ആറ്റുകാല്‍ പൊങ്കാല : കെ എസ് ഇ ബിയുടെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അറിയാം
ട്രാൻസ്ഫോർമറുകൾ, അനുബന്ധ ഉപകരണങ്ങൾ, പോസ്റ്റുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഫ്യൂസ് യൂണിറ്റുകൾ എന്നിവയിൽ നിന്നും വേണ്ടത്ര സുരക്ഷിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂ.

തിരുവനന്തപുരം: ട്രാൻസ്ഫോർമറുകൾ, അനുബന്ധ ഉപകരണങ്ങൾ, പോസ്റ്റുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഫ്യൂസ് യൂണിറ്റുകൾ എന്നിവയിൽ നിന്നും വേണ്ടത്ര സുരക്ഷിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂ.
ഒരു കാരണവശാലും ട്രാൻസ്ഫോർമർ സ്റ്റേഷന്റെ ചുറ്റുവേലിക്ക് സമീപം വിശ്രമിക്കുകയോ സാധന സാമഗ്രികൾ സൂക്ഷിക്കുകയോ ചെയ്യരുത്. കൂടാതെ വൈദ്യുതി പോസ്റ്റിന് ചുവട്ടിൽ പൊങ്കാലയിടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ട്രാൻസ്ഫോർമറുകൾ, വൈദ്യുതി പോസ്റ്റുകൾ എന്നിവയുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിടരുത്.
ഗുണനിലവാരമുള്ള വയറുകൾ, സ്വിച്ച് ബോർഡുകൾ എന്നിവ ഉപയോഗിച്ചു മാത്രമേ വൈദ്യുതി കണക്ഷനെടുക്കാവൂ. വൈദ്യുതി ദീപാലങ്കാരങ്ങൾ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് അംഗീകരിച്ച കോൺട്രാക്റ്റർമാരെ മാത്രം ഉപയോഗിച്ച് നിർവ്വഹിക്കേണ്ടതാണ്
ലൈറ്റുകൾ, ദീപാലങ്കാരങ്ങൾ തുടങ്ങിയവ പൊതുജനങ്ങൾക്ക് കയ്യെത്താത്ത ഉയരത്തിൽ സ്ഥാപിക്കുക. ഗേറ്റുകൾ, ഇരുമ്പ് തൂണുകൾ, ഗ്രില്ലുകൾ, ലോഹ ബോർഡുകൾ എന്നിവയിൽ സ്പർശിക്കുംവിധം വൈദ്യുതി ദീപാലങ്കാരങ്ങൾ നടത്തുവാൻ പാടില്ല. വൈദ്യുതി പോസ്റ്റുകളിലോ അനുബന്ധ ഉപകരണങ്ങളിലോ ബാനർ, പരസ്യബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കരുത്.
ഇൻസുലേഷൻ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, പഴകിയതോ, കൂട്ടിയോജിപ്പിച്ചതോ ആയ വയറുകൾ ഉപയോഗിക്കരുത്. വൈദ്യുതി പോസ്റ്റുകളിൽ അലങ്കാര വസ്തുക്കൾ സ്ഥാപിക്കാൻ പാടില്ലെന്നും പൊങ്കാല ഇടുന്നവരും പൊങ്കാല മഹോത്സവത്തിൽ പങ്കാളികളാവുന്നവരും സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.
What's Your Reaction?






