൾ അവയ്ക്ക് പറയാനുണ്ട്; "പൂർവ്വ പിതാക്കന്മാരെക്കുറിച്ചും, സൂനഹദോസുകളെക്കുറിച്ചും, സന്യാസത്തെക്കുറിച്ചും നമുക്ക് ചിന്തിക്കാം: അവ സഭയ്ക്കുള്ള വിലമതിക്കാനാവാത്ത നിധികളാണ്" (ROACO യുടെ യോഗത്തിൽ പങ്കെടുത്തവരോടുള്ള പ്രഭാഷണം, 2024ജൂൺ 27).

സഭയ്ക്ക് ഭൂഷണമായ പൗരസ്ത്യസഭാ പാരമ്പര്യങ്ങൾ

നിങ്ങളുടെ സഭകളുടെ ഔന്നത്യത്തെക്കുറിച്ച് ഒരു പ്രത്യേക രേഖ ആദ്യമായി പുറപ്പെടുവിച്ച ലിയോ പതിമൂന്നാമൻ മാർപ്പാപ്പയെ ഉദ്ധരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ആ രേഖ പുറപ്പെടുവിച്ചത്, സർവ്വോപരി, മാനവപരിത്രാണപദ്ധതിക്ക് പൗരസ്ത്യദേശത്ത് തുടക്കംകുറിക്കപ്പെട്ടു എന്ന വസ്തുത പരിഗണിച്ചാണ് ( അപ്പസ്തോലിക ലേഖനം ഓറിയെന്താലിയും ദിഞ്ഞിത്താസ്, 30 നവംബർ 1894 കാണുക). അതെ, "സഭയുടെ ജനനനത്തിൻറെ യഥാർത്ഥ പശ്ചാത്തലം എന്ന നിലയിൽ നിങ്ങൾക്ക് അതുല്യവും സവിശേഷവുമായ ഒരു പങ്കുണ്ട്" (വിശുദ്ധ ജോൺ പോൾ II, അപ്പസ്തോലിക ലേഖനം ഓറിയെന്താലെ ലൂമെൻ, 5).ഈ ദിനങ്ങളിൽ റോമിൽ നിങ്ങൾ വിവിധ പാരമ്പര്യങ്ങൾ അനുസരിച്ച് സാഘോഷം പരികർമ്മം ചെയ്യുന്ന നിങ്ങളുടെ ചില ആരാധനക്രമങ്ങൾ ഇപ്പോഴും കർത്താവായ യേശുവിൻറെ ഭാഷ ഉപയോഗിക്കുന്നു എന്നത് ശ്രദ്ധേയമാണ്. “പൗരസ്ത്യ ആരാധനക്രമത്തിൻറെയും സമ്പ്രദായത്തിൻറെയും നിയമാനുസൃതമായ വൈവിധ്യം സഭയ്ക്ക് വലിയ ഭൂഷണവും ഫലദായകവുമായി ഭവിക്കട്ടെ” എന്ന ഹൃദയംഗമായ അഭിലാഷം ലിയോ പതിമൂന്നാമൻ മാർപ്പാപ്പ പ്രകടിപ്പിച്ചിരുന്നു  (അപ്പോസ്തലിക ലേഖനം, ഓറിയെന്താലിയും ദിഞ്ഞിത്താസ്). അദ്ദേഹത്തിന് അക്കാലത്തുണ്ടായ ആശങ്ക ഇന്നും വളരെ പ്രസക്തമാണ്, കാരണം നമ്മുടെ ഈ കാലഘട്ടത്തിൽ നിങ്ങളിൽ പലരും ഉൾപ്പെടെ നിരവധിയായ പൗരസ്ത്യ സഹോദരീസഹോദരന്മാർ, യുദ്ധവും പീഡനങ്ങളും, അസ്ഥിരതയും ദാരിദ്ര്യവും, കാരണം സ്വദേശത്ത് നിന്നു പലായനം ചെയ്യാൻ നിർബന്ധിതരായി.  പടിഞ്ഞാറൻ രാജ്യങ്ങളിൽ എത്തിയപ്പോൾ അവർക്ക് സ്വന്തം നാട് മാത്രമല്ല, മതപരമായ സ്വത്വവും നഷ്ടപ്പെടുന്ന അപകടസാധ്യതയുണ്ട്. അങ്ങനെ, തലമുറകൾ കടന്നുപോകുമ്പോൾ, പൗരസ്ത്യ സഭകളുടെ അമൂല്യമായ പൈതൃകം കൈമോശംവരും.

കിഴക്കിൻറെ പാരമ്പര്യങ്ങൾ സംരക്ഷിക്കാൻ ലത്തീൻ സമൂഹത്തിൻറെ സഹകരണം

"പൗരസ്ത്യ ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണം നാം വിചാരിക്കുന്നതിനേക്കാൾ പ്രധാനമാണ്" എന്ന് ഒരു നൂറ്റാണ്ടിലേറെക്കാലം മുമ്പ്, ലിയോ പതിമൂന്നാമൻ അഭിപ്രായപ്പെടുകയുണ്ടായി, ഇതിൻറെ സംരക്ഷണാർത്ഥം അദ്ദേഹം, "ഏതെങ്കിലും ലത്തീൻ പ്രേഷിതൻ,  അല്ലെങ്കിൽ, രൂപതാ-സന്ന്യസ്ത വൈദികഗണത്തിലെ അംഗം, ഉപദേശമോ സഹായമോ വഴി പൗരസ്ത്യസഭാനുയായിയായ ആരെയെങ്കിലും ലത്തീൻ റീത്തിലേക്ക് ആകർഷിക്കുന്നുണ്ടെങ്കിൽ" അയാളെ "പിരിച്ചുവിടുകയും അയാളെ അയാളുടെ പദവിയിൽ നിന്ന് നീക്കംചെയ്യുകയും വേണം" എന്ന് പോലും നിർദ്ദേശിച്ചു (ibid.). പൗരസ്ത്യ ക്രൈസ്തവികതയെ, പ്രത്യേകിച്ച് പ്രവാസ മേഖലകളിൽ, സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള അഭ്യർത്ഥന നമുക്ക് സ്വീകരിക്കാം; ഇവിടെ, സാധ്യവും ഉചിതവുമായ ഇടങ്ങളിൽ പൗരസ്ത്യസഭാപ്രവിശ്യകൾ സ്ഥാപിക്കുന്നതിനു പുറമേ, ലത്തീൻ സമൂഹത്തെ ബോധവൽക്കരിക്കേണ്ടത് ആവശ്യമാണ്. ഈ ഒരു വീക്ഷണത്തിൽ ഞാൻ പൗരസ്ത്യ സഭകൾക്കായുള്ള വിഭാഗത്തിന് അതിൻറെ പ്രവർത്തനങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുകയും പ്രവാസികളായ കിഴക്കൻ കത്തോലിക്കരെ അവരുടെ ജീവിത പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും അവരുടെ ജീവിത പശ്ചാത്തലത്തെ അവരുടെ തനിമകളാൽ സമ്പന്നമാക്കുന്നതിലും സമൂർത്ത പിന്തുണയേകാൻ ലത്തീൻകാരായ ഇടയന്മാർക്ക് കഴിയുന്ന പെരുമാറ്റച്ചട്ടങ്ങളും, മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും രൂപപ്പെടുത്തുന്നതിന് എന്നെ സഹായിക്കണമെന്ന് പൗരസ്ത്യസഭകൾക്കായുള്ള വിഭാഗത്തോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

പാരമ്പര്യങ്ങളിൽ വെള്ളം ചേർക്കപ്പെടരുത്

സഭയ്ക്ക് നിങ്ങളെ ആവശ്യമുണ്ട്. ഇന്ന് പൗരസ്ത്യ ക്രൈസ്തവന് നമുക്കുവേണ്ടി നൽകാൻ കഴിയുന്ന സംഭാവന എത്ര വലുതാണ്! മനുഷ്യവ്യക്തിയെ അവൻറെ സമ്പൂർണ്ണതയിൽ ഉൾപ്പെടുത്തിക്കൊണ്ട്, രക്ഷയുടെ മനോഹാരിത ആലപിക്കുകയും മാനുഷിക ചെറുമയെ സ്വീകരിക്കുന്ന ദൈവിക മഹത്വത്തെക്കുറിച്ച് വിസ്മയം ഉളവാക്കുകയും ചെയ്യുന്ന, നിങ്ങളുടെ ആരാധനാക്രമങ്ങളിൽ ഇത്രമാത്രം സജീവമായ രഹസ്യത്തെക്കുറിച്ചുള്ള അവബോധം വീണ്ടെടുക്കേണ്ടത് എത്രയോ ആവശ്യമായിരിക്കുന്നു! പാശ്ചാത്യ ക്രൈസ്തവ ലോകത്തും,  ദൈവത്തിൻറെ പ്രാഥമ്യത്തെക്കുറിച്ചുള്ള അവബോധവും ക്രിസ്തീയാരംഭ പ്രക്രിയയുടെയും, നിരന്തരമായ മദ്ധ്യസ്ഥതയുടെയും പ്രായശ്ചിത്തപ്രവർത്തികളുടെയും ഉപവാസത്തിൻറെയും, അവനവൻറെയും മനുഷ്യവർഗ്ഗത്തിൻറെയും പാപങ്ങളെപ്രതിയുള്ള രോദനത്തിൻറെയും (പെന്തോസ്) കിഴിക്കിൻറെ ആത്മീയതകളുടെ സവിശേഷതയായ മൂല്യം  വീണ്ടും കണ്ടെത്തേണ്ടത് എത്രമാത്രം പ്രധാന്യമർഹിക്കുന്നു! അതുകൊണ്ട്, നിങ്ങളുടെ പാരമ്പര്യങ്ങൾ  വെള്ളം ചേർക്കാതെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്, ഒരുപക്ഷേ പ്രായോഗികതയ്ക്കും സൗകര്യത്തിനും വേണ്ടിയായിരിക്കാം, അങ്ങനെ ചെയ്യുന്നത്. എന്നാൽ അവ ഉപഭോക്തൃ-പ്രയോജനാത്മക മനോഭാവത്താൽ ദുഷിപ്പിക്കപ്പെടാതിരിക്കേണ്ടതിന് ഇത് ആവശ്യമാണ്.

കിഴക്കിൻറെ ആത്മീയതയുടെ മഹത്വം

നിങ്ങളുടെ ആത്മീയതകൾ, പുരാതനവും എന്നും പുതുമയുള്ളതുമാണ്. ഔഷധഗുണമുള്ളവയാണ്. അവയിൽ മനുഷ്യദുരിതത്തിൻറെ നാടകീയമായ അർത്ഥം ദൈവികകാരുണ്യത്തിൻറെ വിസ്മയവുമായി ലയിക്കുന്നു, അങ്ങനെ നമ്മുടെ അധമത്വം നിരാശയെ ഉണർത്തുന്നില്ല, മറിച്ച്, സൗഖ്യമാക്കപ്പെടുകയും ദൈവികമാക്കപ്പെടുകയും സ്വർഗ്ഗീയ ഔന്നത്യങ്ങളിലേക്ക് ഉയർത്തപ്പെടുകയും ചെയ്ത സൃഷ്ടികളാകുന്നതിൻറെ കൃപ സ്വീകരിക്കാൻ ഈ ആത്മീയതകൾ നമ്മെ ക്ഷണിക്കുന്നു. ഇതിനായി നാം കർത്താവിനെ അനന്തമായി സ്തുതിക്കുകയും നന്ദി പറയുകയും വേണം. നമുക്ക് ഒന്നുചേർന്ന് സിറിയക്കാരനായ വിശുദ്ധ എഫ്രേമിൻറെ വാക്കുകളാൽ പ്രാർത്ഥിക്കാം, യേശുവിനോട് ഇങ്ങനെ പറയാം: “മരണത്തിന്മേൽ ഒരു പാലമായി നിൻറ കുരിശിനെ മാറ്റിയ നിനക്കു മഹത്വം. […] മർത്ത്യ മനുഷ്യ ശരീരം ധരിച്ച് അതിനെ എല്ലാ മനുഷ്യർക്കും ജീവൻറെ ഉറവിടമാക്കി മാറ്റിയ നിനക്കു മഹത്വം” (കർത്താവിനെക്കുറിച്ചുള്ള പ്രഭാഷണം, 9). ജീവിതത്തിൻറെ ഓരോ പോരാട്ടത്തിലും ഉത്ഥാനത്തിൻറെ ഉറപ്പ് കാണാൻ അറിയുകയും നിരാശയിൽ വീഴാതിരിക്കുകയും ചെയ്യുന്നതിനുള്ള കൃപയ്ക്കായി നാം പ്രാർത്ഥിക്കണം. മറ്റൊരു മഹാനായ പൗരസ്ത്യ പിതാവ് എഴുതിയതുപോലെ, "ഏറ്റവും വലിയ പാപം, പുനരുത്ഥാനത്തിൻറെ ശക്തിയിൽ വിശ്വസിക്കാതിരിക്കുക എന്നതാണ് " (SAINT ISAAC OF NINIVEH, Sermones ascetici, I,5).

സമാധാനാഭ്യർത്ഥന

അപ്പോൾ, അക്രമത്തിൻറെ അഗാധതയിൽ പ്രതീക്ഷയുടെ വാക്കുകൾ ആലപിക്കാൻ നിങ്ങളെക്കാൾ കൂടുതലായി ആർക്കാണ് കഴിയുക? ഫ്രാൻസിസ് മാർപാപ്പ നിങ്ങളുടെ സഭകളെ "രക്തസാക്ഷിസഭകൾ" (ROACO യോടുള്ള പ്രഭാഷണം.) എന്ന് വിളിക്കത്തക്കവിധം, യുദ്ധത്തിൻറെ ഭീകരത നിങ്ങളേക്കാൾ നന്നായി അടുത്തറിയാവുന്നത് ആർക്കാണ്?, അത് സത്യമാണ്: വിശുദ്ധ നാടു മുതൽ ഉക്രൈയിൻ വരെയും, ലെബനൻ മുതൽ സിറിയ വരെയും, മദ്ധ്യപൂർവ്വദേശം മുതൽ ടിഗ്രേയും കോക്കസസ് വരെയും, എത്രമാത്രം അക്രമങ്ങൾ! ഈ ഭീകരതയും നിരവധി യുവജീവിതങ്ങളുടെ കൂട്ടക്കുരുതിയും രോഷമുണർത്തേണ്ടതാണ്, കാരണം, സൈനിക പോരാട്ടത്തിൽ, മരിച്ചുവീഴുന്നത്  ആളുകളാണ്, ഇവിടെ ഒരു അഭ്യർത്ഥന വീണ്ടും മുഴങ്ങുന്നു: പാപ്പായുടെയല്ല, "നിങ്ങൾക്ക് സമാധാനം!" എന്ന് ആവർത്തിക്കുന്ന ക്രിസ്തുവിൻറെതാണ്. (യോഹന്നാൻ 20:19.21.26). അവിടന്ന് വ്യക്തമാക്കുന്നു: «ഞാൻ നിങ്ങൾക്ക് സമാധാനം തന്നിട്ടു പോകുന്നു, എൻറെ സമാധാനം ഞാൻ നിങ്ങൾക്ക് നൽകുന്നു. "ലോകം നല്കുന്നതുപോലെയല്ല ഞാൻ തരുന്നത്" (യോഹന്നാൻ 14:27). ക്രിസ്തുവിൻറെ സമാധാനം സംഘർഷത്തിനു ശേഷമുള്ള ശ്മശാന മൂകതയയല്ല, അത് അടിച്ചമർത്തലിൻറെ ഫലമല്ല, മറിച്ച് അത് ആളുകളെ നോക്കുകയും അവരുടെ ജീവിതത്തെ വീണ്ടും സജീവമാക്കുകയും ചെയ്യുന്ന ഒരു ദാനമാണ്. ഈ സമാധാനത്തിനായി നമുക്ക് പ്രാർത്ഥിക്കാം, അത് അനുരഞ്ജനവും, ക്ഷമയും, താളു മറിക്കാനും വീണ്ടും ആരംഭിക്കാനുമുള്ള ധൈര്യവുമാണ്.

സമാധാനദൗത്യത്തിന് പ്രതിജ്ഞാബദ്ധനായി പാപ്പാ

ഈ സമാധാനത്തിൻറെ വ്യാപനത്തിനായി ഞാൻ സർവ്വാത്മനാ പരിശ്രമിക്കും. ശത്രുക്കൾ കൂടിക്കാഴ്ച നടത്തുകയും പരസ്പരം കണ്ണിൽ നോക്കുകയും അങ്ങനെ, ജനതകൾക്ക് പ്രത്യാശയും അവർ അർഹിക്കുന്ന അന്തസ്സും, സമാധാനാന്തസ്സും വീണ്ടും ലഭിക്കുകയും ചെയ്യുന്നതിനു വേണ്ടി പ്രവർത്തിക്കാൻ പരിശുദ്ധസിംഹാസനം സന്നദ്ധമാണ്. ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നു, ഞാൻ ഹൃദയംഗമമായി ജനതകളുടെ നേതാക്കളോട് പറയുന്നു: നമുക്ക് കൂടിക്കാഴ്ച നടത്താം, സംഭാഷണത്തിൽ ഏർപ്പെടാം, ചർച്ചകൾ നടത്താം! യുദ്ധം ഒരിക്കലും അനിവാര്യമല്ല, ആയുധങ്ങൾക്ക് നിശബ്ദമാകാനാകും, നിശബ്ദമാകണം, കാരണം ആയുധങ്ങൾ പ്രശ്നങ്ങൾ പരിഹരിക്കുന്നില്ല, മറിച്ച് വർദ്ധമാനമാക്കുന്നു; എന്തെന്നാൽ, ഇരകളെ കൊയ്യുന്നവനല്ല, സമാധാനം വിതയ്ക്കുന്നവനാണ് ചരിത്രത്തിൽ ഇടം നേടുന്നത്; കാരണം അപരർ സർവ്വോപരി ശത്രുക്കളല്ല, മറിച്ച് മനുഷ്യവ്യക്തികളാണ്: വെറുക്കപ്പെടേണ്ട ചീത്തയാളുകളല്ല, മറിച്ച് സംസാരിക്കേണ്ട ആളുകളാണ്. ലോകത്തെ നല്ലതും ചീത്തയുമായി വിഭജിക്കുന്ന, അക്രമാസക്തമായ ആഖ്യാനങ്ങളുടെ കേവലം മനിക്കേയൻ ദർശനങ്ങളെ നമുക്ക് നിരാകരിക്കാം.

ആയുധങ്ങൾ നിശബ്ദമാക്കപ്പെടണം

ആയുധങ്ങൾ നിശബ്ദമാകട്ടെ എന്ന് ആവർത്തിക്കുന്നതിൽ സഭ ഒരിക്കലും മടുക്കില്ല. നിശബ്ദതയിലും, പ്രാർത്ഥനയിലും, വഴിപാടിലും, സമാധാനത്തിൻറെ ഇഴകൾ കോർക്കുന്നവരെപ്രതി ദൈവത്തിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു; പൗരസ്ത്യരും ലത്തീൻകാരുമായ ക്രിസ്ത്യാനികൾ, പ്രത്യേകിച്ച് മദ്ധ്യപൂർവ്വദേശത്ത്, അവിടം വിട്ടുപോകാനുള്ള പ്രലോഭനത്തെ ജയിച്ച് സ്വദേശത്ത്, പിടിച്ചു നില്ക്കുന്നു. ക്രിസ്ത്യാനികൾക്ക് വാക്കുകളിൽ മാത്രമല്ല, സുരക്ഷിതമായ നിലനിൽപ്പിന് ആവശ്യമായ എല്ലാ അവകാശങ്ങളോടും കൂടി അവരുടെ ദേശങ്ങളിൽ തുടരാനുള്ള അവസരം നൽകപ്പെടണം. ഇതിനായി യത്നിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു!

കൃജ്ഞതയും പ്രാർത്ഥനാഭ്യർത്ഥനയും

നീതിസൂര്യനായ യേശു "ലോകത്തിൻറെ ദീപങ്ങളായിരിക്കുന്നതിന്" ഉദിച്ച കിഴക്കിൻറെ പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങൾക്ക് നന്ദി (മത്തായി 5:14). മറ്റൊന്നിനും വേണ്ടിയല്ല, മറിച്ച്, വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയ്ക്കായി പ്രകാശിക്കുന്നത് തുടരുക. നിങ്ങളുടെ സഭകൾ ഒരു മാതൃകയാകട്ടെ, ഇടയന്മാർ കൂട്ടായ്മയെ നേരാംവണ്ണം പ്രോത്സാഹിപ്പിക്കട്ടെ, പ്രത്യേകിച്ച് മെത്രാന്മാരുടെ സിനഡുകളിൽ. കാരണം, അങ്ങനെ അവ കൂട്ടായ പ്രവർത്തനത്തിൻറെയും യഥാർത്ഥ സഹ-ഉത്തരവാദിത്വത്തിൻറെയും വേദികളാകട്ടെ. ആസ്തികൾ കൈകാര്യം ചെയ്യുന്നതിൽ സുതാര്യത ഉണ്ടാകട്ടെ, ബഹുമതികളോടും, ലൗകികാധികാരങ്ങളോടും, സ്വന്തം പ്രതിച്ഛായയോടും ആസക്തിയില്ലാതെ ദൈവത്തിൻറെ വിശുദ്ധ ജനത്തോടുള്ള എളിമയുടെയും സമ്പൂർണ്ണ സമർപ്പണത്തിൻറെയും സാക്ഷ്യം നല്കുക. നവ ദൈവശാസ്ത്രജ്ഞൻ വിശുദ്ധ ശിമയോൻ (Saint Symeon the New Theologian) മനോഹരമായ ഒരു ഉദാഹരണം നല്കുന്നു: "എരിയുന്ന ചൂളയുടെ ജ്വാലയിൽ പൊടി എറിയുന്ന ഒരാൾ അത് കെടുത്തിക്കളയുന്നതുപോലെ, ഈ ജീവിതത്തിലെ ആകുലതകളും നിസ്സാരവും വിലകെട്ടതുമായ കാര്യങ്ങളോടുള്ള എല്ലാത്തരം ആസക്തിയും ആദ്യം ജ്വലിച്ച ഹൃദയത്തിൻറെ ഊഷ്മളതയെ ഇല്ലാതാക്കുന്നു" (പ്രായോഗികവും ദൈവശാസ്ത്രപരവുമായ ഖണ്ഡങ്ങൾ, Capitoli pratici e teologici,  63). സുവിശേഷ അനുസരണത്തിലും സാക്ഷ്യത്തിലും വിശ്വസ്തത പുലർത്തുന്നതിന്, ക്രിസ്തീയ പൗരസ്ത്യത്തിൻറെ മഹത്വം ഇന്ന് എക്കാലത്തേക്കാളുമുപരി, എല്ലാ ലൗകിക ആശ്രിതത്വത്തിൽ നിന്നും കൂട്ടായ്മയ്ക്ക് വിരുദ്ധമായ എല്ലാ പ്രവണതകളിൽ നിന്നുമുള്ള വിമുക്തി ആവശ്യപ്പെടുന്നു. ഇതിന് ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു, ഞാൻ ഹൃദയപൂർവ്വം നിങ്ങളെ അനുഗ്രഹിക്കുന്നു, സഭയ്ക്കുവേണ്ടി പ്രാർത്ഥിക്കാനും എൻറെ ശുശ്രൂഷയ്ക്കായി നിങ്ങളുടെ ശക്തമായ മദ്ധ്യസ്ഥ പ്രാർത്ഥനകൾ ഉയർത്താനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നന്ദി!

What's Your Reaction?

like

dislike

love

funny

angry

sad

wow