മതവും സംസ്കാരവും അക്രമത്തിലേക്കല്ല, സാഹോദര്യ-സഹകരണ-സാമൂഹ്യവ്യവസ്ഥയിലേക്ക് നയിക്കണം: ഫ്രാൻസിസ് പാപ്പാ

മതവും വംശീയതുമായി ബന്ധപ്പെട്ട ആക്രമങ്ങൾ അവസാനിപ്പിക്കാനും, സമാധാനശ്രമങ്ങളുമായി മുന്നോട്ട് പോകാനും

Aug 8, 2024 - 12:21
 0  6
മതവും സംസ്കാരവും അക്രമത്തിലേക്കല്ല, സാഹോദര്യ-സഹകരണ-സാമൂഹ്യവ്യവസ്ഥയിലേക്ക് നയിക്കണം: ഫ്രാൻസിസ് പാപ്പാ

മതവും വംശീയതുമായി ബന്ധപ്പെട്ട ആക്രമങ്ങൾ അവസാനിപ്പിക്കാനും, സമാധാനശ്രമങ്ങളുമായി മുന്നോട്ട് പോകാനും സൗഹൃദത്തിൽ ജീവിക്കുന്ന ഒരു സാമൂഹ്യസ്ഥിതി വളർത്തിയെടുക്കാനും അഫ്‌ഗാൻ പ്രവാസികളെ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. ഓഗസ്റ്റ് ഏഴ് ബുധനാഴ്ച, ഇറ്റലിയിലെ അഫ്ഗാൻ സമൂഹത്തിന്റെ കൂട്ടായ്ക്ക് വത്തിക്കാനിൽ അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കവെ, നിരവധിയായ യുദ്ധങ്ങളും സായുധസംഘർഷങ്ങളും മൂലം നിരവധി അഫ്‌ഗാൻ പൗരന്മാർക്ക് സ്വരാജ്യം വിട്ടുപോകേണ്ടിവന്നിട്ടുണ്ടെന്നത് താൻ അറിയിന്നുണ്ടെന്നും, ഇറ്റലിയിലെത്തിയ ചില അഫ്‌ഗാൻ കുടുംബങ്ങളെ താൻ നേരിൽ കണ്ടുമുട്ടിയിട്ടുണ്ടെന്നും പാപ്പാ അനുസ്മരിച്ചു.

അഫ്ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും പൊതുസമൂഹം, തങ്ങളുടെ പാരമ്പര്യങ്ങളിലും സംസ്കാരത്തിലും അഭിമാനിക്കുന്ന വിവിധ ജനതകളെ ഉൾക്കൊള്ളുന്ന ഒന്നാണെന്നും, അതുകൊണ്ടുതന്നെ ഏവരുടെയും അവകാശങ്ങളെ മാനിക്കുന്ന ഒരു സ്ഥിതിയാണ് അവിടെ ഉണ്ടാകേണ്ടതെന്നും പറഞ്ഞ പാപ്പാ, എന്നാൽ പലപ്പോഴും ഈ രാജ്യങ്ങളിൽ,  വൈവിധ്യം വിവേചനങ്ങൾക്കും, അവഗണനയ്ക്കും, ചിലപ്പോഴെങ്കിലും പീഡനങ്ങൾക്കും കാരണമായി മാറുന്നുണ്ടെന്ന് പ്രസ്‌താവിച്ചു. ഇത് പരിതാപകരമാണെന്ന് അപലപിച്ച പാപ്പാ, എന്നാൽ നിരവധി യുദ്ധങ്ങളിലൂടെ കടന്നുപോകുന്ന നിങ്ങൾ പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് കടന്നുപോയതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ അതിർത്തിപ്രദേശങ്ങളിൽ വിവിധ സംസ്കാരങ്ങളും ജനതകളും തമ്മിലുള്ള ഇടപഴകൽ കൂടുതലായുണ്ടെന്നും, എന്നാൽ ഈ പ്രദേശങ്ങളിൽ കൂടുതൽ ശക്തരെന്ന് കരുതുന്ന വിഭാഗം പലപ്പോഴും നിയമത്തിന്റെ ബലത്തിൽ ആശ്രയിക്കുന്നതിന് പകരം, തങ്ങളുടെ ബലത്തിൽ ആശ്രയിച്ച് മുന്നോട്ട് പോവുകയും, ന്യൂനപക്ഷങ്ങളുടെമേൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

മതങ്ങൾ, അവയുടെ സ്വഭാവത്താൽത്തന്നെ വൈവിധ്യങ്ങൾക്കിടയിലും, ഏവർക്കും തുല്യത ഉറപ്പാക്കുന്നതിനും, പൗരത്വ അവകാശങ്ങൾ അംഗീകരിക്കുന്നതിനും സഹായിക്കേണ്ടവയായിരിക്കെ, പലപ്പോഴുംഅവ ചൂഷണങ്ങൾക്കും കള്ളത്തരങ്ങൾക്കും ഇരകളാകുകയും, തങ്ങളുടെ യഥാർത്ഥ വിളിയോട് നീതി പുലർത്തിരിക്കുകയും ചെയ്യുന്ന സാഹചര്യമാണുണ്ടാകുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഇങ്ങനെയുള്ള അവസരങ്ങളിൽ മതം, വെറുപ്പിന്റെയും പോരാട്ടങ്ങളുടെയും കാരണമാവുകയും, അക്രമാസക്തമായ പ്രവൃത്തികളിലേക്ക് അതിന്റെ അനുയായികളെ നയിക്കുകയും ചെയ്തേക്കാമെന്ന് പ്രസ്താവിച്ച പാപ്പാ, ഇത് നിങ്ങൾ നേരിൽ കണ്ടിട്ടുള്ളതാണെന്ന് ഓർമ്മിപ്പിച്ചു. താനും അത്തരം ദൃശ്യങ്ങളുള്ള വീഡിയോകൾ കണ്ടിരുന്നുവെന്ന് പാപ്പാ പറഞ്ഞു.

ദൈവനാമത്തിൽ ഒരു മതവും മറ്റുള്ളവരോടുള്ള വെറുപ്പ് വളർത്തുകയോ, വൈരാഗ്യത്തിലേക്കോ അക്രമങ്ങളിലേക്കോ നയിക്കാൻ പാടില്ലായെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. അതുകൊണ്ടുതന്നെ, നിങ്ങൾ ഇപ്പോൾ നടത്തിവരുന്ന മതങ്ങൾ തമ്മിലുള്ള സംവാദങ്ങളും, അതുവഴി സമാധാനത്തിലേക്ക് എത്താനുള്ള ശ്രമങ്ങളും തുടരാൻ പാപ്പാ അഫ്‌ഗാൻ സമൂഹത്തോട് ആവശ്യപ്പെട്ടു. താൻ മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലേക്ക് നടത്തിയ അപ്പസ്തോലിക യാത്രയിൽ, അവിടെയുള്ള ഒരു മോസ്കിൽ കയറിയതും, പ്രാർത്ഥിച്ചതും, അവിടുത്തെ മുസ്ലിം സമൂഹത്തിന്റെ നേതാവ് തന്നോടൊപ്പം പേപ്പൽവാഹനത്തിൽ കയറി ഇസ്ലാം, പ്രൊട്ടസ്റ്റന്റ്, കത്തോലിക്കാ സമൂഹങ്ങളെ കാണാൻ വന്നതും അനുസ്മരിച്ച പാപ്പാ, ഇതുപോലെയുള്ള കാര്യങ്ങൾ ഒരുമയിലേക്ക് നയിക്കുന്നുവെന്ന് ഓർമ്മിപ്പിച്ചു.

അൽ-അസ്ഹറിലെ വലിയ ഇമാമുമൊത്ത് "സമാധാനത്തിനും സഹവാസത്തിനുമായുള്ള മാനവികസഹോദര്യത്തെക്കുറിച്ചുള്ള രേഖ" യിൽ, മതങ്ങൾ യുദ്ധത്തിനോ, വൈരാഗ്യബുദ്ധിക്കോ, തീവ്രവാദത്തിനോ, രക്തച്ചൊരിച്ചിലിലോ ആഹ്വാനം ചെയ്യുന്നില്ല എന്ന് പ്രസ്താവിച്ചത് പാപ്പാ ഉദ്ധരിച്ചു. അത്തരം പ്രവൃത്തികൾ മതത്തിന്റെ തെറ്റായ ഉദ്ബോധനങ്ങൾ വഴിയും, മതങ്ങളെ രാഷ്ട്രീയപരമായ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതുകൊണ്ടും, മതവികാരത്തെ ദുരുപയോഗം ചെയ്യുന്നതുകൊണ്ടുമാണ് സംഭവിക്കുന്നതെന്നും, അതുവഴി മതങ്ങളുടെ അന്തസത്തയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിലേക്ക് ആളുകൾ നയിക്കപ്പെടുകയാണെന്നും ഈ രേഖയിൽ ഇരുമതനേതാക്കളും പ്രസ്താവിച്ചിരുന്നു. ഈ ബോധ്യത്താലാണ് മതവിശ്വാസത്തെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കാൻ തങ്ങൾ ആവശ്യപ്പെട്ടതെന്ന് പാപ്പാ വ്യക്തമാക്കി. മനുഷ്യർ സഹോദരങ്ങളായി ജീവിക്കുകയെന്നതാണ് ദൈവം ആവശ്യപ്പെടുന്നതെന്നും, മതം മറ്റു ജനതകളെ ഭയപ്പെടുത്താനുള്ള ഒന്നായി മാറരുതെന്നുമാണ് ദൈവം ആഗ്രഹിക്കുന്നതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. മതവുമായി ബന്ധപ്പെട്ടു പറഞ്ഞ ഇക്കാര്യങ്ങൾ, വർഗ്ഗ, ഭാഷാ,സംസ്‍കാര വ്യത്യാസങ്ങളുമായി ബന്ധപ്പെട്ട തലത്തിലും സത്യമാണെന്ന് മുൻപ് പറഞ്ഞ രേഖയിൽ എഴുതിയിരുന്നതും പാപ്പാ ആവർത്തിച്ചു.

മതങ്ങൾ തമ്മിലുള്ള പരസ്പര സഹകരണവും സംവാദങ്ങളും സംബന്ധിച്ച കാര്യങ്ങൾ നമ്മുടെ പൊതുപൈതൃകത്തിന്റെ ഭാഗമായി മാറിയിരുന്നെങ്കിൽ എന്ന് താൻ ആശംസിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ, അങ്ങനെ നടക്കുകയാണെങ്കിൽ, ആളുകളുടെ മനസ്ഥിതിയെ അവ സ്വാധീനിക്കുകയും, കൂടുതൽ അനുകമ്പയും, സഹകരണവും, പരസ്പരബഹുമാനവുമുള്ള ഒരു സമൂഹം വളർന്നുവരികയും ചെയ്യുമെന്ന് പറഞ്ഞ പാപ്പാ, ഇത്തരമൊരു വ്യവസ്ഥിതി നിലവിൽ വന്നാൽ പാക്കിസ്ഥാനിലെ പാഷ്ടുൻ സമൂഹം നേരിടുന്നുവെന്ന് അഫ്‌ഗാൻ സംഘം പറയുന്ന കഷ്ടനഷ്ടങ്ങൾക്ക് അറുതിവരുമെന്ന് അഭിപ്രായപ്പെട്ടു. ആഫ്രിക്കയിലെ ചില രാജ്യങ്ങളിലെ ഭൂരിപക്ഷങ്ങളായ ഇസ്ലാം മതവിശ്വാസികളും കത്തോലിക്കരും തമ്മിലുള്ള പരസ്പരസഹകരണം എടുത്തുപറഞ്ഞ പാപ്പാ, ഇതാണ് യഥാർത്ഥ സഹോദര്യത്തിലേക്ക് നയിക്കുകയെന്ന് ഉദ്ബോധിപ്പിക്കുകയും, അതിനായി ശ്രമിക്കാൻ ഏവരെയും ആഹ്വാനം ചെയ്യുകയും ചെയ്‌തു.

ഏവരുടെയും തുല്യ അവകാശങ്ങൾ ഉറപ്പുനൽകുന്ന രീതിയിൽ പൗരത്വം അംഗീകരിക്കപ്പെടുകയും, തങ്ങളുടെ പാരമ്പര്യങ്ങളും സംസ്കാരവും അനുസരിച്ചും ഏവരുടെയും അവകാശങ്ങൾ മാനിച്ചും, അവഗണനകൾ ഒഴിവാക്കിയുമുള്ള ഒരു സംസ്കാരത്തിൽ വളർന്നുവരാനായി, രാഷ്ട്രാധികാരികളെയും ജനതകളെയും ദൈവം സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow