സുവിശേഷവത്കരണപ്രവർത്തനങ്ങൾക്ക് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ സേവനം പ്രധാനപ്പെട്ടത്: ലിയോ പതിനാലാമൻ പാപ്പാ

പെറുവിലെ തന്റെ വ്യക്തിപരമായ അനുഭവത്തിന്റെ കൂടി വെളിച്ചത്തിൽ, പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ സേവനം സുവിശേഷവത്കരണപ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തി ലിയോ പതിനാലാമൻ പാപ്പാ.

May 23, 2025 - 14:21
 0  25
സുവിശേഷവത്കരണപ്രവർത്തനങ്ങൾക്ക് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ സേവനം പ്രധാനപ്പെട്ടത്: ലിയോ പതിനാലാമൻ പാപ്പാ

കത്തോലിക്കാസഭയുടെ സുവിശേഷവത്കരണപ്രവർത്തനങ്ങൾക്ക് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികൾ നൽകുന്ന സേവനം ഏറെ പ്രധാനപ്പെട്ടതാണെന്ന് സാക്ഷ്യപ്പെടുത്തി ലിയോ പതിനാലാമൻ പാപ്പാ. പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ ദേശീയ അദ്ധ്യക്ഷന്മാർക്ക് മെയ് 22 വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച അവസരത്തിലാണ്, ദീർഘകാലം പെറുവിൽ മിഷനറിയായി സേവനമനുഷ്ഠിച്ചപ്പോഴുള്ള വ്യകതിപരമായ അനുഭവത്തിന്റെ കൂടി വെളിച്ചത്തിൽ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ സേവനത്തെ പാപ്പാ പ്രശംസിച്ചത്.

യുദ്ധങ്ങളാലും അക്രമങ്ങളാലും അനീതിയാലും മുറിവേറ്റ ഇന്നത്തെ ലോകത്തിന്, ദൈവസ്നേഹത്തെകുറിച്ചുള്ള സുവിശേഷസന്ദേശം ലഭ്യമാകേണ്ടതിന്റെ ആവശ്യമുണ്ടെന്ന് പറഞ്ഞ പാപ്പാ, അപ്പസ്തോലിക തീക്ഷ്ണത പകരുകയെന്നത്, സഭയുടെ നവീകരണത്തിന് പ്രധാനപ്പെട്ടതാണെന്ന് രണ്ടാം വത്തിക്കാൻ സൂനഹദോസ് ഓർമ്മിപ്പിക്കുന്നുണ്ടെന്ന് എടുത്തുപറഞ്ഞു. നമ്മുടെ ലോകം അനുരഞ്ജനത്തിലേക്ക് നയിക്കുന്ന ക്രിസ്തുവിന്റെ കൃപ അനുഭവിക്കേണ്ടതുണ്ടെന്നും അതുകൊണ്ടുതന്നെ, സഭയും, അതിലെ എല്ലാ അംഗങ്ങളും മിഷനറിസ്വഭാവത്തോടെ ലോകത്തിന് മുന്നിൽ വചനം പങ്കുവയ്ക്കുകയും മാനവികതയ്ക്ക് ഐക്യത്തിന്റെ പുളിമാവാകുകയും ചെയ്യേണ്ടതുണ്ടെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന സഭ, വിശ്വാസത്തോടും ധൈര്യത്തോടും സന്തോഷത്തോടും കൂടെ സുവിശേഷത്തിന്റെ രക്ഷകരാസത്യത്തിലുള്ള വിശ്വാസത്തിലൂടെ ജനിക്കുന്ന രക്ഷയും, യേശുവിന്റെ നാമവും പ്രഘോഷിച്ചുകൊണ്ട് തന്റെ പ്രയാണം തുടരേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. രൂപതകളും ഇടവകകളുമുൾപ്പെടെ എല്ലാ സഭാഘടകങ്ങളും സന്ദർശിക്കേണ്ടതിന്റെയും അതുവഴി മിഷനുകൾക്കും, പുതുതായി ആരംഭിച്ച സഭകൾക്കും സഹായവും താങ്ങുമാകേണ്ടതിന്റെയും പ്രാധാന്യവും ആവശ്യകതയും പാപ്പാ എടുത്തുപറഞ്ഞു.

ഐക്യവും ആഗോളപരതയും മുന്നിൽ നിറുത്തി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം പാപ്പാ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ ദേശീയ അദ്ധ്യക്ഷന്മാരെ പ്രത്യേകം ഓർമ്മിപ്പിച്ചു. മെത്രാനടുത്ത ശുശ്രൂഷയ്ക്കായി, ക്രിസ്തുവായ രക്ഷകനിൽ നാമെല്ലാവരും ഒന്നാണെന്ന വാക്യം (In Illo uno unum) താൻ തിരഞ്ഞെടുത്തത് പാപ്പാ പ്രത്യേകം പരാമർശിച്ചു.

ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളെന്ന നിലയിൽ ഐക്യത്തെക്കുറിച്ചുള്ള തിരിച്ചറിവ്, സഭയുടെ മിഷനറി, സുവിശേഷവത്കരണ മാനങ്ങളുടെ ആഗോളപരതയെക്കുറിച്ച് നമ്മെ ബോദ്ധ്യവാന്മാരാക്കേണ്ടതുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അതുകൊണ്ടുതന്നെ, നമ്മുടെ, ഇടവക, രൂപത, രാജ്യം തുടങ്ങി പരിധികൾ മറികടക്കാനും, എല്ലായിടങ്ങളിലും ക്രിസ്തുവിനെക്കുറിച്ചുള്ള അറിവ് പകരാനും നമുക്ക് സാധിക്കേണ്ടതുണ്ടെന്ന് പാപ്പാ വിശദീകരിച്ചു.

താരതമ്യേന പുതുതായി രൂപം കൊണ്ട പ്രാദേശിക കത്തോലിക്കാസഭാഘടകങ്ങളിൽ, ജ്ഞാനസ്നാനം സ്വീകരിച്ച ഏവരുടെയും മിഷനറി ഉത്തരവാദിത്വത്തെ ഉണർത്തുന്നതിൽ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികൾ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് പാപ്പാ പറഞ്ഞു. അജപാലനരംഗത്തും, മതാധ്യാപനരംഗത്തും, പുതിയ ദേവാലയങ്ങൾ പണിയുന്നതിനും, ആരോഗ്യപരിപാലനരംഗത്തും, വിദ്യാഭ്യാസരംഗത്തും വിശ്വാസപ്രചാരണത്തിനായുള്ള വിഭാഗം (Pontifical Society of the Propagation of the Faith) ചെയ്യുന്നത് ശ്രദ്ധേയമായ സേവനമാണെന്ന് പാപ്പാ വിശദീകരിച്ചു.

യുവജനങ്ങളും കൗമാരക്കാരുമായി ബന്ധപ്പെട്ട (Pontifical Society of the Holy Childhood) പൊന്തിഫിക്കൽ മിഷൻ സൊസൈറ്റി, കുട്ടികളുടെ ക്രൈസ്തവപരിശീലനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും, അവരുടെ പ്രാഥമിക ആവശ്യങ്ങൾക്കും സംരക്ഷണത്തിനുമായി ചെയ്യുന്ന സേവനങ്ങളെയും പാപ്പാ തന്റെ പ്രഭാഷണത്തിൽ പ്രത്യേകം പരാമർശിച്ചു.

പൗരോഹിത്യത്തിലേക്കും, സന്ന്യസ്ത്യജീവിതത്തിലേക്കുമുള്ള മിഷനറി വിളികളെ വളർത്തിയെടുക്കുന്നതിന് സഹായിക്കുന്നതിൽ അപ്പസ്തോലനായ വിശുദ്ധ പത്രോസിന്റെ പേരിലുള്ള (Pontifical Society of St. Peter the Apostle) പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയും, ഇത്തരം വൈദികരുടെയും സന്ന്യസ്തരുടെയും, ദൈവജനത്തിന്റെയും ക്രൈസ്തവപരിശീലനത്തെ സഹായിക്കുന്നതിൽ പൊന്തിഫിക്കൽ മിഷനറി സംഘവും (PONTIFICAL MISSIONARY UNION) ശ്രദ്ധേയമായ പങ്കുവഹിക്കുന്നുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow