സുപ്രധാന നിയമനങ്ങൾ നടത്തി ലിയോ പതിനാലാമൻ പാപ്പാ

റോമിലെ ജോൺ പോൾ രണ്ടാമൻ ദൈവശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചാൻസിലറായി കർദിനാൾ ബാൽദസാരെ റെയ്നയെയും

May 20, 2025 - 13:34
 0  27
സുപ്രധാന നിയമനങ്ങൾ നടത്തി ലിയോ പതിനാലാമൻ പാപ്പാ

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ പേരിൽ സ്ഥാപിതമായ, കുടുംബം, വിവാഹം എന്നിവയെ സംബന്ധിക്കുന്ന കത്തോലിക്കാ സഭയുടെ പഠനങ്ങളെ  പ്രോത്സാഹിപ്പിക്കുന്ന, ജോൺ പോൾ രണ്ടാമൻ പൊന്തിഫിക്കൽ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗ്രാൻഡ് ചാൻസലറായി, റോമൻ രൂപതയുടെ പാപ്പായുടെ വികാരി ജനറാളും, പൊന്തിഫിക്കൽ ലാറ്ററൻ സർവ്വകലാശാലയുടെ ചാൻസലറുമായ കർദിനാൾ  ബാൽദസാരെ റെയ്നയെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് മെയ് മാസം പത്തൊൻപതാം തീയതിയാണ് പരിശുദ്ധ സിംഹാസനം അറിയിച്ചത്.

അതേസമയം, 2025 ജൂൺ 27 ന് ഫ്രാൻസിലെ പാരായ് - ലെ മോണിയൽ തീർത്ഥാടനകേന്ദ്രത്തിൽ വച്ച് നടക്കുന്ന, വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയ ദർശനം ലഭിച്ചതിന്റെ 350-ാം വാർഷികത്തിന്റെ സമാപന ആഘോഷങ്ങളിൽ തന്റെ പ്രത്യേക പ്രതിനിധിയായി അജാക്സിയോ രൂപതയുടെ മെത്രാൻ, ഫ്രാങ്ക്സ്‌വെ സവിയെ ബുസ്‌തില്ലിയോയെയും, പരിശുദ്ധ പിതാവ് മെയ് മാസം പത്തൊൻപതാം തീയതി നിയമിച്ചു.

വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയ ദർശനം ലഭിച്ചതിന്റെ 350-ാം വാർഷികത്തോടനുബന്ധിച്ചാണ്, ഫ്രാൻസിസ് പാപ്പാ ഡിലെക്സിത്ത് നോസ് എന്ന തന്റെ അവസാന ചാക്രിക ലേഖനം രചിച്ചത്. 1673 ഡിസംബർ 27 നും 1675 ജൂൺ 18 നും ഇടയിൽ ഫ്രഞ്ച് സന്യാസിനിയായിരുന്ന മാർഗരറ്റ് മേരി അലക്കോക്കിനു ലഭിച്ച  ദർശനങ്ങളാണ്  തിരുഹൃദയ ഭക്തി ലോകം മുഴുവൻ വ്യാപാരിക്കുന്നതിനു കാരണമായത്.

ഈ തിരുഹൃദയഭക്തി ലോകത്തിന്റെ എല്ലാ കോണുകളിലേക്കും പ്രചരിപ്പിക്കണമെന്നത് അലക്കോക്കിനു ദൈവം നൽകിയ നിർദേശമായിരുന്നു. 2023 ലാണ് ആദ്യ ദർശനത്തിന്റെ മുന്നൂറ്റിയൻപതാമത് വാർഷികം ആഘോഷിക്കപ്പെട്ടത്. ഇതേതുടർന്ന് ഈ ഭക്തിയുടെ പ്രചാരം ലോകത്തിലെങ്ങും കൂടുതൽ തീക്ഷ്ണതയോടുകൂടി മുൻപോട്ടു കൊണ്ടുപോകുവാൻ തക്കവണ്ണം ഒരു രേഖ പ്രസിദ്ധീകരിക്കുവാൻ ഫ്രാൻസിസ് പാപ്പാ ആലോചിക്കുകയും, മുൻകാലത്തിലെ പഠനരേഖകളുടെയും, തിരുവചനഭാഗങ്ങളുടെയും, ചിത്രങ്ങളുടെയും അടിസ്ഥാനത്തിൽ താൻ പുതിയ ഒരു രേഖ തയ്യാറാക്കുന്നുവെന്ന സന്തോഷകരമായ വാർത്ത 2024 ജൂൺ മാസം ഇതുസംബന്ധിച്ച വിവരങ്ങൾ പൊതുസമൂഹത്തെ അറിയിക്കുകയും ചെയ്തു. 

ഹൃദയം നഷ്ടപ്പെട്ട ഒരു ലോകത്ത് അർത്ഥവത്തായ സന്ദേശം നൽകുവാൻ തിരുഹൃദയ ഭക്തി സഹായകരമാകുമെന്നു എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ ഈ ചാക്രികലേഖനത്തിനു രൂപം നൽകുന്നത്. 2024 ഒക്ടോബർ  മാസം ഇരുപതിനാലാം തീയതിയാണ് ഫ്രാൻസിസ് പാപ്പായുടെ ഈ നാലാമത്തെ ചാക്രികലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow