വാഴ്ത്തപ്പെട്ട അക്കൂത്തിസും ഫ്രസ്സാത്തിയും ജൂബിലി വർഷത്തിൽ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടും

2025-ലെ കൗമാരക്കാരുടെ ആഗോളദിനത്തിൽ വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസും, യുവജനങ്ങളുടെ ആഗോളദിനത്തിൽ വാഴ്ത്തപ്പെട്ട പിയേർ ജോർജ്യോ ഫ്രസ്സാത്തിയും വിശുദ്ധരായി പ്രഖ്യാപിക്കപ്പെടും.

Nov 21, 2024 - 11:48
 0  9
വാഴ്ത്തപ്പെട്ട അക്കൂത്തിസും ഫ്രസ്സാത്തിയും ജൂബിലി വർഷത്തിൽ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടും

2025-ലെ കൗമാരക്കാരുടെ ആഗോളദിനത്തിൽ വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസും, യുവജനങ്ങളുടെ ആഗോളദിനത്തിൽ വാഴ്ത്തപ്പെട്ട പിയേർ ജോർജ്യോ ഫ്രസ്സാത്തിയും വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുമെന്നറിയിച്ച് ഫ്രാൻസിസ് പാപ്പാ. നവംബർ 20 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസാനഭാഗത്താണ്, ലോകക്രൈസ്തവയുവജനതയ്ക്കുൾപ്പെടെ ഏവർക്കും പ്രിയങ്കരനായി മാറിയ രണ്ട് വാഴ്ത്തപ്പെട്ടവരെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങൾ പാപ്പാ പങ്കുവച്ചത്.

ഏപ്രിൽ ഇരുപത്തിയഞ്ച് മുതൽ ഇരുപത്തിയേഴ് വരെയുള്ള ദിവസങ്ങളിലാണ് കൗമാരക്കാരുടെ ദിനം ആചരിക്കപ്പെടുന്നത്. ജൂലൈ ഇരുപത്തിയെട്ട് മുതൽ ഓഗസ്റ്റ് മൂന്ന് വരെ തീയതികളിലാണ് യുവജനദിനവുമായി ബന്ധപ്പെട്ട സംഗമം നടക്കുന്നത്.

കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ആഗോളസംഗമം

നവംബർ ഇരുപതിന് ആചരിക്കപ്പെടുന്ന, കുട്ടികളുടെയും കൗമാരക്കാരുടെയും അവകാശങ്ങൾക്കായുള്ള ആഗോളദിനത്തിന്റെ പശ്ചാത്തലത്തിൽ, അടുത്ത വർഷം ഫെബ്രുവരി മൂന്നിന്, വത്തിക്കാനിൽ വച്ച്, കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ആഗോളസംഗംമം നടത്തുമെന്നും പാപ്പാ അറിയിച്ചു. "നമുക്കവരെ സ്നേഹിക്കാം, സംരക്ഷിക്കാം" എന്ന പേരിൽ നടത്തപ്പെടുന്ന ഈ സംഗമത്തിൽ, വിവിധ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരും, വിശിഷ്ടവ്യക്തിത്വങ്ങളും സംബന്ധിക്കുമെന്നും പാപ്പാ വ്യക്തമാക്കി.

അപകടകരമായ സാഹചര്യങ്ങളിൽ ജീവിക്കാൻ നിർബന്ധിതരാവുകയും, പലപ്പോഴും ചൂഷണങ്ങൾക്കും ദുരുപയോഗങ്ങൾക്കും വിധേയരാകുകയും, സംഘർഷമേഖലകളിലെ ദുരിതങ്ങളുടെ ഇരകളാകുകയും ചെയ്യുന്ന ലക്ഷക്കണക്കിന് കുട്ടികളെ സഹായിക്കാനും സംരക്ഷിക്കാനുമുള്ള ഒരു അവസരം കൂടിയായിരിക്കും പ്രസ്തുത സമ്മേളനം.

ഉക്രൈനെ മറക്കാതെ പാപ്പാ

നവംബർ പത്തൊൻപതിന് ഉക്രൈനുമേൽ നടന്ന അധിനിവേശത്തിന്റെ ആയിരം ദിനങ്ങൾ പൂർത്തിയാകുകയാണെന്നത് തന്റെ പ്രഭാഷണമധ്യേ പാപ്പാ ഓർമ്മിപ്പിച്ചു. യുദ്ധമുണ്ടാക്കിയ നാശനഷ്ടങ്ങളുടെയും മരണങ്ങളുടെയും മാത്രമല്ല, മാനവികതയ്ക്ക് മുഴുവൻ നാണക്കേടുണ്ടാക്കുന്ന ഒരു സംഭവത്തിന്റെയും ദിനങ്ങളിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് പാപ്പാ പറഞ്ഞു. എന്നാൽ യുദ്ധം ആരംഭിച്ചിട്ട് ആയിരം ദിവസങ്ങളായിട്ടും അവസാനിമില്ലാതെ ഈ ദുരിതങ്ങൾ തുടരുന്നു എങ്കിലും, ഉക്രൈൻ ജനതയോട് ചേർന്ന് നിൽക്കാനും, സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും, സംവാദങ്ങൾ പ്രോത്സാഹിപ്പിക്കാനും നാം ഇനിയും ശ്രമിക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഉക്രൈനിലേക്കുള്ള വത്തിക്കാൻ നയതന്ത്രപ്രതിനിധിക്കയച്ച കത്തിലും പാപ്പാ, ഉക്രൈൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow