ഭരണമെന്നാൽ മാനവസമൂഹങ്ങളെ നീതിസമാധാനോന്മുഖമാക്കുകയാണ്, കർദ്ദിനാൾ പരോളിൻ
“ചെന്തേസിമൂസ് ആന്നൂസ്” ഫൗണ്ടേഷൻറെ ഒരു സമ്മേളനം മെയ് 15-17 വരെ റോമിൽ നടന്നു.

ഭരണമെന്നാൽ ഔദ്യോഗികാധിപത്യസംവിധാനം എന്നതിലുപരി മാനവസമൂഹങ്ങളെ നീതിയിലേക്കും സമാധാനത്തിലേക്കും അഭിവൃദ്ധിയിലേക്കും നയിക്കുകയാണെന്ന് വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ.
വിശുദ്ധ രണ്ടാം ജോൺപോൾ മാർപ്പാപ്പാ 1991 മെയ് 1-ന് പുറപ്പെടുവിച്ച “ചെന്തേസിമൂസ് ആന്നൂസ്” എന്ന ചാക്രിലേഖനത്തിൻറെ പേരു സ്വീകരിച്ചുകൊണ്ട് സഭയുടെ സഭാപ്രബോധനങ്ങൾ ആഴത്തിൽ പഠിക്കുകയും വ്യാപിക്കുകയും ചെയ്യുന്നതിന് സഹകരിക്കുകയും സഭാപ്രവർത്തനങ്ങൾക്ക് സഹായമേകുകയും ചെയ്യുന്ന “ചെന്തേസിമൂസ് ആന്നൂസ്” ഫൗണ്ടേഷൻറെ മെയ് 15-17 വരെ റോമിൽ നടന്ന സമ്മേളനത്തെ വെള്ളിയാഴ്ച (16/05/25) സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
"കത്തോലിക്കാ സാമൂഹ്യ പ്രബോധനം: ധ്രുവീകരണങ്ങളെ മറികടന്ന് ആഗോള ഭരണം ശക്തിപ്പെടുത്തുക" എന്ന ആശയമായിരുന്നു കർദ്ദിനാൾ പരോളിൻ അവതരിപ്പിച്ചത്. ഇന്ന്, ആഗോള ഭരണം നിയമസാധുതയുടെതായ ഒരു പ്രതിസന്ധി അഭിമുഖീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ, സാംസ്കാരിക, പ്രത്യയശാസ്ത്ര പരങ്ങളായ വിഭജനത്താൽ മുദ്രിതമായ ഒരു യുഗത്തിൽ നാം ഒരു വഴിത്തിരിവിലാണെന്ന് പ്രസ്താവിച്ച കർദ്ദിനാൾ പരോളിൻ കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക അസമത്വം, കുടിയേറ്റം തുടങ്ങിയ ആഗോള വെല്ലുവിളികളും നിർമ്മിത ബുദ്ധി പോലുള്ള സാങ്കേതികവിദ്യകളുടെ വികസനവും സഹകരണം ആവശ്യപ്പെടുന്നുണ്ടെങ്കിലും അവിശ്വാസവും വിഘടനവുമാണ് പലപ്പോഴും പ്രബലപ്പെടുന്നതെന്ന ആശങ്ക പ്രകടിപ്പിച്ചു.
സുവിശേഷത്തിലും നൂറ്റാണ്ടുകളുടെ പരിചിന്തനത്തിലും വേരൂന്നിയ കത്തോലിക്കാ സാമൂഹിക ചിന്ത, സത്യത്തെയും നീതിയെയും ബലികഴിക്കാതെ ഐക്യവും ഫലപ്രദമായ ഭരണവും ഊട്ടിവളർത്തിക്കൊണ്ട, ഈ വെല്ലുവിളികളെ മറികടക്കാൻ ഒരു കാലാതീതമായ ചട്ടക്കൂട് പ്രദാനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു.
What's Your Reaction?






