ഞങ്ങളുടെ കടങ്ങൾ പൊറുക്കുക: ഞങ്ങൾക്ക് നിന്റെ സമാധാനമേകുക: 2025-ലെ ആഗോളസമാധാനദിനത്തിനായുള്ള ചിന്താവിഷയം

2025-ലെ ആഗോളസമാധാനദിനത്തിനായി, "ഞങ്ങളുടെ കടങ്ങൾ പൊറുക്കേണമേ, ഞങ്ങൾക്ക് നിന്റെ സമാധാനം നൽകേണമേ" എന്ന പ്രമേയം ഫ്രാൻസിസ് പാപ്പാ

Aug 9, 2024 - 11:55
 0  8
ഞങ്ങളുടെ കടങ്ങൾ പൊറുക്കുക: ഞങ്ങൾക്ക് നിന്റെ സമാധാനമേകുക: 2025-ലെ ആഗോളസമാധാനദിനത്തിനായുള്ള ചിന്താവിഷയം

2025-ലെ ആഗോളസമാധാനദിനത്തിനായി, "ഞങ്ങളുടെ കടങ്ങൾ പൊറുക്കേണമേ, ഞങ്ങൾക്ക് നിന്റെ സമാധാനം നൽകേണമേ" എന്ന പ്രമേയം ഫ്രാൻസിസ് പാപ്പാ തിരഞ്ഞെടുത്തു. വിശുദ്ധഗ്രന്ഥവുമായി ബന്ധപ്പെട്ട ചിന്തകളിലേക്കും, ജൂബിലി വർഷത്തിലെ പാപമോചനസാധ്യതകളിലേക്കും നമ്മുടെ ചിന്തകളെ കൊണ്ടുപോകുന്നതാണ് ഈ ചിന്താവിഷയമെന്ന്, സമഗ്ര മാനവിക വികസനത്തിനായുള്ള ഡികാസ്റ്ററി ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 8 വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി.

ഫ്രാൻസിസ് പാപ്പായുടെ ലൗദാത്തോ സി, ഫ്രത്തെല്ലി തൂത്തി എന്നീ ചാക്രികലേഖനങ്ങളുമായും, ജൂബിലിയുടെ പ്രധാന ചിന്തകളിൽ ഒന്നായ, പാപമോചനത്തെക്കുറിച്ചുള്ള പ്രത്യാശയുമായും, വിധിക്കാനെന്നതിനേക്കാൾ അനുരഞ്ജനപ്പെടാനും സമാധാനം സ്ഥാപിക്കാനുമായി പരിവർത്തനത്തിലേക്കുള്ള വിളിയുമായും ബന്ധപ്പെട്ട ഒരു ചിന്തയാണ് "കടങ്ങൾ പൊറുക്കപ്പെടാനും, സമാധാനം നേടാനുമായുള്ള" പ്രാർത്ഥനയെന്ന് ഡികാസ്റ്ററി വിശദീകരിച്ചു.

ഇന്നത്തെ സംഘർഷങ്ങളെന്ന യാഥാർത്ഥ്യങ്ങളും, മാനവികതയിൽ മുറിവേൽപ്പിക്കുന്ന സാമൂഹികപാപങ്ങളും കണക്കിലെടുത്ത്, പാപമോചനവും കടങ്ങളുടെ പൊറുതിയുമായി ബന്ധപ്പെട്ട ജൂബിലി പാരമ്പര്യങ്ങളിലേക്കും, സഭാപിതാക്കന്മാരുടെ വിചിന്തനങ്ങളിലേക്കും പ്രത്യാശയോടെ നോക്കുമ്പോൾ, ആധ്യാത്മിക, സാന്മാർഗിക, സാമൂഹ്യ, സാമ്പത്തിക, പാരിസ്ഥിതിക, സാംസ്‌കാരിക രംഗങ്ങളിൽ മാറ്റമുണ്ടാക്കുവാൻ സാധ്യതയുള്ള മൂർത്തമായ ചിന്തകൾ ഉയർന്നുവന്നേക്കാമെന്ന് ഡികാസ്റ്ററി ഓർമ്മിപ്പിച്ചു.

സംഘർഷങ്ങളുടേയും പ്രശ്നങ്ങളുടെയും അവസാനം കുറിക്കുക എന്നതിലുപരി, മുറിവുകൾ ഉണക്കുകയും ഏവർക്കും അവരുടെ അന്തസ്സ് അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു പുതിയ വ്യവസ്ഥയിൽ വെളിവാക്കപ്പെടുന്ന യഥാർത്ഥ സമാധാനത്തിലേക്കെത്താൻ, വ്യക്തിപരവും, സാമൂഹികവും, അന്താരാഷ്ട്രപരവുമായ ഒരു പരിവർത്തനത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് സമഗ്ര മാനവിക വികസനത്തിനായുള്ള ഡികാസ്റ്ററി ഉദ്‌ബോധിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow