സമർപ്പിതജീവിതക്കാർക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ സെക്രട്ടറിയായി സി. തിസ്സ്യാന മെർലെത്തി
വത്തിക്കാൻ കൂരിയയിൽ ലിയോ പാപ്പാ നടത്തിയ ആദ്യനിയമനം സി. തിസ്സ്യാന മെർലെത്തിയുടേത്.

ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാൻ കൂരിയയിൽ നടത്തിയ ആദ്യ നിയമനം ഒരു സന്ന്യസ്തയുടേത്. പാവപ്പെട്ടവരുടെ ഫ്രാൻസിസ്കൻ സഹോദരിമാർ എന്ന കോൺഗ്രിഗേഷന്റെ മുൻ സുപ്പീരിയർ ജനറലായിരുന്ന സി. തിസ്സ്യാന മെർലെത്തിയെ, മെയ് 22 വ്യാഴാഴ്ച ലിയോ പാപ്പാ സമർപ്പിതജീവിതക്കാർക്കായുള്ള ഡികാസ്റ്ററിയിൽ സെക്രെട്ടറിയായി നിയമിച്ചു.
വത്തിക്കാനിൽ ഒരു ഡികാസ്റ്ററിയുടെ പ്രഥമ വനിതാ അദ്ധ്യക്ഷയായി നിയമിക്കപ്പെട്ട സി. സിമോണ ബ്രംബില്ലയുടെ കീഴിലായിരിക്കും സി. മെർലെത്തി സേവനമനുഷ്ഠിക്കുക. ഫ്രാൻസിസ് പാപ്പായുടെ തീരുമാനപ്രകാരം 2025 ജനുവരിയിൽ സമർപ്പിതജീവിതക്കാർക്കായുള്ള ഡികാസ്റ്ററിയുടെ പ്രീഫെക്റ്റായി നിയമിക്കപ്പെടുന്നതുവരെ സി. ബ്രംബില്ല നിർവഹിച്ചിരുന്ന ചുമതലയിലേക്കാണ് ലിയോ പാപ്പാ സി. മെർലെത്തിയെ നിയമിച്ചത്.
1950 സെപ്റ്റംബർ 30-ന് ഇറ്റലിയിലെ തേറമോ പ്രവിശ്യയിലുള്ള പിനേത്തോയിൽ ജനിച്ച സി. മെർലെത്തി, 1986-ലാണ് പാവപ്പെട്ടവരുടെ ഫ്രാൻസിസ്കൻ സഹോദരിമാർ എന്ന കോൺഗ്രിഗേഷനിൽ തന്റെ പ്രഥമവ്രതവാഗ്ദാനം നടത്തിയത്. 1984-ൽ അബ്രുസ്സോയിലുണ്ടായിരുന്ന ഗബ്രിയേലേ ദ്’അനുൺസിയോ സ്വതന്ത്രയൂണിവേഴ്സിറ്റിയിൽനിന്ന് നിയമത്തിൽ ബിരുദവും, 1992-ൽ റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽനിന്ന് കാനോനികനിയമത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.
2004 മുതൽ 2013 വരെ ഫ്രാൻസിസ്കൻ സഹോദരിമാർ എന്ന കോൺഗ്രിഗേഷന്റെ സുപ്പീരിയർ ജനറൽ ആയി സേവനമനുഷ്ഠിച്ച സി. സി. മെർലെത്തി റോമിലെ അന്തോണിയാനം യൂണിവേഴ്സിറ്റിയിൽ പ്രഫസറായും, സുപ്പീരിയർ ജനറൽമാരുടെ അന്താരാഷ്ട്ര സംഘത്തിൽ കാനോനികവിദഗ്ധ എന്ന നിലയിലും സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
കർദ്ദിനാൾ ആംഹെൽ ഫെർണാണ്ടസ് അർതീമെയാണ് സമർപ്പിതജീവിതക്കാർക്കും, അപ്പസ്തോലികജീവിതക്കാരുടെ സമൂഹങ്ങൾക്കുമായുള്ള ഡികാസ്റ്ററിയുടെ പ്രൊ പ്രീഫെക്ട്.
What's Your Reaction?






