പാപ്പാ: സുവിശേഷാനന്ദം ജീവിക്കുക, കാരുണ്യം അഭ്യസിക്കുക!
ബെൽജിയത്തിലെ കത്തോലിക്കാമെത്രാന്മാർ, വൈദികർ, വൈദികാർത്ഥികൾ, സമർപ്പിതർ, അജപാലന പ്രവർത്തകർ എന്നിവരുമായി ബ്രസൽസിൽ വച്ചു നടത്തിയ കൂടിക്കാഴ്ചാ വേളയിൽ പാപ്പാ പങ്കുവച്ച ചിന്തകളുടെ സംഗ്രഹം:
ബെൽജിയത്തിലെ കത്തോലിക്കാമെത്രാന്മാർ, വൈദികർ, വൈദികാർത്ഥികൾ, സമർപ്പിതർ, അജപാലന പ്രവർത്തകർ എന്നിവരുമായി ബ്രസൽസിൽ വച്ചു നടത്തിയ കൂടിക്കാഴ്ചാ വേളയിൽ പാപ്പാ പങ്കുവച്ച ചിന്തകളുടെ സംഗ്രഹം:
സുവിശേഷവത്ക്കരണം, ആന്ദം, കരുണ എന്നി ത്രിപദങ്ങളാൽ കോർത്തിണക്കിയതാ യിരുന്ന പാപ്പായുടെ പ്രഭാഷണം. ബെൽജിയം ഒരു നാല്ക്കവലയാണെന്നും അവിടെയുള്ളത് "ചലിക്കുന്ന" ഒരു സഭയാണെന്നും അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ തൻറെ വിചിന്തനം ആരംഭിച്ചത്. കുറച്ച് കാലമായി ആ പ്രദേശത്തെ ഇടവകകളുടെ സാന്നിധ്യം പരിവർത്തനവിധേയമാക്കാനും അല്മായരുടെ പരിശീലനത്തിന് ശക്തമായ ഒരു ഉത്തേജനം നൽകാനും; എല്ലാറ്റിനുമുപരിയായി ജനങ്ങളോട് അടുപ്പമുള്ളതും ആളുകളെ തുണയ്ക്കുകയും കാരുണ്യപ്രവർത്തികളാൽ സാക്ഷ്യമേകുകയും ചെയ്യുന്നതുമായ ഒരു സമൂഹമായിത്തീരാനും പ്രാദേശിക സഭ ശ്രമിച്ചുവരുന്നത് പാപ്പാ എടുത്തു പറഞ്ഞു.
ഈ കൂടിക്കാഴ്ചാ വേളയിൽ സാക്ഷ്യമേകിയവരുടെ വാക്കുകൾക്ക് മറുപടിയെന്നോണം സുവിശേഷവത്ക്കരണം, സന്തോഷം, കാരുണ്യം എന്നീ മൂന്നു പദങ്ങൾ വിശകലനവിധേയമാക്കിയ പാപ്പാ ഇപ്രകാരം തുടർന്നു.
സുവിശേഷവൽക്കരണമാണ് സ്വീകരിക്കേണ്ട ആദ്യ പാത. നമ്മുടെ യുഗത്തിലെ മാറ്റങ്ങളും പാശ്ചാത്യദേശത്ത് നാം അനുഭവിക്കുന്ന വിശ്വാസ പ്രതിസന്ധിയും, കാതലായതിലേക്ക്, അതായത്, സുവിശേഷത്തിലേക്കു മടങ്ങാൻ നമ്മെ പ്രേരിപ്പിക്കുന്നു. യേശു ലോകത്തിലേക്കു കൊണ്ടുവന്ന സദ്വാർത്ത, അതിൻറെ എല്ലാ സൗന്ദര്യവും വിളങ്ങുമാറ് വീണ്ടും എല്ലാവരോടും പ്രഘോഷിക്കപ്പെടണം. പ്രതിസന്ധി - എല്ലാ പ്രതിസന്ധികളും – നമ്മെ പടിച്ചു കുലുക്കുന്നതിനും ആത്മശോധന ചെയ്യുന്നതിനും പരിവർത്തനം ചെയ്യുന്നതിനും നമുക്കു നല്കപ്പെട്ട സമയമാണ്. അബ്രഹാമിനും മോശയ്ക്കും പ്രവാചകന്മാർക്കും സംഭവിച്ചതുപോലെ, അത് അമൂല്യമായ ഒരു അവസരമാണ്. ബൈബിൾ ഭാഷയിൽ ഇതിനെ കൈറോസ് എന്ന് വിളിക്കുന്നു. വാസ്‌തവത്തിൽ, നാം ശൂന്യത അനുഭവിക്കുമ്പോൾ, കർത്താവ് എന്ത് സന്ദേശമാണ് നമ്മെ അറിയിക്കാൻ ആഗ്രഹിക്കുന്നതെന്ന് നാം സദാ സ്വയം ചോദിക്കണം. പ്രതിസന്ധി നമ്മെ കാണിച്ചുതരുന്നത് എന്താണ്? ആതിഥ്യമരുളുന്ന ഒരു സാമൂഹിക ചട്ടക്കൂടുള്ള ഒരു ക്രൈസ്തവികതയിൽ നിന്ന് നമ്മൾ ഒരു "ന്യൂനപക്ഷ" ക്രൈസ്തവികതയിലേക്കോ, അല്ലെങ്കിൽ സാക്ഷ്യത്തിൻറെ ക്രിസ്തീയതിയിലേക്കോ കടന്നിരിക്കുന്നു. അവ യഥാർത്ഥത്തിൽ സുവിശേഷവൽക്കരണ സേവനോന്മുഖമാകണമെങ്കിൽ (അപ്പോസ്തോലിക പ്രബോധനം ഇവാഞ്ചേലി ഗൗദിയും, 27 കാണുക) ശീലങ്ങൾ, മാതൃകകൾ, വിശ്വാസ ഭാഷകൾ എന്നിവയുമായി ബന്ധപ്പെട്ട അജപാലന പരിവർത്തനങ്ങൾക്ക് തുടക്കമിടാൻ കഴിയുന്നതിന് ഒരു സഭാത്മക പരിവർത്തനത്തിൻറെതായ ധൈര്യം ആവശ്യമാണ്.
ഞാൻ ഹെൽമുട്ടിനോട് പറയാൻ ആഗ്രഹിക്കുന്നു: വൈദികർക്കും ഈ ധൈര്യം ആവശ്യമാണ്. ഭൂതകാല പൈതൃകം സംരക്ഷിക്കുന്നതിലോ കൈകാര്യം ചെയ്യുന്നതിലോ മാത്രം ഒതുങ്ങാതെ, യേശുക്രിസ്തുവിനോട് സ്നേഹമുള്ളവരും സുവിശേഷത്തിൻറെ ആവശ്യങ്ങൾ സ്വീകരിക്കുന്നതിൽ ഉത്സുകരുമായ ഇടയന്മാരാകുന്നതിന് ഇത് വേണം.
രണ്ടാമത്തെ മാർഗ്ഗം സന്തോഷമാണ്. താത്കാലികമായ ഒരു ആനന്ദത്തെക്കുറിച്ചല്ല ഇവിടെ പറയുന്നത്. ഓടിയൊളിക്കലിൻറെയും ഉപഭോക്തൃപരമായ വിനോദത്തിൻറെയും മാതൃകളെക്കുറിച്ചുമല്ല. ഇരുണ്ട അല്ലെങ്കിൽ വേദനാജനകമായ നിമിഷങ്ങളിൽ പോലും ജീവനെ തുണയ്ക്കുകയും താങ്ങായി നില്ക്കുകയും ചെയ്യുന്ന ഒരു വലിയ സന്തോഷമാണിത്, ഇത് ഉന്നതത്തിൽ നിന്നുള്ള ദൈവികമായ ഒരു ദാനമാണ്, ഇത് സുവിശേഷത്താൽ ഉണർത്തപ്പെട്ട ഹൃദയത്തിൻറെ സന്തോഷമാണ്, അതായത്, നീണ്ട യാത്രയിൽ നാം ഒറ്റയ്ക്കല്ല, ദാരിദ്ര്യം, പാപം, ക്ലേശം തുടങ്ങിയ സാഹചര്യങ്ങളിൽപ്പോലും ദൈവം നമ്മുടെ ചാരെയുണ്ട്, നമ്മെ പരിപാലിക്കുന്നു, മരണത്തെ അവസാന വാക്കാകാൻ അവിടന്ന് അനുവദിക്കില്ല എന്ന അറിവാണ്. ജോസഫ് റാറ്റ്സിംഗർ മാർപ്പാപ്പയാകുന്നതിന് വളരെ മുമ്പുതന്നെ, വിവേചനാധികാരത്തിൻറെ ഒരു നിയമം ഇങ്ങനെ കുറിച്ചുവച്ചു: "എവിടെ ആനന്ദത്തിൻറെ അഭാവം ഉണ്ടാകുന്നുവോ എവിടെ നർമ്മം മരിക്കുന്നുവോ, അവിടെ പരിശുദ്ധാത്മാവും ഇല്ല [...] നേരെ മറിച്ചും: സന്തോഷം കൃപയുടെ അടയാളമാണ്".......
മൂന്നാമത്തെ വഴി കാരുണ്യമാണ്. സ്വാഗതം ചെയ്യപ്പെടുകയും പങ്കുവയ്ക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും നൽകപ്പെടുകയും ചെയ്ത സുവിശേഷം നമ്മെ സന്തോഷത്തിലേക്ക് നയിക്കുന്നു, കാരണം ദൈവം കാരുണ്യത്തിൻറെ പിതാവാണെന്നും, അവന് നമ്മോട് കാരുണ്യമുണ്ടെന്നും വീഴ്ചകളിൽ നിന്ന് നമ്മെ എഴുന്നേല്പിക്കുന്നുവെന്നും, നമ്മോടുള്ള സ്നേഹം ഒരിക്കലും അവൻ പിൻവലിക്കില്ലയെന്നും കണ്ടെത്താൻ അതു നമ്മെ പ്രാപ്തരാക്കുന്നു. നമ്മോടുള്ള സ്നേഹത്തിൽ നിന്ന് ദൈവം പിന്മാറില്ല എന്ന് നമുക്ക് ഹൃദയത്തിൽ ഉറപ്പിക്കാം. "എന്നാൽ എപ്പോഴെങ്കിലും ഞാൻ ഗുരുതരമായ എന്തെങ്കിലും ചെയ്താലും?". ദൈവം ഒരിക്കലും നിന്നോടുള്ള സ്നേഹം പിൻവലിക്കില്ല. ഇത്, തിന്മയുടെ അനുഭവം നാം അഭിമുഖീകരിക്കുമ്പോൾ, ചിലപ്പോൾ നമുക്ക് "അന്യായമായി" തോന്നാം, കാരണം "തെറ്റ് ചെയ്യുന്നവൻ അതിന് വില നല്കണം" എന്ന് പറയുന്ന ഭൗമിക നീതിയാണ് നാം പ്രയോഗിക്കുന്നത്. എന്നിരുന്നാലും, ദൈവത്തിൻറെ നീതി ഉന്നതമാണ്: തെറ്റുചെയ്തവൻ അതു തിരുത്താൻ വിളിക്കപ്പെടുന്നു, എന്നാൽ ഹൃദയസൗഖ്യത്തിന് അവന് ദൈവത്തിൻറെ കരുണാർദ്ര സ്നേഹം ആവശ്യമാണ്, ദൈവം നമ്മെ നീതീകരിക്കുന്നു, അതായത്, അവൻ നമ്മെ നീതിമാന്മാരാക്കുന്നു, കാരണം അവിടന്ന് നമുക്കു ഒരു പുതിയ ഹൃദയം, ഒരു പുതിയ ജീവിതം പ്രദാനം ചെയ്യുന്നു.
അതുകൊണ്ട് മിയയോട് ഞാൻ പറയും: കോപത്തെയും വേദനയെയും സഹായവും സാമീപ്യവും അനുകമ്പയും ആക്കി മാറ്റാൻ നിങ്ങൾ ചെയ്യുന്ന മഹത്തായ പ്രവർത്തനത്തിന് നന്ദി. ആരുടെയും മേൽ ആധിപത്യം പുലർത്താതെ സകലരുടെയും ശുശ്രൂഷകയായയ ഒരു സഭയായിരിക്കുന്നതിന് കാരുണ്യം ഏറെ ആവശ്യമാണ്. കാരണം മറ്റുള്ളവരെ ഞെരുക്കാനൊ ഇഷ്ടാനുസാരം കൈകാര്യം ചെയ്യാനൊ നമ്മുടെ പദവി ഉപയോഗപ്പെടുത്തുമ്പോൾ സംഭവിക്കുന്ന അധികാര ദുർവിനിയോഗത്തിലാണ് അക്രമത്തിൻറെ ഒരു മൂലം ഉള്ളത്.
സുവിശേഷവത്ക്കരിക്കുകയും സുവിശേഷാനന്ദം ജീവിക്കുകയും കാരുണ്യം അഭ്യസിക്കുകയും ചെയ്യുന്ന സഭയായിരിക്കുന്നതിന് നിങ്ങളും പരിശുദ്ധാരൂപിയും ഒന്നിച്ചു ചരിക്കുക. പരിശുദ്ധാത്മാവിൻറെ അഭാവത്തിൽ, ക്രൈസ്തവികമായ യാതൊന്നും സംഭവിക്കില്ല. നമ്മുടെ അമ്മയായ കന്യകാമറിയം ഇത് നമ്മെ പഠിപ്പിക്കുന്നു. അവൾ നിങ്ങളെ സംരക്ഷിക്കുകയും നയിക്കുകയും ചെയ്യട്ടെ. എല്ലാവരെയും ഞാൻ ഹൃദയംഗമമായി അനുഗ്രഹിക്കുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുത്. നന്ദി!
What's Your Reaction?