ജീവിതത്തിന്റെ നൈമിഷികതയും അമൂല്യതയും

കഴിഞ്ഞ ദിവസം യാദൃശ്ചികമായി കാണാനിടയായ വളരെ ചെറിയ ഒരു വീഡിയോ ചിന്തോദ്ദീപകമായ തോന്നി.

Aug 5, 2024 - 12:12
 0  17
ജീവിതത്തിന്റെ നൈമിഷികതയും അമൂല്യതയും

കഴിഞ്ഞ ദിവസം യാദൃശ്ചികമായി കാണാനിടയായ വളരെ ചെറിയ ഒരു വീഡിയോ ചിന്തോദ്ദീപകമായ തോന്നി. ഇറ്റാലിയൻ ഭാഷയിലുള്ള ആ വീഡിയോയിൽ മുപ്പതോളം വയസ്സുള്ള ഒരു മനുഷ്യൻ ജീവിതത്തിന്റെ ഹ്രസ്വതയെക്കുറിച്ചാണ് പറയുന്നത്. ഇറ്റലിയിൽ ഒരു സാധാരണ മനുഷ്യന്റെ ആയുർദൈർഘ്യം എൺപത്തിമൂന്ന് വയസ്സായാണ് കണക്കാക്കുന്നത്. ഇതിൽ നാൽപ്പതോളം വർഷങ്ങൾ ജോലിക്കായി നാം ചിലവഴിക്കേണ്ടിവരും. ദിവസം എട്ട് മണിക്കൂർ ജോലി വീതം കണക്കുകൂട്ടിയാൽ എട്ടൊൻപത് വർഷങ്ങളുടെ അത്രയും സമയമെടുക്കും നാൽപ്പതോളം വർഷങ്ങളുടെ ജോലിസമയം. ജീവിതത്തിന്റെ മൂന്നിലൊന്നോളം സമയം നാം ഉറങ്ങി തീർക്കും. നമുക്ക് ഇപ്പോഴുള്ള പ്രായം കൂടി ഈ എൺപത്തിമൂന്ന് വർഷങ്ങളിൽനിന്ന് കുറച്ചാൽ നമ്മുടേതെന്ന് പറഞ്ഞ് ജീവിക്കാൻ, നമ്മുടെ സ്വപ്‌നങ്ങൾ യാഥാർഥ്യവത്കരിക്കാൻ ഇനിയെത്ര സമയമുണ്ടാകും എന്നാണ് അദ്ദഹം ചോദിക്കുക. എന്നിട്ടും നമ്മൾ ഈ ലോകത്ത് മരണമില്ലാത്തവരെപ്പോലെ ജീവിക്കാമെന്ന് കരുതി മുന്നോട്ടുപോവുകയാണ്. വളരെ ചെറിയ ഒരു സമയത്തേക്ക് മാത്രമേ നാം ഈ ഭൂമിയിൽ ഉണ്ടാകൂ എന്ന ഒരു സത്യം മനസ്സിലാക്കാതെയോ, മനസ്സിലാക്കിയിട്ടും ആ സത്യത്തെ അവഗണിച്ചുകൊണ്ടോ ആണ് പലപ്പോഴും നാമൊക്കെ മുന്നോട്ടു പോകാൻ ശ്രമിക്കുന്നത്.

ജീവിതത്തിന്റെ നിസ്സാരത വിശുദ്ധ ഗ്രന്ഥത്തിൽ

നൂറ്റിനാൽപ്പത്തിനാലാം സങ്കീർത്തനം ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ച് നമ്മോട് സംസാരിക്കുന്നുണ്ട്. "മനുഷ്യൻ ഒരു ശ്വാസത്തിന് തുല്യനാണ്; അവന്റെ ദിനങ്ങൾ മാഞ്ഞ്‌ പോകുന്ന നിഴൽ പോലെയാകുന്നു" (സങ്കീ. 144, 4). വെറുമൊരു ശ്വാസം പോലെ അവസാനിക്കുന്ന ജീവിതം. വെയിൽ മങ്ങുമ്പോൾ ഇല്ലാതാകുന്ന നിഴൽ പോലെ അടുത്തൊരു നിമിഷത്തിലെപ്പോഴോ തീരാവുന്ന ഒരു സാന്നിദ്ധ്യമാണ് ഈ ഭൂമിയിൽ നമുക്കുള്ളതെന്ന് നാം പലപ്പോഴും മറന്നുപോകുന്നു.

നിസ്സാരമെന്നു കരുതാവുന്ന നമ്മുടെ ജീവിതത്തിന്റെ മൂല്യമേറ്റുന്നത്, അതിൽ ദൈവം ഇടപെടുമ്പോഴാണ്. മറ്റൊരർത്ഥത്തിൽ, ദൈവം നൽകിയ ജീവിതമാണ് നമ്മുടേത് എന്ന തിരിച്ചറിവുണ്ടാകുമ്പോഴാണ്. തന്റെ ഛായയിലും സാദൃശ്യത്തിലും ദൈവം മനുഷ്യനെ സൃഷ്ടിച്ചതിനെപ്പറ്റി ഉത്പത്തിപുസ്തകത്തിന്റെ ആദ്യ അദ്ധ്യായങ്ങളിൽ നാം കാണുന്നുണ്ട്. അവിടുന്നാണ് മനുഷ്യന് ജീവശ്വാസമേകിയത്. സൃഷ്ടികളിൽ ഉന്നതനായി അവിടുന്ന് അവനെ സൃഷ്ടിച്ചു.

ദൈവപുത്രനായ ക്രിസ്‌തു, ദൈവപരിപാലനയിൽ ആശ്രയിക്കാൻ ഉപദേശിച്ചുകൊണ്ട്, കരുതലുള്ള ഒരു പിതാവിനെക്കുറിച്ച്, നമ്മുടെ ജീവിതത്തെ അർത്ഥപൂർണ്ണമാക്കുന്ന ദൈവത്തെക്കുറിച്ച് പറയുന്നത് മത്തായിയുടെ സുവിശേഷം ആറാം അദ്ധ്യായത്തിൽ നമുക്ക് കാണാം. ആകാശത്തിലെ പറവകളെയും, വയലിലെ ലില്ലികളെയും ഒക്കെ ഉദാഹരണമായി നമുക്ക് മുന്നിൽ നിരത്തിയിട്ടാണ് ദൈവപുത്രന് ചോദിക്കുക, "അല്പവിശ്വാസികളെ, നിങ്ങളെ അവിടുന്ന് എത്രയധികം അലങ്കരിക്കുകയില്ല?" (മത്തായി 6, 26-30). ജീവിതത്തിന്റെ നിസ്സാരതയെയും, എന്നാൽ അതേസമയം, ദൈവമക്കൾ എന്ന നിലയിൽ നമ്മുടെ അമൂല്യതയെയും കുറിച്ച് പഴയനിയമമാകട്ടെ പുതിയനിയമമാകട്ടെ, ബൈബിൾ, വിവിധ ഉദാഹരണങ്ങൾ നിരത്തി നമ്മോട് സംസാരിക്കുന്നുണ്ട്.

ബോധ്യങ്ങളെ മാറ്റിമറിക്കുന്ന സംഭവങ്ങൾ

2024 ജൂലൈ മാസം, മലയാളികളെ സംബന്ധിച്ചിടത്തോളം പെട്ടന്ന് മറക്കാനാകാത്ത ഒരു മാസമാണ്. എത്ര നിസ്സാരമായാണ്, എത്ര വേഗത്തിലാണ് ജീവൻ ഇല്ലാതാകുന്നതെന്ന് പ്രകൃതി നമ്മെ പഠിപ്പിക്കുകയായിരുന്നു. കർണാടകത്തിലെ ഷിരൂർ എന്ന ഒരു സ്ഥലത്ത് ഗംഗാവേലിപുഴയുടെ അരികിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നമ്മുടെ ഒരു മലയാളിസഹോദരൻ ഉൾപ്പെടെ നിരവധി പേരെ കാണാതായതായിരുന്നു ഇതിൽ ആദ്യ സംഭവം. ഏറെ ഊഹാപോഹങ്ങളും, മുൻവിധികളും, ഉറപ്പുകളും ഒക്കെ നാം കണ്ടു. ചന്ദ്രനോളം എത്തിയ മനുഷ്യബുദ്ധി, ഇടിഞ്ഞുവീണ കുറച്ചു മണ്ണിനുമുൻപിൽ നിസ്സഹായതയോടെ നിൽക്കുന്ന ഒരു കാഴ്ചയാണ് അവിടെ നാം കണ്ടത്. ശാസ്ത്രത്തിന്റെ വളർച്ചയും, ഏറെ ശക്തമെന്നു കരുതിയിരുന്ന സാങ്കേതികവിദ്യകളും, വലിയ അനുഭവസമ്പത്തുകളുമൊക്കെ തങ്ങൾക്ക് ഏറെയൊന്നും ചെയ്യാനാകില്ല എന്ന തിരിച്ചറിവിലേക്ക് മടങ്ങിയ നിമിഷം. എത്ര മനുഷ്യരെയാണ് നഷ്ടപ്പെട്ടതെന്നുപോലും അറിയാൻ നമുക്ക് സാധിച്ചിട്ടില്ല.

ജൂലൈ 30 ചൊവ്വാഴ്ച രാവിലെ വടക്കൻ കേരളത്തിലെ വായനാട്ടിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലുകളിലും മണ്ണിടിച്ചിലിലും നൂറു കണക്കിന് മനുഷ്യർ മരണമടഞ്ഞ സംഭവവും, നമ്മുടെ ജീവിതത്തിന്റെ ക്ഷണികതയെ വ്യക്തമാക്കുന്നതായിരുന്നു. ഒരുപാട് മനുഷ്യരുടെ സ്വപ്‌നങ്ങളും, പദ്ധതികളും ഒക്കെയാണ് മലവെള്ളപ്പാച്ചിൽ മണ്ണിനടിയിലൊളിപ്പിച്ചത്. നല്ലൊരു വീട്, വിവാഹം, പഠനം, കൃഷി അങ്ങനെ എത്രയെത്ര സ്വപ്‌നങ്ങളും യാഥാർത്ഥ്യങ്ങളുമാണ് ഏതാനും മണിക്കൂറുകൾകൊണ്ട് ഇല്ലാതായത്. മുസ്ലിമാകട്ടെ, ഹിന്ദുവാകട്ടെ, ക്രിസ്ത്യാനിയാകട്ടെ, വേർതിരിവുകളില്ലാതെ പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ ഏവരും ഒരുപോലെ ഇല്ലാതായി.

തിരിച്ചറിവുകളുടെ നിമിഷങ്ങൾ

ഷിരൂർ സംഭവമാകട്ടെ, വയനാട് ദുരന്തമാകട്ടെ, മനുഷ്യരുടെ ഉള്ളിലെ നന്മതിന്മകൾ നമുക്ക് മുന്നിൽ വ്യക്തമാക്കുന്ന സംഭവങ്ങളായിരുന്നു രണ്ടും. നമ്മുടെയൊന്നും ആരുമല്ലാതിരുന്നിട്ടും അപകടമുഖത്ത് പെട്ടുപോയ ആ മനുഷ്യരെക്കുറിച്ചോർത്ത് നമ്മുടെയൊക്കെ മനസ്സ് ഏറെ നൊന്തിട്ടുണ്ട്. നമ്മുടെയൊക്കെ വിശ്വാസങ്ങളും, ജാതിയും മതങ്ങളും ഒക്കെ വ്യത്യസ്തമായിട്ടും, നാമൊക്കെ നമ്മുടേതായ വിശ്വാസത്തോടെ അവർക്കുവേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. സാധിക്കുന്നവർ തങ്ങളാലാകുന്ന വിധത്തിലൊക്കെ സഹായിക്കാൻ ശ്രമിച്ചിട്ടുണ്ട്. സ്വന്തം സഹോദരങ്ങൾക്കുവേണ്ടിയെന്നപോലെ, കഴിയുന്നയിടങ്ങളിലെല്ലാം സ്വാധീനം ചെലുത്താൻ ശ്രമിച്ചിട്ടുണ്ട്. ഏറെയിടങ്ങളിൽ വസ്ത്രവും, ഭക്ഷണവുമുൾപ്പെടെ ആളുകൾ ശേഖരിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. അങ്ങനെ മലയാളിയുടെ മാത്രമല്ല, വിവിധ ദേശക്കാരുടെയും ഭാഷക്കാരുടെയും നന്മനസ്സ് കാണുവാൻ ഈ സംഭവങ്ങൾ കാരണമായിട്ടുണ്ട്.

സ്വന്തമല്ലാതിരുന്നിട്ടും, ആരുടെയൊക്കെയോ കുട്ടികളെ മരണത്തിന്റെ വക്കിൽനിന്ന് ജീവനിലേക്കു തിരികെ കൈപിടിച്ച് കൊണ്ടുവന്ന കുറച്ച് നല്ല ആളുകൾ! മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് മക്കളുടെ സ്നേഹം നൽകിയ ചെറുപ്പക്കാർ! മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് മാതൃ, പിതൃ സ്നേഹവും കരുതലും നൽകിയ നല്ല നാട്ടുകാർ! രാഷ്ട്രീയ വൈരം മറന്ന്, മതവിദ്വേഷങ്ങൾ മറന്ന്, പരസ്പരം കൈകോർത്ത് മനുഷ്യർ ഒന്നായി മനുഷ്യർക്കായി അധ്വാനിച്ച സമയം!

ചില വേദനിപ്പിക്കുന്ന സത്യങ്ങൾ

കഴിഞ്ഞ ദിവസം കണ്ട ഒരു സന്ദേശം ഇതളായിരുന്നു, “മഴ കുറഞ്ഞു, വെള്ളമിറങ്ങിത്തുടങ്ങി, ഇനി പരസ്പരം ചെളിവാരിയെറിയാം!” ഏതാനും വർഷങ്ങൾക്ക് മുൻപാണ് ലോകത്ത് ലക്ഷക്കണക്കിന് ജീവനുകളെടുത്ത് കോവിഡ് മഹാമാരി കടന്നുവന്നത്. എങ്ങനെ പ്രതിരോധിക്കണമെന്ന് തിരിച്ചറിഞ്ഞുവന്നപ്പോൾ, പലർക്കും തങ്ങളുടെ ഉറ്റവരെയും ഉടയവരെയുമൊക്കെ നഷ്ടപ്പെട്ടിരുന്നു. മനുഷ്യർ സ്വയം ഒറ്റപ്പെടുത്തി മാറി നിന്ന സമയം! ഇനിയൊരു ജീവിതമുണ്ടെങ്കിൽ അത് സഹോദര്യത്തിന്റേതാകുമെന്ന്, സ്നേഹത്തിന്റേതും പങ്കുവയ്ക്കലിന്റേതുമാകുമെന്ന് വാഗ്‌ദാനങ്ങൾ വാരിവിതറി കോവിഡിനെ അതിജീവിച്ചുവന്ന നാം, നമ്മുടെ തീരുമാനങ്ങൾ കാറ്റിൽപ്പറത്തി, മാനവികതയെ കാർന്നുതിന്നുന്ന സ്വാർത്ഥതയുടെ മഹാമാരിയെ തിരികെ പുണർന്നു. നമ്മുടെ ഭൂമിയെ മുമ്പുള്ളതിനേക്കാൾ കൂടുതൽ ശക്തിയിൽ കാർന്നു തിന്നുന്ന ജന്മങ്ങളായി മനുഷ്യർ അധഃപതിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, ഉക്രൈനിലും, ഗാസാ മുനമ്പിലും, ഇസ്രയേലിലും, സുഡാനിലും, സിറിയയിലും, ലെബനോനിലും ഒക്കെ സായുധസംഘർഷങ്ങൾ ആയിരക്കണക്കിന് ജീവനുകളെടുക്കുന്നത് നാം അനുദിനം പത്രമാധ്യമങ്ങളിലൂടെ അറിയുന്നുണ്ട്. എത്രയേറെപ്പേർ സമാധാനഹ്വാനങ്ങളുമായി മുന്നോട്ടുവന്നാലും, തോൽവി സമ്മതിക്കാനോ, സമാധാനചർച്ചകളിലൂടെ സംഘർഷങ്ങൾ അവസാനിപ്പിക്കാനോ ആരും തന്നെ തയ്യാറാകുന്നില്ല. ദേശീയ, അന്തർദേശീയ തലങ്ങളിലുള്ള അസമത്വങ്ങളും, അനീതിയും കാരണം പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയേണ്ടിവരുന്ന, വിശന്നു മരിക്കേണ്ടിവരുന്ന എത്രയോ മനുഷ്യജന്മങ്ങൾ നമുക്ക് മുന്നിൽ ചോദ്യചിഹ്നങ്ങളായി നിൽക്കുന്നുണ്ട്!

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങളുടെയും, സായുധസംഘർഷങ്ങളുടെയും, യുദ്ധങ്ങളുടെയും ഒക്കെ മുന്നിൽ നാം നന്മമരങ്ങളായി അഭിനയിച്ച് വലിയ സത്യപ്രതിജ്ഞകളും വാഗ്ദാനങ്ങളും നല്ല തീരുമാനങ്ങളുമൊക്കെ എടുക്കാറുണ്ട്! ഇനിയൊരിക്കലും പ്രകൃതിയെ വേദനിപ്പിക്കില്ലെന്ന്, മണ്ണിന്റെ വിഭവങ്ങൾ ചൂഷണം ചെയ്യില്ലെന്ന്, സമ്പത്ത് ഏവർക്കുമായി പങ്കുവയ്ക്കുമെന്ന്, പാവപ്പെട്ടവരെ കൈപിടിച്ചുയർത്തുമെന്ന്, മതവിദ്വേഷങ്ങൾ അവസാനിപ്പിക്കുമെന്ന്, സാഹോദര്യം ജീവിക്കുമെന്ന്, അങ്ങനെ എത്രയെത്ര മോഹനവാഗ്ദാനങ്ങളാണ് നാമുൾപ്പെടുന്നവർ സമൂഹത്തിൽ നൽകുന്നത്! എന്നാൽ മഴയൊന്നടങ്ങിയാൽ, സംഘർഷങ്ങളൊന്നൊതുങ്ങിയാൽ, വീണ്ടും, ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും  ഉച്ചനീചത്വങ്ങളും വൈരാഗ്യബുദ്ധിയും, സാമ്പത്തികസ്ഥിതിയുടെയും വലിപ്പച്ചെറുപ്പങ്ങളുടെയും പട്ടിക നിരത്തി ആരാണ് മെച്ചം, ആരാണ് മോശം എന്ന കണക്കുകളുമായി നാം മുന്നോട്ടിറങ്ങും.

വളർച്ചകളും മുരടിച്ചകളും, ദുരന്തങ്ങളും നേട്ടങ്ങളും, ജനനവും മരണവും എല്ലാം നമുക്ക് രാഷ്ട്രീയപരമായി, സാമ്പത്തികപരമായി, സാമൂഹികപരമായി, മതപരമായി ഒക്കെയുള്ള നേട്ടങ്ങൾക്കും, അവകാശവാദങ്ങൾക്കുമുള്ള ഇടങ്ങളായി മാറുന്നത്, ജീവിതത്തിന്റെ അർത്ഥമോ, പ്രാധാന്യമോ, നിസ്സാരതയോ, ക്ഷണികതയോ, അമൂല്യതയോ ഒന്നും നമുക്കിനിയും മനസ്സിലായിട്ടില്ലെന്നതിന് തെളിവായി നമുക്ക് മുന്നിലുണ്ട്.

നന്മയെ തിന്മയാക്കുന്ന മനുഷ്യർ

ഉത്പത്തിപുസ്തകത്തിൽ, മണ്ണും മരങ്ങളും ആകാശവും ആഴിയും എല്ലാം സൃഷ്‌ടിച്ച ദൈവം, അവസാനം മനുഷ്യനെ തന്റെ സൃഷ്ടിയുടെ മകുടമായി രൂപപ്പെടുത്തുന്നത് നാം വായിക്കുന്നുണ്ട്. എല്ലാം നന്നായിരിക്കുന്നുവെന്നാണ് തന്റെ സൃഷ്ടിയെക്കുറിച്ച് ദൈവം പറയുക. മതങ്ങളെക്കുറിച്ചും, രാഷ്ട്രീയ, സാമൂഹിക ചിന്തകളെക്കുറിച്ചും ഒക്കെ ആഴത്തിൽ പഠിക്കുമ്പോൾ, പൊതുവെ, മനുഷ്യന്റെ നന്മയെ ലക്ഷ്യമാക്കുന്നവയാണ് അവയെല്ലാം എന്ന് നമുക്കറിയാം. എന്നാൽ നന്മയായവയെ തിന്മയ്ക്കാൻ, വളർത്താനുള്ള അവസരങ്ങളെ ഇല്ലാതാക്കാനുള്ള നിമിഷങ്ങളാക്കാൻ, സഹായിക്കാനുള്ള സാഹചര്യങ്ങളെ നശിപ്പിക്കാനും തളർത്താനുമുള്ള ഇടങ്ങളാക്കാൻ, സ്നേഹിക്കപ്പെടേണ്ടയിടങ്ങളെ സ്വർഗ്ഗത്തെ, നരകമാക്കാൻ കഴിവുള്ള ചില മനുഷ്യർ നമുക്കിടയിലുണ്ടെന്നതാണ് സത്യം.

ദൈവം മനുഷ്യർക്ക് മുന്നിൽ അവതരിക്കുന്നത് വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലുമാകാം. എന്നാൽ എല്ലായിടത്തും ദൈവം നമ്മിൽനിന്ന് ആഗ്രഹിക്കുന്ന ഒന്നുണ്ട്. എന്നെങ്കിലും, നാമൊക്കെ ദൈവത്തെപ്പോലെയായിരുന്നെങ്കിൽ! വേദനിക്കുന്നവർക്ക് ആശ്വാസമേകാൻ നമുക്ക് സാധിച്ചിരുന്നെങ്കിൽ!, പാവപ്പെട്ടവർക്ക് താങ്ങാകാൻ നാം തയ്യാറായിരുന്നെങ്കിൽ!, വ്യത്യസ്ത അഭിപ്രായങ്ങളുള്ളവരെയും അംഗീകരിക്കാനും, ബഹുമാനിക്കാനും പഠിച്ചിരുന്നെങ്കിൽ! വർണ്ണ, വർഗ്ഗ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും സഹോദര്യസ്നേഹത്തോടെ കരുതാൻ കഴിഞ്ഞിരുന്നെങ്കിൽ! വൈരാഗ്യങ്ങളും വെറുപ്പും, മതവിദ്വേഷങ്ങളും അവസാനിപ്പിച്ചിരുന്നെങ്കിൽ, ഈ ഭൂമിയെ ഉത്തരവാദിത്വത്തോടും, എളിമയോടും, സ്നേഹത്തോടും കൂടി പരിപാലിക്കാനും കൈകാര്യം ചെയ്യാനും അറിഞ്ഞിരുന്നെങ്കിൽ!

തിന്മയനുഭവങ്ങളിലും നന്മ പൊഴിക്കുന്ന ജന്മങ്ങൾ

മനുഷ്യന് എത്ര മോശമാകാനും, നന്നാകാനും കഴിയും എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം കണ്ടിരുന്നു. ഏതോ ഒരു വഴിയരികിൽനിന്നുള്ള ഒരു ദൃശ്യമായിരുന്നു അത്. ഒരു പാവപ്പെട്ട വയോധിക ഒരു തെരുവോരത്തിരുന്ന് ഭക്ഷണം കഴിക്കുകയാണ്. അതുവഴി വന്ന ഒരു പോലീസുകാരി തന്റെ ബൂട്ടിട്ട കാലുകൊണ്ട് അവരുടെ ഭക്ഷണം തട്ടിത്തെറിപ്പിക്കുകയും, അവരെ ആ പ്രധാന വഴിയിൽനിന്ന് തള്ളി മാറ്റുകയും ചെയ്യുന്നു. ഏതാനും നിമിഷങ്ങൾ കഴിയുമ്പോൾ, ആ പൊലീസുകാരി തല കറങ്ങി നിലത്തുവീഴുന്നു. അപ്പോൾ, അവർ മുൻപ് ഓടിച്ചുവിട്ട ആ വയോധിക അവിടേക്കെത്തി, അവരെ താങ്ങിയെഴുന്നേല്പിച്ച്, തന്റെ കൈയ്യിലുള്ള വെള്ളമെടുത്ത് അവർക്ക് നൽകാൻ ശ്രമിക്കുന്നു. ആദ്യം ആ ഉദ്യോഗസ്ഥ അത് സ്വീകരിക്കുന്നില്ല, എന്നാൽ അവർ വീണ്ടും നിലത്തേയ്ക്ക് വീഴുമ്പോൾ, ആ വയോധിക അവർക്ക് വെള്ളം കുടിക്കാൻ നൽകി, അവരെ താങ്ങിപ്പിടിച്ച് ഒരു വശത്തേക്ക് നടക്കുന്നു. തന്നോട് നിർദ്ദാക്ഷിണ്യം പെരുമാറിയ, തന്റെ ഭക്ഷണം തട്ടിത്തെറിപ്പിച്ച ആ പോലീസുകാരിയോട് പാവപ്പെട്ട ആ വയോധിക കാണിക്കുന്ന പ്രവൃത്തിയിലെ നന്മയിൽ ഒരുതരം ദൈവികതയാണ് നമുക്ക് കാണാൻ സാധിക്കുക. ചേറിൽ വളരുമ്പോഴും മനോഹരമായ പുഷ്പം സമ്മാനിക്കുന്ന താമരച്ചെടിപോലെ! തിന്മയ്ക്ക് പകരം നന്മ ചെയ്യാൻ നാമൊക്കെ തയ്യാറായിരുന്നെങ്കിൽ!

ഉപസംഹാരം

നമ്മുടെ കണ്മുൻപിലൂടെ കടന്നുപോയ ചില സംഭവങ്ങളുടെ വെളിച്ചത്തിൽ, മനുഷ്യജീവന്റെ നൈമിഷികതയെയും, അതിന്റെ അമൂല്യതയെയും, ജീവിതത്തോടും ചുറ്റുമുള്ള ജീവിതങ്ങളോടും നമുക്കുണ്ടാകേണ്ട മനോഭാവത്തെയും കുറിച്ചുള്ള ചിന്തകളിലൂടെയാണ് നാം കടന്നുപോയത്. നമ്മുടെയൊക്കെ മതവും, വർഗ്ഗവും വർണ്ണവും, ദേശവും ഏതുമാകട്ടെ, ഈ ഭൂമിയിലെ നമ്മുടെ ജീവിതത്തെ മനോഹരമാക്കാൻ, ഏവർക്കും അനുഗ്രഹമാകാൻ നമുക്ക് സാധിക്കണം. കാവ്യഭാവനയിലേതുപോലെ, "ഈ മനോഹരതീരത്ത് ഇനിയൊരു ജന്മം തരുമോയെന്ന്" ചോദിക്കുന്നതിനേക്കാൾ, ഈയൊരു ജന്മം കൊണ്ട്, നമ്മുടെ തീരങ്ങൾ മനോഹരമാക്കാൻ, കൂടെയുള്ളവരെയും, വരുവാനിരിക്കുന്നവരെയും സ്നേഹിച്ചും പരിഗണിച്ചും ജീവിക്കുവാൻ നമുക്ക് സാധിക്കട്ടെ. സ്നേഹിക്കുന്ന, കരുണയുള്ള, ചേർത്തുപിടിക്കുന്ന ഒരു ദൈവമാണ് നമുക്കുള്ളതെന്ന് ക്രിസ്‌തു പഠിപ്പിച്ചുതരുന്നുണ്ട്. ആ ദൈവപിതാവിന്റെ മക്കളെന്ന നിലയിൽ, ദൈവദാനമായ നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും നന്ദി നിറഞ്ഞ ഹൃദയത്തോടെ, പരസ്പരം സ്നേഹിച്ചും സഹായിച്ചും, പരിഗണിച്ചും ബഹുമാനിച്ചും, തുണച്ചും വളർത്തിയും മുന്നോട്ടു പോകാം. വേദനിക്കുന്നവരെയും വലയുന്നവരെയും ചേർത്തുനിറുത്താം. വേർതിരിവുകളും വൈരാഗ്യവും, ഉച്ചനീചത്വങ്ങളും നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും മാത്രമല്ല, നമ്മുടെ മനസ്സിലും ഹൃദയത്തിലും പോലും ഉണ്ടാകാതിരിക്കട്ടെ! നമ്മുടെ വിശ്വാസത്തിന്റെയും ബോധ്യങ്ങളുടെയും നേർസാക്ഷ്യമായി നമ്മിലെ നന്മ മറ്റുള്ളവർക്കുകൂടി സാക്ഷ്യവും മാതൃകയുമാകട്ടെ. എല്ലാ അനുഭവങ്ങളിലും ദൈവത്തെ മുറുകെപ്പിടിച്ച്, ഏവർക്കും നന്മ മാത്രം പകർന്ന്, വേദനകളും മരണവുമില്ലാത്ത നിത്യജീവിതത്തെ ലക്ഷ്യമാക്കി സഞ്ചരിക്കാം.

What's Your Reaction?

like

dislike

love

funny

angry

sad

wow