പാപ്പായുടെ സ്ഥാനാരോഹണം, പാപ്പാ പാലീയവും "മുക്കുവൻറെ മോതിരവും" സ്വീകരിക്കും

ലിയൊ പതിനാലാമൻ പാപ്പാ മെയ് 18-ന്, ഞായറാഴ്ച, പത്രോസിനടുത്ത ശുശ്രൂഷ ഔപചാരികമായി ആരംഭിക്കുന്നു.

May 18, 2025 - 21:58
 0  24
പാപ്പായുടെ സ്ഥാനാരോഹണം, പാപ്പാ പാലീയവും "മുക്കുവൻറെ മോതിരവും" സ്വീകരിക്കും

മെയ് 8-ന് പത്രോസിൻറെ 266-ാമത്തെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെടുകയും ലിയൊ പതിനാലാമൻ എന്ന നാമം സ്വീകരിക്കുകയും ചെയ്ത പുതിയ പാപ്പാ മെയ് 18-ന് ഞായറാഴ്ച സ്ഥാനാരോഹണ ദിവ്യബലി അർപ്പിക്കും.

വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ രാവിലെ പ്രാദേശികസമയം 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന് ആയിരിക്കും കത്തോലിക്കാ സഭയിലെ 267-ാമത്തെ പാപ്പായായ ലിയൊ പതിനാലാമൻറെ സ്ഥാനാരോഹോണ ദിവ്യബലി ആരംഭിക്കുക.

പാപ്പാ പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാർക്കൊപ്പം വിശുദ്ധ പത്രോസിൻറെ കബറിടത്തിങ്കൽ അല്പസമയം പ്രാർത്ഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്തതിനു ശേഷമായിരിക്കും പ്രദക്ഷിണമായി ബലിവേദിയിലെത്തുക. വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അകത്ത് ഈ കബറിടത്തിലുള്ള ഈ ചടങ്ങ് റോമിൻറെ മെത്രാനായ പാപ്പായ്ക്ക് അപ്പോസ്തലൻ പത്രോസുമായും അദ്ദേഹത്തിൻറെ രക്തസാക്ഷിത്വവുമായുള്ള അഭേദ്യബന്ധത്തെ സൂചിപ്പിക്കുന്നതാണ്.

കാണാതെ പോയ ആടിനെ കണ്ടെത്തി തോളിലേറ്റുന്ന നല്ല ഇടയനെ ദ്യോതിപ്പിക്കുന്നതും ആട്ടിൻ രോമത്താൽ നിർമ്മിതവും, കഴുത്തു ചുറ്റി ഇരുതോളുകളിലൂടെയും നെഞ്ചിൻറെ മദ്ധ്യഭാഗത്തു കൂടെ മുന്നോട്ടു നീണ്ടു കിടക്കുന്നതും കുരിശടയാളങ്ങളുള്ളതുമായ പാലീയവും സഹോദരങ്ങളെ വിശ്വാസത്തിൽ സ്ഥിരീകരിക്കുകയെന്ന, പത്രോസിനു ഭരമേല്പിക്കപ്പെട്ട ദൗത്യത്തെ, പ്രമാണീകരിക്കുന്ന മുദ്രമോതിരത്തിൻറെ മൂല്യമുള്ള, “വലിയ മുക്കുവൻറെ മോതിരവും” പാപ്പാ ഈ ദിവ്യബലിമദ്ധ്യേ സ്വീകരിക്കും. ലത്തീൻ-ഗ്രീക്ക് ഭാഷകളിൽ സുവിശേഷപാരായണത്തിനു ശേഷമായിരിക്കും പാപ്പാ തൻറെ ദൗത്യത്തെ ദ്യോതിപ്പിക്കുന്ന പ്രതീകാത്മക ചിഹ്നങ്ങളായ പാലീയവും മോതിരവും സ്വീകരിക്കുക.

ഭിന്ന ഭൂഖണ്ഡങ്ങളിൽ നിന്നുള്ള, മെത്രാൻ, വൈദികൻ, ഡീക്കൻ എന്നീ വ്യത്യസ്ത പദവികളിലുള്ള, മൂന്നു കർദ്ദിനാളാന്മാർ ആയിരിക്കും ഈ ചടങ്ങ് നിർവ്വഹിക്കുക. പാപ്പായെ പാലീയം അണിയിക്കുക ഡീക്കൻ കർദ്ദിനാളായിരിക്കും. തുടർന്ന് തിരഞ്ഞെടുക്കപ്പെട്ടവൻറ മേൽ കർത്താവിൻറെ സാന്നിധ്യവും സഹായവും ഉണ്ടായിരിക്കുന്നതിനായി വൈദിക കർദ്ദിനാൾ പ്രത്യേക പ്രാർത്ഥന ചൊല്ലുകയും ദൈവത്തിൻറെ അനുഗ്രഹം പ്രാർത്ഥിക്കുകയും ചെയ്യും. അതിനുശേഷമായിരിക്കും പാപ്പാ മോതിരം സ്വീകരിക്കുക. മെത്രാൻ കർദ്ദിനാളായിരിക്കും പാപ്പായ്ക്ക് ഇതു നല്കുക. പാലീയവും മോതിരവും സ്വീകരിച്ചതിനു ശേഷം പാപ്പാ സുവിശേഷമേന്തി ദൈവജനത്തെ ആശീർവ്വദിക്കും തദ്ദനന്തരം ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  12 പേർ, ദൈവജനത്തെ മുഴുവൻ പ്രതിനിധാനം ചെയ്തുകൊണ്ട്,  പാപ്പായോടുള്ള വിധേയത്വം പ്രതീകാത്മകമായി പ്രഖ്യാപിക്കും. അതിനു ശേഷം പാപ്പാ സുവിശേഷ സന്ദേശം നല്കുകയും ദിവ്യബലി തുടരുകയും ചെയ്യും.

പാപ്പാ തൻറെ ശുശ്രൂഷ ഔദ്യോഗികമായി ആരംഭിക്കുന്ന ദിവ്യകാരുണ്യ ആഘോഷം, കത്തോലിക്കാ സഭയുടെ ഇടയൻറെ "പത്രോസിനടുത്ത ശുശ്രൂഷയുടെ" മാനം അടിവരയിട്ടു കാട്ടുന്നതാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow