ദുർബലവിഭാഗങ്ങളുടേതുൾപ്പെടെ എല്ലാ ജീവനുകളും സംരക്ഷിക്കപ്പെടണം: കർദ്ദിനാൾ റെയ്‌ന
റോമിലെ വില്ല പംഫീലി എന്ന പാർക്കിൽ ഒരു അമ്മയെയും കുട്ടിയേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം

റോമിലെ വില്ല ദോറിയ പംഫീലി എന്ന പാർക്കിൽ ജൂൺ 7 ശനിയാഴ്ച ഇരുപതിനും മുപ്പതിനും ഇടയിലുള്ള ഒരു സ്ത്രീയുടെയും കഴുത്ത് ഞെരിക്കപ്പെട്ട നിലയിൽ ഒരു വയസ്സിൽ താഴെയുള്ള ഒരു കുട്ടിയുടെയും മൃതശരീരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി കർദ്ദിനാൾ ബാൾദോ റെയ്‌ന. ഇത് നമ്മെ ഞെട്ടിക്കുന്നതും വല്ലാതെ ദുഃഖത്തിൽ ആഴ്ത്തുന്നതുമാണെന്ന്, ജൂൺ 11 ബുധനാഴ്ച പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ റോം രൂപതാ വികാരി കൂടിയായ കർദ്ദിനാൾ റെയ്‌ന പ്രസ്താവിച്ചു. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടിരുന്ന രണ്ടു ജീവനുകളാണ് നഷ്ടമായതെന്നും, റോമിലെ ഈ പ്രശസ്തമായ പാർക്കിൽ അഭയം തേടിയ രണ്ടു വ്യക്തികൾക്കാണ് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്രയും വലിയൊരു തിന്മ ഒഴിവാക്കാൻ വേണ്ടി സമൂഹത്തിലെ അംഗങ്ങളെന്ന നിലയിൽ നമുക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നോയെന്നും, ഈ രണ്ടു ജീവിതങ്ങൾ സംരക്ഷിക്കാനാകുമായിരുന്നില്ലേയെന്നും ചോദ്യമുയർത്തിയ കർദ്ദിനാൾ റെയ്‌ന, വെറും രണ്ടു വർത്തകളെന്ന നിലയിൽ ഈ സംഭവത്തെ എഴുതിത്തള്ളരുതെന്നും, ഇത്രയും വലിയ ഒരു ദുഃഖത്തിന് മുന്നിൽ നിസംഗതയോടെ നിൽക്കരുതെന്നും ഓർമ്മിപ്പിച്ചു.
നമുക്കേവർക്കും മരണമടഞ്ഞവരുടെ കുടുംബങ്ങളോടൊപ്പം നിലകൊള്ളാമെന്ന് ആഹ്വാനം ചെയ്‌ത കർദ്ദിനാൾ റെയ്‌ന, കൂടുതൽ മാനുഷികമായ ഒരു കാഴ്ചപ്പാടോടെ എല്ലാ ജീവിതങ്ങളും, പ്രത്യേകിച്ച് സമൂഹത്തിൽ ഏറ്റവും ദുർബലരായവരുടെ ജീവിതങ്ങൾ സംരക്ഷിക്കപ്പെടാൻ സഹായിക്കുന്ന വിധത്തിലുള്ള സാമൂഹികനയങ്ങൾ ഉണ്ടാകട്ടെയെന്ന് ആശംസിച്ചു.
മൃതശരീരങ്ങളിൽ നടത്തിയ ഡി.എൻ.എ. പരിശോധനയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയവർ അമ്മയും കുഞ്ഞുമാണെന്ന് തിരിച്ചറിഞ്ഞത്. മരിച്ചവരെ തിരിച്ചറിയാനും, കൊലപാതകങ്ങൾക്ക് ഉത്തരവാദികളായവരെ കണ്ടെത്താനും റോമിലെ പോലീസ് നേതൃത്വം ശ്രമിച്ചുവരികയാണ്.
മരണമടഞ്ഞ സ്ത്രീയുടെ ശരീരത്തിൽ കൊലപാതകത്തിന്റേതായ പ്രത്യേക അടയാളങ്ങളൊന്നും കണ്ടിട്ടില്ലെന്നും, എന്നാൽ കുട്ടിയുടെ കഴുത്തിൽ അമർത്തിയതിന്റേതായ പാടുകൾ ഉണ്ടായിരുന്നുവെന്നും പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
What's Your Reaction?






