മജുഗോറിയെ മരിയൻ ഭക്തികേന്ദ്രവും കത്തോലിക്കാവിശ്വാസവും
2024 സെപ്റ്റംബർ 19-ആം തീയതി, ഫ്രാൻസിസ് പാപ്പായുടെ അനുമതിയോടെ, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി, മജുഗോറിയെ മരിയൻ ഭക്തികേന്ദ്രവുമായി ബന്ധപ്പെട്ട സുപ്രധാനമായ "നുള്ള ഒസ്‌താ" പ്രഖ്യാപനം
നൂറുകണക്കിന് മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് മരിയൻ ഭക്തർ സന്ദർശിച്ചുകൊണ്ടിരിക്കുന്ന ഒരു മരിയൻ ഭക്തികേന്ദ്രമായ മജുഗോറിയെ (Medjugorje), ക്രൈസ്തവവിശ്വാസികളായ ആളുകൾ ഉൾപ്പെടെയുള്ളവരിൽ ആത്മീയനന്മകൾ ഉളവാക്കുന്നുവെന്ന് പരിശുദ്ധ സിംഹാസനം സെപ്റ്റംബർ 19 വ്യാഴാഴ്ച പുറത്തുവിട്ട "നുള്ള ഒസ്‌താ" (nulla osta) പ്രഖ്യാപനം വഴി പ്രസ്താവിക്കുകയുണ്ടായി. എന്നാൽ അതേസമയം, മജുഗോറിയെയിലെ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ നാമധേയത്തിലുള്ള ഈ ദേവാലയത്തിൽ "അമാനുഷികമായ" എന്തെങ്കിലുമാണോ നടന്നിട്ടുള്ളത് എന്നതിനെ സംബന്ധിച്ച്, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി പുറത്തിറക്കിയ ഈ രേഖ പ്രത്യേകിച്ച് ഒന്നും വിശദീകരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. അങ്ങനെ പരിശുദ്ധ അമ്മയുടേതായി പറയപ്പെടുന്ന സന്ദേശങ്ങളിൽ ഉൾക്കൊണ്ടിരിക്കുന്ന നന്മയും, മജുഗോറിയെ സന്ദർശിക്കുന്ന കത്തോലിക്കരും, അല്ലാത്തവരുമായ മനുഷ്യരിൽ ഉണ്ടാകുന്ന, വിശ്വാസത്തിലേക്കുള്ള പരിവർത്തനം ഉൾപ്പെടെയുള്ള സദ്‌ഫലങ്ങളും കത്തോലിക്കാസഭ അംഗീകരിക്കുകയും, അതുകൊണ്ടുതന്നെ ഈ ഇടത്തിന്റെ പ്രാധാന്യം എടുത്തുപറയുകയുമാണ്, ദീർഘനാളുകളായി നടന്ന പഠനങ്ങളുടെയും വിചിന്തനങ്ങളുടെയും ഫലമായി പുറത്തുവിട്ട ഈ രേഖയിലൂടെ.
മജുഗോറിയെ മരിയൻ ഭക്തികേന്ദ്രത്തിന്റെ ലഘുചരിത്രം
മജുഗോറിയയിൽ എന്താണ് യഥാർത്ഥത്തിൽ നടന്നത്, അവിടെ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടോ, ഇല്ലയോ എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് മുൻപ്, കത്തോലിക്കാസഭ ഔദ്യോഗികമായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, മജുഗോറിയെയിലെ വിശുദ്ധ യാക്കോബിന്റെ നാമധേയത്തിലുള്ള ഇടവകയുമായി ബന്ധപ്പെട്ട് ഇന്ന് പറയപ്പെടുന്ന കാര്യങ്ങളിലേയ്ക്ക് നാം എത്തിയ നാൾവഴികളിലൂടെ ഒന്ന് കടന്നുപോകാം. മജുഗോറിയെ ഇടവകദേവാലയം
1981 ജൂൺ 24-ആം തീയതിയാണ് സംഭവങ്ങളുടെ തുടക്കം. ഫ്രാൻസിസ്കൻ സന്ന്യാസവൈദികരുടെ എർസെഗോവിനെ പ്രൊവിൻസിലെ വൈദികർ അജപാലനശുശ്രൂഷ ചെയ്യുന്ന ഇടവകയാണ് വിശുദ്ധ യാക്കോബിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം. പഴയ യൂഗോസ്ളാവിയയിൽ, ഇന്നത്തെ ബോസ്‌നിയ എർസെഗോവിന എന്നറിയപ്പെടുന്ന രാജ്യത്തുള്ള മൊസ്‌താർ-ദുവ്നോ (Mostar-Duvno) രൂപതയുടെ കീഴിലുള്ള ഒരു ഇടവകയാണിത്.
പരിശുദ്ധ അമ്മയുടെ ദർശനം
1981 ജൂൺ 24-ആം തീയതി ഉച്ചകഴിഞ്ഞ്, പോദ്ബ്രിദോയിലുള്ള (Podbrdo) കുന്നിൻചെരിവിലൂടെ നടക്കുകയായിരുന്ന ഇവാങ്ക ഇവൻകോവിച്, മിര്യാന ദ്രാഗിചെവിച് (Ivanka Ivanković, Mirjana Dragičević ) എന്നീ പെൺകുട്ടികളിൽ ഇവാങ്കയ്ക്ക് പരിശുദ്ധ അമ്മയുടെ ദർശനം ഉണ്ടായതായി അനുഭവപ്പെടുന്നു. അന്നേദിവസം വൈകുന്നേരം ആറുമണിയോടെ, ഇതേ സഥലത്തുവച്ച് തങ്ങൾക്ക് ഉണ്ണീശോയെ കൈകളിലേന്തിയ പരിശുദ്ധ അമ്മയുടെ ദർശനം ഉണ്ടായതായി മറ്റ് ആറു കൗമാരക്കാർക്കുകൂടി അവകാശപ്പെടുന്നു. ഇവരേവരും പിറ്റേദിവസം, അതായത് ജൂൺ 25-ആം തീയതി ഒരുമിച്ചുകൂടി തങ്ങളുടെ അനുഭവം പങ്കുവയ്ക്കുന്നു.
മൊസ്‌താർ-ദുവ്നോ രൂപതയും മരിയൻ ദർശനങ്ങളും
തങ്ങൾക്ക് പരിശുദ്ധ അമ്മയുടെ ദർശനം ലഭിച്ചുവെന്ന് അവകാശപ്പെടുന്ന "സാക്ഷികളുമായി", 1981 ജൂലൈ 21-ന് മൊസ്‌താർ-ദുവ്നോ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ പവാവോ ഷാനിച് )Pavao Žanić) ഒരു കൂടിക്കാഴ്ച നടത്തി. ഈ യുവജനങ്ങളുടെ സാക്ഷ്യം ശ്രവിച്ച രൂപതാ മെത്രാൻ, അവർ "നുണ പറയുകയല്ല" എന്ന ബോധ്യത്തിലേക്ക് കടന്നുവന്നു. ഇതേ കാര്യം ഏതാനും ദിവസനങ്ങൾക്ക് ശേഷം മജുഗോറിയ ഇടവകയിൽ സ്ഥൈര്യലേപനം നൽകാനെത്തിയ അവസരത്തിൽ അദ്ദേഹം ആവർത്തിക്കുന്നുണ്ട്. എന്നാൽ പിന്നീട് രണ്ടു വർഷങ്ങൾക്ക് ശേഷം, 1983 നവംബർ 19-ന്, അന്ന്, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ കോൺഗ്രിഗേഷനിലേക്ക് അയച്ച രഹസ്യരേഖയിൽ, പരിശുദ്ധ അമ്മയുടെ ദർശനവുമായി ബന്ധപ്പെട്ട്, "ശക്തമായ സംശയം" പ്രകടിപ്പിച്ച് അദ്ദേഹം എഴുതുന്നുണ്ട്.
മെത്രാൻസമിതിയും ദർശനം സംബന്ധിച്ച തീരുമാനങ്ങളും
മജുഗോറിയയിൽ നടന്നുവെന്ന് പറയപ്പെടുന്ന മരിയൻ ദർശനങ്ങളെ സംബന്ധിച്ച് 1984 ഒക്ടോബറിൽ അന്നത്തെ യൂഗോസ്ളാവിയൻ മെത്രാൻ സമിതി ഒരു പ്രധാനപ്പെട്ട പ്രഖ്യാപനം നടത്തുന്നുണ്ട്. ഇതനുസരിച്ച്, മജുഗോറിയയിൽ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടോ ഇല്ലയോ എന്നതിനെക്കുറിച്ച് ഔദ്യോഗികമായി തീരുമാനം എടുക്കാനുള്ള സഭാധികാരികളുടെ അവകാശം സംബന്ധിച്ച് എഴുതിയ മെത്രാൻസമിതി, മജുഗോറിയയിലേക്ക് ഔദ്യോഗികമായ രീതിയിൽ തീർത്ഥാടനം സംഘടിപ്പിക്കുന്നത് വിലക്കി. തുടർന്ന് പരിശുദ്ധ അമ്മയുടെ ദർശനങ്ങൾ സംബന്ധിച്ച് പഠനം നടത്തുവാൻ നിയോഗിക്കപ്പെട്ടിരുന്ന രൂപതാ കമ്മീഷൻ, 1986 മെയ് 19-ആം തീയതി, പതിനഞ്ച് പേരിൽ പതിനൊന്ന് പേരുടെയും വോട്ടോടെ, മജുഗോറിയയിൽ "അമാനുഷികമായ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നത് തെളിഞ്ഞിട്ടില്ല" എന്ന വിധി പുറത്തുവിട്ടു.
വത്തിക്കാന്റെ ഇടപെടൽ
രൂപതാ കമ്മീഷന്റെ വിധി പുറത്തുവന്ന അതേ വർഷം, സെർബിയയിലെ ബെൽഗ്രേഡിലെ പ്രൊ നൂൺഷ്യോ രൂപതാ കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിമർശനം നടത്തുന്നുണ്ട്. തുടർന്ന്, അന്നത്തെ, വിശ്വാസതിരുസംഘം, യൂഗോസ്ലാവിയയിലെ മെത്രാൻ സമിതിയോട്, ദർശനങ്ങൾ സംബന്ധിച്ച് വീണ്ടും പഠിക്കാൻ ആവശ്യപ്പെട്ടു.
തുടർന്ന് അടുത്ത വർഷം, അതായത് 1987 ഏപ്രിൽ 9-ആം തീയതി, യൂഗോസ്ളാവിയയിലെ മെത്രാൻസമിതിയുടെ പ്രത്യേക കമ്മീഷൻ, മജുഗോറിയയിലെ സംഭവങ്ങളെക്കുറിച്ചുള്ള പഠനം ആരംഭിച്ചു. ഈ പഠനങ്ങളുടെ ഫലം ഔദ്യോഗികമായി പുറത്തുവന്നത് 1991 ഏപ്രിൽ പത്താം തീയതിയാണ്. "സാദാർ പ്രഖ്യാപനം" (Zadar) എന്ന പേരിലാണ് ഈ രേഖ അറിയപ്പെടുന്നത്. "തങ്ങൾ, രൂപതാ മെത്രാൻ, മെത്രാൻ സമിതിയുടെ കമ്മീഷൻ, യൂഗോസ്ലാവിയൻ മെത്രാൻസമിതിയുടെ മജുഗോറിയയ്ക്കായുള്ള കമ്മീഷൻ എന്നിവ വഴി, മജുഗോറിയയിലെ സംഭവങ്ങളെക്കുറിച്ച് പഠിച്ചുവെന്നും, എന്നാൽ ഇതുവരെ നടന്ന അന്വേഷണങ്ങളിൽനിന്ന്, മജുഗോറിയയിൽ പരിശുദ്ധ അമ്മയുടെ ദർശനം ഉണ്ടായെന്നോ, അവിടെ അമാനുഷികമായി എന്തെങ്കിലും നടന്നുവെന്നോ പറയാൻ തങ്ങൾക്കാകില്ലെന്നും" കമ്മീഷൻ പ്രഖ്യാപിച്ചു. എന്നാൽ അതേസമയം, മജുഗോറിയയിൽ എത്തുന്ന അസംഖ്യം ഭക്തജനങ്ങൾക്ക് അജപാലനസേവനം ലഭ്യമാക്കാനും, കത്തോലിക്കാസഭയുടെ ഔദ്യോഗിക ഉദ്ബോധനങ്ങളനുസരിച്ച്, മജുഗോറിയയിലും മജുഗോറിയ വഴിയും, പരിശുദ്ധ അമ്മയോടുള്ള ശരിയായ വണക്കം പ്രോത്സാഹിപ്പിക്കുന്നതിന് രൂപതാമെത്രാൻ ഉൾപ്പെടുന്ന എല്ലാ മെത്രാന്മാരും ശ്രമിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറയാനും കമ്മീഷൻ മറന്നില്ല. ഇതിനായി, ആരാധനാ-അജപാലന കാര്യങ്ങളിൽ മെത്രാന്മാർ വേണ്ട നിർദ്ദേശങ്ങൾ നൽകണമെന്ന് ഓർമ്മിപ്പിച്ച കമ്മീഷൻ, മജുഗോറിയയിലെ കാര്യങ്ങൾ തങ്ങൾ തുടർന്നും ശ്രദ്ധയിൽ വയ്ക്കുമെന്ന് അറിയിച്ചു.
മജുഗോറിയയും വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായും
മജുഗോറിയ ഉൾപ്പെടുന്ന ഇടങ്ങളിലേക്കുള്ള പുതിയ രൂപതാധ്യക്ഷനായി നിയമിതനായ അഭിവന്ദ്യ രാത്കോ പെരിച്, മജുഗോറിയയിലെ ദർശനങ്ങൾ സംബന്ധിച്ച് അന്തിമവിധി നൽകാനായി ഒരു പുതിയ കമ്മീഷനെ നിയോഗിക്കാൻ, 1994 ഒക്ടോബർ 28-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായോട് അപേക്ഷിച്ചു. എന്നാൽ പിറ്റേവർഷം, 1995 ജൂലൈ മാസത്തിൽ, സാരയെവോയിലേക്ക് നടത്തിയ അപ്പസ്തോലികയാത്രയുടെ അവസരത്തിൽ, ജോൺ പോൾ രണ്ടാമൻ മജുഗോറിയ സന്ദർശിക്കുമെന്ന് അറിയിപ്പ് നൽകപ്പെട്ടു. വിശുദ്ധൻ ഇതിന് മുൻപും പലപ്പോഴായി സ്വകാര്യ കത്തുകളിൽ, മജുഗോറിയെ സംബന്ധിച്ച് പോസിറ്റീവായി എഴുതുകയും, അവിടം സന്ദർശിക്കാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. സംഭവങ്ങൾ അറിഞ്ഞ ബിഷപ് പെരിച്, അന്നത്തെ, വിശ്വാസകാര്യങ്ങൾക്കായുള്ള റോമൻ കോൺഗ്രിഗേഷന്, പാപ്പായുടെ ഇത്തരമൊരു യാത്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഴുതുകയുണ്ടായി.
വിശ്വസതിരുസംഘവും മജുഗോറിയയിലേക്കുള്ള തീർത്ഥാടനങ്ങളും
1998 മാർച്ച് രണ്ടാം തീയതി, സെന്റ് ഡെനീ (ദേ ല റേയൂണിയോൺ - Saint-Denis-de-La Reunion) രൂപതാ മെത്രാന്റെ അപേക്ഷയ്ക്ക് മറുപടിയായി, മജുഗോറിയയിലേക്ക് സ്വകാര്യ തീർത്ഥാടനങ്ങൾ നടത്താൻ അനുവാദമുണ്ടെന്ന് വിശ്വാസകാര്യങ്ങൾക്കായുള്ള റോമൻ കോൺഗ്രിഗേഷൻ പ്രസ്താവന നടത്തി. എന്നാൽ, മജുഗോറിയെ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെടൽ ഉണ്ടായ ഇടമാണെന്ന് ആധികാരികമായി പ്രഖ്യാപിക്കാതെ വേണം ഇത്തരം തീർത്ഥാടനങ്ങൾ നടത്താൻ എന്ന നിബന്ധനയോടെയാണ് വത്തിക്കാൻ ഈ അനുവാദം നൽകിയത്. മാത്രവുമല്ല, മജുഗോറിയയിൽ "അമാനുഷികമായ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല" എന്ന അഭിവന്ദ്യ ബിഷപ് പെരിചിന്റെ അഭിപ്രായം, വിശ്വാസകാര്യങ്ങൾക്കായുള്ള റോമൻ കോൺഗ്രിഗേഷന്റേതല്ല എന്ന പ്രസ്‌താവനയും റോം നടത്തി.
തുടർന്നുള്ള വർഷങ്ങളിൽ, വിശ്വാസകാര്യങ്ങൾക്കായുള്ള റോമൻ കോൺഗ്രിഗേഷനും പഴയ യൂഗോസ്ലാവിയയിലെ, ഇന്നത്തെ ബോസ്‌നിയ എർസെഗോവിനയിലെ പുതിയ മെത്രാൻസമിതിയുമായി മജുഗോറിയയിലെ ദർശനങ്ങൾ സംബന്ധിച്ച്, പ്രത്യേകിച്ച് ഇതിനെക്കുറിച്ചുള്ള ഒരു പുതിയ പഠനം സംബന്ധിച്ച് വിവിധ എഴുത്തുകുത്തുകൾ നടക്കുന്നുണ്ട്. എന്നാൽ ബോസ്‌നിയ എർസെഗോവിനയിലെ മെത്രാൻസമിതി, തങ്ങൾക്ക് ഇങ്ങനെയൊരു പുതിയ പഠനം നടത്താൻ കഴിവില്ലെന്നും, എന്നാൽ അതേസമയം, അത്തരമൊരു പഠനം അനുയോജ്യമല്ലെന്നും പ്രഖ്യാപിക്കുന്നുണ്ട്.
ബെനഡിക്ട് പതിനാറാമൻ പാപ്പാ
2008 ജനുവരി 14-ന് കർദ്ദിനാൾ കമില്ലോ റുയീനിയെ അദ്ധ്യക്ഷനാക്കി, മജുഗോറിയയിലെ "അമാനുഷികമെന്നു കരുതപ്പെടുന്ന സംഭവങ്ങളെക്കുറിച്ച് പഠിക്കാനായി ബെനഡിക്ട് പാപ്പാ ഒരു അന്താരാഷ്ട്രകമ്മീഷനെ നിയോഗിക്കുന്നിടത്ത് സംഭവങ്ങളുടെ ഗതിയിൽ പുതിയൊരു മാറ്റം വരുന്നു. ഏതാണ്ട് ആറു വർഷങ്ങളുടെ പഠനങ്ങൾക്ക് ശേഷം 2014 ജനുവരിയിൽ, ഈ കമ്മീഷൻ, തങ്ങളുടെ വിധി വത്തിക്കാനിൽ സമർപ്പിച്ചു. എന്നാൽ റുയീനി കമ്മീഷന്റെ നിഗമനങ്ങൾ, അന്നത്തെ വിശ്വാസകാര്യങ്ങൾക്കായുള്ള റോമൻ കോൺഗ്രിഗേഷന്റെ അഭ്യർത്ഥന കണക്കിലെടുത്ത് സഭ പരസ്യപ്പെടുത്തുന്നില്ല. കോൺഗ്രിഗേഷൻ, തുടർവർഷങ്ങളിൽ മജുഗോറിയെ സംഭവങ്ങളെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠനം നടത്തുകയും, ഇതേക്കുറിച്ച് കൂടുതൽ അറിയാവുന്ന രണ്ടുപേരുടെ കൂടി അഭിപ്രായങ്ങൾ തേടുകയും ചെയ്യുന്നുണ്ട്. ഇവരുടേത് റുയീനി കമ്മീഷന്റെ അഭിപ്രായങ്ങളിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് പറയപ്പെടുന്നു.
ഫ്രാൻസിസ് പാപ്പായും മജുഗോറിയെയും
ബെനഡിക്ട് പാപ്പായുടെ പിന്തുടർച്ചക്കാരനായി കത്തോലിക്കാസഭാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് പാപ്പാ, 2015 ഡിസംബറിൽ, മജുഗോറിയ സംബന്ധിച്ച രേഖകൾ മുഴുവൻ ലഭിച്ചതിനെത്തുടർന്ന്, ഇതുസംബന്ധിച്ച തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം ഏറ്റെടുത്തു.
2017 ഫെബ്രുവരി 11-ന്, ഫ്രാൻസിസ് പാപ്പാ ആർച്ച്ബിഷപ് ഹെൻറിക് ഹൊസെറിനെ, മജുഗോറിയയിലെ അജപാലനകാര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ പഠിക്കുവാനായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയോഗിച്ചു. തുടർന്ന് 2019 ജനുവരി 14-ന്, മജുഗോറിയയിലെ സംഭവങ്ങളുടെ ഔദ്യോഗികതയുടെ തെളിവായി വ്യാഖ്യാനിക്കപ്പെടാൻ ഇട നൽകാത്ത വിധത്തിൽ മജുഗോറിയയിലേക്ക് തീർത്ഥാടനങ്ങൾ സംഘടിപ്പിക്കാൻ അനുവദിച്ചുകൊണ്ട് പാപ്പാ നിർദ്ദേശം നൽകി.
2021 ഡിസംബർ 27-ന് അഭിവന്ദ്യ ആർച്ച്ബിഷപ് ആൾദോ കവാല്ലിയെ, മജുഗോറിയെ ഇടവകയിലേക്കുള്ള പ്രത്യേക സ്വഭാവത്തോടെയും, പരിശുദ്ധസിംഹാസനത്തിന്റെ താത്പര്യപ്രകാരവുമുള്ള അപ്പസ്തോലിക വിസിറ്റേറ്ററായി അനിശ്ചിതകാലത്തേക്ക് ഫ്രാൻസിസ് പാപ്പാ നിയോഗിച്ചു. ആർച്ച്ബിഷപ് ഹെൻറിക് ഹൊസെർ 2021 ഓഗസ്റ്റ് 13-ന് മരണമടഞ്ഞതിനെത്തുടർന്നായിരുന്നു ആർച്ച്ബിഷപ് ആൾദോ കവാല്ലി തദ്സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടത്.
വത്തിക്കാന്റെ നുള്ള ഒസ്‌താ (nulla osta) പ്രഖ്യാപനം
2024 സെപ്റ്റംബർ 19-ന് ഫ്രാൻസിസ് പാപ്പായുടെ അനുമതിയോടെ, വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി സവിശേഷമായ ഒരു പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. 1981 ജൂൺ 24-ആം തീയതി മജുഗോറിയയിൽ നടന്നുവെന്ന് കരുതപ്പെടുന്ന പരിശുദ്ധ അമ്മയുടെ ദർശനങ്ങൾ സംബന്ധിച്ച്, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എന്തെങ്കിലും "അമാനുഷികമായ" കാര്യങ്ങൾ ഉണ്ടോയെന്ന് പ്രഖ്യാപിക്കുന്നില്ല എങ്കിൽപ്പോലും, മജുഗോറിയയിലെ യാക്കോബ് ശ്ലീഹായുടെ ഇടവകയുമായി ബന്ധപ്പെട്ട മരിയൻ ഭക്തികേന്ദ്രത്തിൽ കത്തോലിക്കരുൾപ്പെടയുള്ള വിവിധ ക്രൈസ്തവവിശ്വാസികളും, ഇസ്ലാം മത വിശ്വാസികൾ പോലും എത്തുന്നുണ്ടെന്നും അവിടെ ആയിരക്കണക്കിന് ആളുകൾക്ക് ആത്മീയനന്മകൾ ലഭിക്കുന്നുണ്ടെന്നും സഭ അംഗീകരിക്കുകയാണ് പുതിയ ഈ രേഖയിലൂടെ. തന്നെക്കുറിച്ച് "സമാധാനത്തിന്റെ രാജ്ഞി" എന്നാണ് പരിശുദ്ധ അമ്മ സ്വയം വിശേഷിപ്പിക്കുന്നത് എന്നാണ്, പരിശുദ്ധ അമ്മയുടെ ദർശനം ലഭിച്ചിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന് സാക്ഷികൾ പറയുന്നത്.
ആത്മീയതയുടെ സദ്‌ഫലങ്ങളും സമാധാനത്തിനുള്ള ആഹ്വാനവും
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിന്നുള്ള തീർത്ഥാടകർ എത്തുന്ന മജുഗോറിയയിൽ ആത്മീയമായ ഏറെ നന്മകൾ വിശ്വാസികൾക്ക് ലഭിക്കുന്നുണ്ടെന്നും, ആത്മീയപരിവർത്തനം, അനുരഞ്ജനം, വിശ്വാസത്തിലേക്കുള്ള തിരിച്ചുവരവ്, രോഗശാന്തികൾ തുടങ്ങി നിരവധിയായ നന്മകൾ സാക്ഷ്യപ്പെടുത്തപ്പെടുന്നുണ്ടെന്നും പരിശുദ്ധ സിംഹാസനം അംഗീകരിക്കുന്നു.
സമാധാനത്തിനായുള്ള പരിശുദ്ധ അമ്മയുടെ ആഹ്വാനമാണ്, വത്തിക്കാൻ പ്രത്യേകം പരാമർശിക്കുന്ന ഒരു നന്മ. യുദ്ധങ്ങളും സംഘർഷങ്ങളും ഇല്ലാത്ത ഒരു ലോകം എന്നതിനേക്കാളുപരി, വ്യക്തിജീവിതങ്ങളിലും, കുടുംബ, സമൂഹ തലങ്ങളിലും സമാധാനം വാഴുന്ന ഒരു അവസ്ഥ എന്നതിലേക്കാണ് പരിശുദ്ധ അമ്മ നമ്മെ ക്ഷണിക്കുന്നത്. കത്തോലിക്കരിലേക്ക് മാത്രം ഒതുങ്ങുന്ന സ്നേഹത്തിൽനിന്ന് പുറത്തുകടക്കുന്നതുവഴി ലോകസമാധാനത്തിലേക്ക് സംഭാവന നൽകാൻ നമുക്ക് സാധിക്കുന്നു. ബോസ്‌നിയ എർസെഗോവിന പ്രദേശങ്ങളിലേതുൾപ്പെടെ, ലോകത്ത് ഇന്ന് നിലനിൽക്കുന്ന എക്യൂമെനിക്കൽ, മതാന്തരചിന്തകളുടെ ആവശ്യമുള്ള ഒരു സാഹചര്യത്തിൽ ഇത്തരമൊരു ആഹ്വാനം ഏറെ പ്രധാനപ്പെട്ടതാണ്.
ദൈവത്തിലേക്ക് നയിക്കുന്ന പരിശുദ്ധ അമ്മ
ദൈവത്തിന് തങ്ങളെത്തന്നെ വിട്ടുകൊടുക്കാനുള്ള, ദൈവഹിതമനുസരിച്ച് നടക്കാനുള്ള, ഒരു ക്ഷണമാണ് പരിശുദ്ധ അമ്മ മുന്നോട്ടുവയ്ക്കുന്നതെന്ന് പരിശുദ്ധ സിംഹാസനം എടുത്തുപറയുന്നു. പരിശുദ്ധ അമ്മയിലേക്കല്ല, രക്ഷകനായ ക്രിസ്തുവിലേക്കാണ് നാം നടക്കേണ്ടതും, മജുഗോറിയയിൽ പരിശുദ്ധ അമ്മ നൽകിയവയെന്നു കരുതപ്പെടുന്ന സന്ദേശങ്ങൾ നമ്മെ ക്ഷണിക്കുന്നതും.
പാപത്തിന്റെ ഫലങ്ങളെ കുറച്ചുകാണരുതെന്നും, പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും പ്രാധാന്യത്തെ തിരിച്ചറിയണണമെന്നും മജുഗോറിയയിലെ സന്ദേശങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ആത്മീയമായ പരിവർത്തനത്തിനുള്ള ഒരു ക്ഷണമാണ് ഇവിടെ നമുക്ക് കാണാനാവുക.
അവ്യക്തതകളും മാനുഷികതയും
മജുഗോറിയയിൽ പരിശുദ്ധ അമ്മ നൽകിയതെന്ന് പറയപ്പെടുന്ന സന്ദേശങ്ങളിൽ, ചിലപ്പോഴെങ്കിലും, ദൈവത്തിന്റെ പദ്ധതികൾ എന്നതിനപ്പുറം, "പരിശുദ്ധ അമ്മയുടെ പദ്ധതികളെക്കുറിച്ച്" പറയുന്നിടത്തും, ഇടവകയിലെ കാര്യങ്ങൾ ഉൾപ്പെടെ, ചില കാര്യങ്ങളിൽ അസാധാരണമായ ചില പ്രവർത്തികനിർദ്ദേശങ്ങളും ഉൾപ്പെടുന്നതിലുമൊക്കെ, മാനുഷികമായ സന്ദേഹങ്ങളും ചിന്തകളും, വ്യാഖ്യാനങ്ങളും കടന്നുകൂടിയിട്ടുണ്ടാകാമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രഖ്യാപനം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്.
വിപത്തുകളെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തുന്നവർ വ്യാജപ്രവാചകന്മാരാണെന്ന് പഠിപ്പിക്കുന്ന പരിശുദ്ധ അമ്മ, പരിവർത്തനത്തിന് തയ്യാറാകുന്നില്ലെങ്കിൽ ശിക്ഷ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുന്നു.
മെജുഗോറിയെ സംഭവങ്ങളും കത്തോലിക്കാവിശ്വാസവും
മെജുഗോറിയെ സംഭവങ്ങളുടെ ആധികാരികതയ്ക്കും, അവിടുത്തെ അമാനുഷികതയ്ക്കുമപ്പുറം കത്തോലിക്കാരുൾപ്പെടുന്ന വിശ്വാസികളോട് മെജുഗോറിയെ ഓർമ്മിപ്പിക്കുന്ന ചില ചിന്തകളുണ്ട്. അവയിൽ പ്രധാനപ്പെട്ടത്, ഇത്തരം ഇടങ്ങളുടെ അധികാരികതയെക്കാൾ ഒരു വിശ്വാസി പ്രധാനപ്പെട്ടതായി കരുതേണ്ടത്, ഇത്തരം ഇടങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലൂടെ വിശ്വാസജീവിതത്തിൽ നേടാൻ കഴിയുന്ന ആത്മീയനന്മകളാണ്. പരിശുദ്ധ അമ്മയുടെ ദര്ശനങ്ങളാകട്ടെ, മറ്റു അത്ഭുതങ്ങളും രോഗശാന്തികളുമാകട്ടെ, എല്ലാ സംഭവങ്ങളും വ്യക്തികളും ദൈവത്തിലേക്ക് തിരിയുന്നതിനും, അവനിലുള്ള വിശ്വാസത്തിൽ ആഴപ്പെട്ട് രക്ഷയുടെ അനുഭവം സ്വന്തമാക്കുന്നതിനും നമ്മെ സഹായിക്കുന്നതാകണം.
സഭാനേതൃത്വത്തെ സംബന്ധിച്ചിടത്തോളം, മെജുഗോറിയെയും, അതുപോലെയുള്ള മറ്റിടങ്ങളും, വിശ്വാസികളെ യഥാർത്ഥ വിശ്വാസത്തിൽ വളർത്തുന്നതിനും, സഭയുടെ ഔദ്യോഗികപ്രമാണങ്ങളും സത്യങ്ങളും ഉദ്ബോധിപ്പിക്കുന്നതിനും ഉള്ള അവസരങ്ങളായി മാറ്റാൻ പരിശ്രമിക്കേണ്ടതിലേക്ക് ആഹ്വാനം ചെയ്യുന്നുണ്ട്. അങ്ങനെ, വിശ്വാസികളുടെ അജപാലനകാര്യങ്ങളിൽ വൈദികരും, മെത്രാന്മാരും ഉൾപ്പെടുന്ന സഭാനേതൃത്വം ചെലുത്തേണ്ട ശ്രദ്ധയിലേക്കും മെജുഗോറിയെ ഒരു ആഹ്വാനമായി നിൽക്കുന്നു.
പരിശുദ്ധ അമ്മയുടെയും, വിശുദ്ധരുടെയും രക്തസാക്ഷികളുടെയും പ്രാർത്ഥനകളും, മദ്ധ്യസ്ഥ്യവും തേടുകയും, വിശ്വാസത്തിൽ ആഴപ്പെട്ട് ദൈവോന്മുഖരായി, സ്വർഗ്ഗോന്മുഖരായി ജീവിക്കുകയും ചെയ്യാം.
What's Your Reaction?