സമാധാനം വിതയ്ക്കുന്നവർ ചരിത്രത്താളുകളിൽ ഇടം പിടിക്കും: ലിയോ പതിനാലാമൻ പാപ്പാ

പീഡനങ്ങളിലൂടെയും സഹനങ്ങളിലൂടെയും കടന്നുപോകുന്ന ജനതകളെ ചേർത്തുപിടിച്ചും സമാധാനത്തിന് ആഹ്വാനം ചെയ്തും ലിയോ പതിനാലാമൻ പാപ്പാ.

May 15, 2025 - 17:05
 0  26
സമാധാനം വിതയ്ക്കുന്നവർ ചരിത്രത്താളുകളിൽ ഇടം പിടിക്കും: ലിയോ പതിനാലാമൻ പാപ്പാ

ഇരകളെ സൃഷ്ടിക്കുകയും അക്രമം വിതയ്ക്കുകയും ചെയ്യുന്നവരല്ല, സമാധാനം വിതയ്ക്കുന്നവരാണ് ചരിത്രത്താളുകളിൽ ഇടം പിടിക്കുകയെന്ന് ലിയോ പതിനാലാമൻ പാപ്പാ. ജൂബിലിയുടെ കൂടി പശ്ചാത്തലത്തിൽ, പൗരസ്ത്യകത്തോലിക്കാ സഭാംഗങ്ങൾക്ക് മെയ് 14 ബുധനാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിക്കവെ ലോകത്ത് സമാധാനം സ്ഥാപിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ച് പാപ്പാ ഓർമ്മിപ്പിച്ചു.

രക്തസാക്ഷിത്വത്തിന്റേതായ അനുഭവത്തിലൂടെയാണ് പല പൗരസ്ത്യസഭകളും കടന്നുപോകുന്നതെന്ന്, ഫ്രാൻസിസ് പാപ്പായുടെ പ്രഭാഷണങ്ങളെ അധികരിച്ചും, വിശുദ്ധ നാട്, ഉക്രൈൻ, ലെബനോൻ, സിറിയ, മദ്ധ്യപൂർവ്വദേശങ്ങൾ, തിഗ്രേ, കൗക്കസോ തുടങ്ങിയ ഇടങ്ങളെ പരാമർശിച്ചു കൊണ്ടും പാപ്പാ പ്രസ്താവിച്ചു.

മിലിട്ടറിയുടെ വിജയമെന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്ന പല സംഭവങ്ങളിലും കൊല്ലപ്പെടുന്നത് മനുഷ്യരാണെന് നമുക്ക് മറക്കാതിരിക്കാമെന്ന് പറഞ്ഞ പാപ്പാ, തന്റെയല്ല, "നിങ്ങൾക്ക് സമാധാനമെന്ന് ആശംസിക്കുന്ന" ക്രിസ്തുവിന്റെ പേരിൽ സമാധാനഹ്വാനം നടത്തുവെന്ന് പ്രസ്താവിച്ചു. ക്രിസ്തു ആശംസിക്കുന്ന സമാധാനമെന്നത് യുദ്ധത്തിന് ശേഷമുള്ള നിശ്ശബ്ദതയല്ലെന്നും, വ്യക്തികളിലേക്ക് നോക്കുകയും അവരെ സജീവരാക്കുകയും ചെയ്യുന്ന കൃപയാണതെന്നും പാപ്പാ ഓർമ്മപ്പിച്ചു.

അനുരഞ്ജനവും, ക്ഷമയും, ഇന്നലെകളുടെ താളുകൾ മറിച്ച് പുതുതായി തുടങ്ങാനുള്ള ധൈര്യവും നൽകുന്ന യഥാർത്ഥ സമാധാനത്തിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്ന് ആഹ്വാനം ചെയ്ത പാപ്പാ, താൻ ഇതിനായി ശ്രമിക്കുമെന്ന് വാഗ്ദാനം ചെയ്തു. ജനതകൾക്ക് പ്രത്യാശയും അവരുടെ അന്തസ്സും തിരികെ നൽകുന്നതിനായി വിവിധ ശത്രുരാജ്യങ്ങൾക്കിടയിൽ മാദ്ധ്യസ്ഥ്യം വഹിക്കുന്നതിന് പരിശുദ്ധസിംഹാസനത്തിന്റെ സന്നദ്ധതയും പാപ്പാ അറിയിച്ചു.

യുദ്ധം ഒരിക്കലും ഒഴിവാക്കാനാകാത്തതാണെന്ന ചിന്തയ്‌ക്കെതിരെ സംസാരിച്ച പാപ്പാ, പരസ്പരം കൂടിക്കാഴ്ചകളും സംവാദങ്ങളും ചർച്ചകളും നടത്താൻ ജനതകളുടെമേൽ ഉത്തരവാദിത്വമുള്ള നേതാക്കളോട് ആവശ്യപ്പെട്ടു. ആയുധങ്ങൾ നിശബ്ദമാകണമെന്നും, അവയൊരിക്കലും പ്രശ്നപരിഹാരത്തിനല്ല, പ്രശ്നങ്ങൾ വർദ്ധിക്കാൻ മാത്രമേ കാരണമാകൂ എന്നും പാപ്പാ ഓർമ്മിപ്പിച്ചു. ലോകത്തെ നല്ലവരും ചീത്തയാളുകളുമെന്ന രീതിയിൽ വിഭജിക്കുന്ന പ്രവണതയ്‌ക്കെതിരെയും പാപ്പാ സംസാരിച്ചു.

സമാധാനത്തിനായി പ്രാർത്ഥിക്കുന്ന എല്ലാവർക്കും, പ്രത്യേകിച്ച് മദ്ധ്യപൂർവ്വദേശങ്ങളിലുള്ള ക്രൈസ്തവർക്ക് പാപ്പാ നന്ദി പറഞ്ഞു. ക്രൈസ്തവർക്ക് തങ്ങളുടെ സ്വന്തം നാട്ടിൽ സുരക്ഷിതമായി താമസിക്കുന്നതിനുള്ള എല്ലാ അവകാശങ്ങളും ലഭിക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow