തെറ്റിദ്ധാരണകളെ മറികടക്കുക, ഐക്യം കെട്ടിപ്പടുക്കുക, പാപ്പാ
റോമൻകൂരിയയിലും വത്തിക്കാൻറെ ഭരണകാര്യാലയത്തിലും റോം വികാരിയാത്തിലുമുൾപ്പടെ സേവനമനുഷ്ഠിക്കുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും ലിയൊ പതിനാലാമൻ പാപ്പാ

റോമൻ കൂരിയായിൽ ജോലിചെയ്യുകയെന്നാൽ, പാപ്പായുടെ ശുശ്രൂഷാദൗത്യം ഏറ്റവും നല്ലരീതിയിൽ നിർവ്വഹിക്കപ്പെടുന്നതിനായി, അപ്പൊസ്തോലിക സിംഹാസനത്തിൻറെ ഓർമ്മ സജീവമായി നിലനിർത്തുന്നതിന് സംഭാവന ചെയ്യുകയാണെന്ന് മാർപ്പാപ്പാ.
റോമൻകൂരിയയിലും വത്തിക്കാൻറെ ഭരണകാര്യാലയത്തിലും റോം വികാരിയാത്തിലുമുൾപ്പടെ സേവനമനുഷ്ഠിക്കുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും ശനിയാഴ്ച (24/05/25) പോൾ ആറാമൻ ശാലയിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമൻ പാപ്പാ.
സഭയുടെയും അതിൻറെ മെത്രാന്മാരുടെ ശുശ്രൂഷയുടെയും ചരിത്രപരമായ സ്മരണ കാത്തുസൂക്ഷിക്കുകയും സംവേദനം ചെയ്യുകയും ചെയ്യുന്ന ഒരു സ്ഥാപനമാണ് റോമിൻറെ മെത്രാൻറെ കൂരിയ എന്ന് അനുസ്മരിച്ച പാപ്പാ ജീവനുള്ള ഏതൊന്നിൻറെയും സർവ്വപ്രധാനമായ ഒരു ഘടകമാണ് ഓർമ്മയെന്ന് ഉദ്ബോധിപ്പിച്ചു.
ഈ ഓർമ്മയെന്നത് ഗതകാലത്തെ സംബന്ധിച്ചതു മാത്രമല്ലെന്നും അത് വർത്തമാനകാലത്തെ ഊട്ടി വളർത്തുകയും ഭാവിക്ക് വഴികാട്ടുകയും ചെയ്യുന്നുവെന്നും പാപ്പാ വിശദീകരിച്ചു. ഓർമ്മ എന്ന ഘടകത്തിനു പൂരകമായി നില്കുന്ന ഒരു മാനത്തെക്കുറിച്ചും പാപ്പാ പരാമർശിച്ചു. അത് കൂരിയായുടെയും പത്രോസിൻറെ ദൗത്യവുമായി ബന്ധപ്പെട്ട ഓരോ സ്ഥാപനത്തിൻറെയും പ്രേഷിത മാനമാണെന്ന് പാപ്പാ പറഞ്ഞു.
ആകയാൽ, പ്രേഷിത സഭയാകാൻ, പാലങ്ങൾ പണിയുന്ന ഒരു സഭയാകാൻ, സംഭാഷണത്തിൻറെയും നമ്മുടെ സഹായവും സാന്നിധ്യവും സ്നേഹവും സംഭാഷണവും ആവശ്യമുള്ളവരെ കരങ്ങൾ വിരിച്ച് സ്വീകരിക്കുന്നതിൻറെയും ഒരു സഭയാകാൻ നാം ഒത്തൊരുമിച്ചു യത്നിക്കണമെന്ന് താൻ പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട അന്ന്, മെയ് 8-ന്, തൻറെ പ്രഥമ അഭിവാദനത്തിൽ പറഞ്ഞത് പാപ്പാ അനുസ്മരിച്ചു.
ഐക്യത്തിൻറെയും സ്നേഹത്തിൻറെയുമായ മഹത്തായ ലക്ഷ്യത്തിൽ കൈകോർക്കേണ്ടവരായ നമുക്ക് അത് ചെയ്യാൻ, പ്രഥമതഃ, ജോലിസ്ഥലത്ത് നിന്ന് തുടങ്ങി, ദൈനംദിന സാഹചര്യങ്ങളിലെ പ്രവർത്തന ശൈലിയിലൂടെ ശ്രമിക്കാമെന്ന് പാപ്പാ പറഞ്ഞു. തെറ്റിദ്ധാരണകളെ ക്ഷമയോടും എളിമയോടുകംകൂടി മറികടന്നുകൊണ്ട്, സഹപ്രവർത്തകരോടുള്ള മനോഭാവങ്ങളിലൂടെ നമുക്കെല്ലാവർക്കും ഐക്യത്തിൻറെ ശല്പികളാകാൻ സാധിക്കുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു. ഈ കൂടിക്കാഴ്ചയിൽ തനിക്കുള്ള സന്തോഷം പ്രകടിപ്പിച്ച പാപ്പാ എല്ലാവരും നല്കുന്ന സേവനങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
What's Your Reaction?






