കൃത്രിമബുദ്ധിയും ജീവിതമൂല്യങ്ങളും ഫ്രാൻസിസ് പാപ്പായുടെ പ്രബോധനങ്ങളിൽ

മുൻകൂട്ടി തയ്യാറാക്കിയ ക്രമപ്രകാരം, നൽകപ്പെടുന്ന പ്രത്യേക നിർദ്ദേശങ്ങൾ അനുസരിച്ചും, ചിലപ്പോഴെങ്കിലും ഏതാണ്ട് സ്വതന്ത്രമായും പ്രവർത്തിക്കാൻ കഴിവുള്ള യന്ത്രങ്ങളുടെ, പ്രത്യേകിച്ച് വിവരസാങ്കേതികശാസ്ത്രമേഖലയിലെ യന്ത്രങ്ങളുടെ കഴിവിനെയും, അതുപോലെ ഇത്തരം കഴിവുകളെ യാഥാർത്ഥ്യമാക്കുന്ന കമ്പ്യൂട്ടർ ശാസ്ത്രത്തെയും കുറിച്ച് പരാമർശിക്കുന്ന ഒരു വാക്കായി കൃത്രിമബുദ്ധിയെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

Jun 17, 2024 - 10:17
 0  7
കൃത്രിമബുദ്ധിയും ജീവിതമൂല്യങ്ങളും ഫ്രാൻസിസ് പാപ്പായുടെ പ്രബോധനങ്ങളിൽ

മുൻകൂട്ടി തയ്യാറാക്കിയ ക്രമപ്രകാരം, നൽകപ്പെടുന്ന പ്രത്യേക നിർദ്ദേശങ്ങൾ അനുസരിച്ചും, ചിലപ്പോഴെങ്കിലും ഏതാണ്ട് സ്വതന്ത്രമായും പ്രവർത്തിക്കാൻ കഴിവുള്ള യന്ത്രങ്ങളുടെ, പ്രത്യേകിച്ച് വിവരസാങ്കേതികശാസ്ത്രമേഖലയിലെ യന്ത്രങ്ങളുടെ കഴിവിനെയും, അതുപോലെ ഇത്തരം കഴിവുകളെ യാഥാർത്ഥ്യമാക്കുന്ന കമ്പ്യൂട്ടർ ശാസ്ത്രത്തെയും കുറിച്ച് പരാമർശിക്കുന്ന ഒരു വാക്കായി കൃത്രിമബുദ്ധിയെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നിർമ്മിതബുദ്ധി) നമുക്ക് പൊതുവായി നിർവ്വചിക്കാം. മനുഷ്യരുടേതിന് തുല്യമല്ലെങ്കിലും, സന്ദർഭങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി, ഉത്തരങ്ങൾ നൽകാനും പ്രത്യേക പ്രവൃത്തികൾ ചെയ്യാനും, ഇത്തരം നിർമ്മിതബുദ്ധിയുള്ള യന്ത്രങ്ങൾക്ക് സാധിച്ചേക്കാം. വ്യവസായരംഗത്തും, സർക്കാർ, ശാസ്ത്ര മേഖലകളിലും മാത്രമല്ല, ഇന്നത്തെ മനുഷ്യന്റെ സാധാരണ ജീവിതത്തിൽപ്പോലും ഇത്തരം കൃത്രിമബുദ്ധി ഉപയോഗിക്കുന്ന നിരവധി ഇടങ്ങൾ ഉണ്ടെന്ന് നമുക്കറിയാം. സാധാരണയായി നാം നൽകുന്ന വിവരങ്ങളും കണക്കുകളും നിർദ്ദേശങ്ങളും അനുസരിച്ച് കണക്കുകൂട്ടലുകൾ നടത്തിയാണ് ഇവ പ്രവർത്തിക്കുന്നത്. നാം ഉപയോഗിക്കുന്ന ഗൂഗിൾ പോലെയുള്ള സേർച്ച് എഞ്ചിനുകൾ, ഇന്റർനെറ്റ് വഴി കൊടുക്കൽ വാങ്ങലുകൾ നടത്തുന്ന വെബ്സൈറ്റുകൾ, മനുഷ്യരുടെ സംസാരം മനസ്സിലാക്കി, അവയ്ക്കനുസരിച്ച് പ്രതികരിക്കാൻ കഴിവുള്ള സീരി, അലെക്‌സ പോലെയുള്ള സംവിധാനങ്ങൾ ഇങ്ങനെ വിവിധ മേഖലകളിൽ നാമറിയാതെ കൃത്രിമബുദ്ധിയുടെ ഉപഭോക്താക്കളായി നാം മാറിയിട്ടുണ്ട്. എന്നാൽ, അനുദിനജീവിതത്തിന്റെ ഭാഗമായി ഇവ മാറുന്നതോടെ ഇവയെ കൃത്രിമബുദ്ധിയുടെ തലത്തിൽനിന്ന് ഒഴിവാക്കി, അസാധാരണമായ കഴിവുകൾ ആവശ്യമുള്ള മേഖലകളിൽ ഉപയോഗിക്കപ്പെടുന്ന സാങ്കേതികതയെ മാത്രം നിർമ്മിതബുദ്ധിയുടെ തലത്തിലേക്ക് ഒതുക്കുന്നതിലേക്ക് ശാസ്ത്രവും മനുഷ്യരും കടന്നുകഴിഞ്ഞുവെന്ന് നമുക്ക് പറയാം.

ചരിത്രം

ഇന്ന് കൃത്രിമബുദ്ധി എന്ന് വിളിക്കപ്പെടുന്ന ആശയത്തിന്റെ ആദ്യകാല ഉപയോഗം കാൽക്കുലേറ്ററുകൾ പോലെയുള്ള വസ്തുക്കളുടെ കണ്ടുപിടുത്തത്തോടെ ആരംഭിച്ചുവെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. 1623-ൽ വിൽഹെൽമ് ഷിക്കാർഡ് (Wilhelm Schickard) എന്ന ജർമ്മൻകാരനായ വ്യക്തി ആറക്കമുള്ള ഗണിതക്രിയകൾ വരെ ചെയ്യാൻ കഴിവുള്ള ഇത്തരമൊരു സംവിധാനം കണ്ടുപിടിച്ചു. പിന്നീടങ്ങോട്ട് ഇതുപോലെയുള്ള വിവിധ കണ്ടുപിടുത്തങ്ങൾ ഉണ്ടായെങ്കിലും, ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവായി കരുതപ്പെടുന്ന അലൻ ട്യൂറിംഗ് (Alan Turing) എന്ന ഇഗ്ളീഷുകാരൻ, കണക്കുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകളെക്കുറിച്ച് 1936-ൽ ഒരു ലേഖനം എഴുതുന്നിടത്താണ് കൃത്രിമബുദ്ധിയുമായി ബന്ധപ്പെട്ട മാറ്റത്തിന്റെ പ്രധാനപ്പെട്ട ഒരു ഇടം നാം കണ്ടെത്തുന്നത്. ക്രിപ്റ്റോഗ്രഫി സംവിധാനം, അൽഗോറിഥം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹവുമായി ബന്ധപ്പെട്ടുള്ളവയാണ്.

നിർമ്മിതബുദ്ധിയുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന നിമിഷം, അമേരിക്കക്കാരനായ ജോൺ മക്കാർത്തിയുടെ (John McCarthy) കീഴിൽ ഒരു സംഘം ഗവേഷകർ, മനുഷ്യബുദ്ധിയെ അനുകരിച്ച് കാര്യങ്ങൾ ചെയ്യുവാൻ കഴിവുള്ള സംവിധാനം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് 1956-ൽ പഠനങ്ങൾ നടത്തുന്നിടത്താണ്. അമേരിക്കയിലെ ന്യൂ ഹാംപ്‌ഷെയറിലുള്ള ഡാർട്ട്മൗത്ത് കോളേജിൽ വച്ചാണ് ഇതിനായി അവർ മുന്നോട്ടിറങ്ങുന്നത്. ഇവിടെയാണ് ആദ്യമായി കൃത്രിമബുദ്ധി എന്ന വാക്ക് അവതരിപ്പിക്കപ്പെടുന്നത്.

പിന്നീടങ്ങോട്ടുള്ള ചരിത്രത്തിൽ, ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് കൃത്രിമബുദ്ധിയുടെ ഉപയോഗത്തെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്. മനുഷ്യന്റെ പ്രവർത്തനരീതികളെയും, ചിന്താരീതികളെയും അനുകരിച്ച് ഉത്തരങ്ങൾ കണ്ടെത്തുകയും, ഏതാണ്ട് സ്വതന്ത്രമായിത്തന്നെ വിവിധ പ്രവൃത്തികൾ ചെയ്യുവാൻ കഴിവുളള യന്ത്രങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നിടത്തേക്ക് ശാസ്ത്രജ്ഞർ ഈ ശാഖയെ വളർത്തി. മാനുഷികമായി ബുദ്ധിമുട്ടേറിയ പല ഇടങ്ങളിലും, കൃത്രിമബുദ്ധിയുടെയും, അതിനോട് ചേർന്നുള്ള മറ്റു സാങ്കേതികവിദ്യകളുടെയും സഹായത്തോടെ ക്രിയാത്മകമായ ചുവടുവയ്പുകൾ നടത്താനും, വ്യവസായ, വിദ്യാഭ്യാസരംഗങ്ങളിൽ ഉൾപ്പെടെ നിരവധി സംഭാവനകൾ നൽകാനും ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടുണ്ട്. പുരാതനകാലങ്ങളിൽ ഉൾപ്പെടെ മനുഷ്യരുടെ കലഭാവനയിൽ വിരിഞ്ഞ കഥകളിലെന്നപോലെ, മനുഷ്യനെ സഹായിക്കുക എന്നതിനേക്കാൾ, മനുഷ്യബുദ്ധിയെയും പ്രവൃത്തികളെയും അനുകരിക്കാനും, ചിലപ്പോൾ മനുഷ്യരേക്കാൾ മെച്ചമായി സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനും കഴിവുള്ള യന്ത്രോപകരണങ്ങൾ വികസിപ്പിച്ചെടുക്കുക എന്നതിലേക്ക് ശാസ്ത്രം പുരോഗതി പ്രാപിച്ചിട്ടുണ്ട്. എന്നാൽ ധാർമ്മികവും മൂല്യാധിഷ്ഠിതവും യുക്തിപരവുമായ രീതിയിൽ ഈ മേഖലയെ സമീപിച്ചില്ലെങ്കിൽ, മനുഷ്യരാശിയുടെ നിലനിൽപ്പിനെയും മാനുഷികമായ മൂല്യങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഒരു യാഥാർത്ഥ്യമായി കൃത്രിമബുദ്ധിശക്തി മാറിയേക്കാം എന്ന് കരുതുന്നവരുണ്ട്.

സഭയും ശാസ്ത്രവും

മറ്റു മതങ്ങളിലെന്നപോലെ ക്രൈസ്തവസഭയുടെ ചരിത്രത്തിലും ശാസ്ത്രസാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട് വിവിധ കാലങ്ങളിൽ വ്യത്യസ്ഥങ്ങളായ നിലപാടുകൾ സ്വീകരിക്കപ്പെട്ടിട്ടുണ്ട് എന്നത് സത്യമാണ്. വിശ്വാസത്തിനും ശാസ്ത്രത്തിനും സമാധാനപരമായ ഒരു സഹവാസം സാധ്യമല്ല എന്ന് കരുതിയിരുന്ന ആളുകളുണ്ടായിരുന്നു. ദൈവമക്കളായ മനുഷ്യർക്ക്, ദൈവദാനമായ തങ്ങളുടെ ബുദ്ധിശക്തി ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ശാസ്ത്രസാങ്കേതികവിദ്യകൾ മനുഷ്യനന്മയും വളർച്ചയും ലക്ഷ്യമാക്കി ഉപയോഗിച്ച് മെച്ചപ്പെട്ട ഒരു ആവാസവ്യവസ്ഥയും ജീവിതവും വളർത്തിയെടുക്കാമെന്നത് പലർക്കും ചിന്തിക്കാനാകുന്നതിലുമപ്പുറമായിരുന്നു എന്ന് വേണം കരുതാൻ. എന്നാൽ പലരുടെയും വ്യാഖ്യാനങ്ങൾക്ക് വിരുദ്ധമായി, ശാസ്ത്രസാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട് കത്തോലിക്കാസഭ പ്രോത്സാഹനത്തിന്റേതായ ഒരു മനോഭാവമാണ് സ്വീകരിച്ചിരുന്നത് എന്ന് കഴിഞ്ഞ നൂറ്റാണ്ടുകളിലെ ഉൾപ്പെടെയുള്ള പാപ്പാമാരുടെയും, സഭാധ്യക്ഷന്മാരുടെയും, പരിശുദ്ധസിംഹാസനത്തിന്റെയും ഒക്കെ പ്രവർത്തനങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്വാർത്ഥതയിൽ ജീവിക്കുന്ന കോടിക്കണക്കിന് മനുഷ്യരുള്ള ഇക്കാലത്ത്, പൊതുനന്മ ലക്ഷ്യമാക്കുന്നതിനും, പ്രകൃതിയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും, മനുഷ്യജീവന്റെ മൂല്യം ഉയർത്തിപ്പിടിക്കുന്നതിനും, പരസ്പരസഹകരണത്തോടെ ജീവിക്കുന്നതിനും ക്രൈസ്തവരെ മാത്രമല്ല, സകല ജനതകളെയും ആഹ്വാനം ചെയ്യുന്നതിൽ സഭ പിന്നോക്കം പോയിട്ടില്ല.

കൃത്രിമബുദ്ധിയും ഫ്രാൻസിസ് പാപ്പായുടെ പ്രബോധനങ്ങളും

ഇറ്റലിയുടെ തെക്കുകിഴക്കൻ പ്രവിശ്യയായ പൂല്യയിലെ ഫസാനോയിൽ, സവല്ലേത്രി എന്ന സ്ഥലത്തുള്ള ബോർഗോ എഞ്ഞാസ്യ സമുച്ചയത്തിൽ 2024 ജൂൺ 13 മുതൽ 15 വരെ തീയതികളിൽ നടന്ന ജി7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ നടത്തിയ പ്രഭാഷണം, അൻപത്തിയെട്ടാമത്‌ ലോക ആശയവിനിമയദിനത്തിലേക്ക് നൽകിയ സന്ദേശം തുടങ്ങിയവയിൽ ഫ്രാൻസിസ് പാപ്പാ നടത്തിയ പ്രബോധനങ്ങൾ, എത്രമാത്രം കരുതലോടെയും വിവേകത്തോടെയും വേണം നാം നമ്മുടെ സമൂഹത്തിൽ കൃത്രിമബുദ്ധി ഉപയോഗിക്കുന്നത് എന്നതിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു.

കൃത്രിമബുദ്ധി, അനുഗ്രഹവും ഭീഷണിയും

ജി7 ഉച്ചകോടിയിൽ സംബന്ധിച്ച നേതാക്കളോട് സംസാരിക്കവെ, കൃത്രിമബുദ്ധി എന്നതിന്റെ മനോഹാരിതയും, അതേസമയം അതുയർത്തിയേക്കാവുന്ന അപകടങ്ങളും പാപ്പാ എടുത്തുപറഞ്ഞു. ഇത് മനുഷ്യൻ നിർമ്മിച്ച മറ്റ് ഉപകരണങ്ങൾ പോലെ ഒരേസമയം സദ്‌ഫലങ്ങൾ ഉളവാക്കാൻ കഴിയുന്ന ഏറെ ആകർഷണീയമായ ഒരു ഉപകരണവും, നാശനഷ്ടങ്ങൾ വരുത്തിവയ്ക്കാൻ കഴിവുള്ള ഭീകരമായ ഒരു ശക്തിയുമാണ് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ലോകത്ത് നടമാടുന്ന നിരവധി സംഘർഷങ്ങളുടെയും, യുദ്ധങ്ങളുടെയും പശ്ചാത്തലത്തിൽ, കൃത്രിമബുദ്ധി പോലുള്ള സങ്കേതങ്ങളുടെ ഉപയോഗം മാനവികതയുടെ ഭാവിയെ എപ്രകാരം ബാധിച്ചേക്കാം എന്നതിനെക്കുറിച്ച് പാപ്പാ ശ്രദ്ധാലുവാണ് എന്നത് വെളിവാക്കുന്നതായിരുന്നു പാപ്പായുടെ പ്രഭാഷണം. സാധാരണക്കാരായ മനുഷ്യരുടെ പോലും ജീവന് ഭീഷണിയായി മാറുന്ന, മാരകമായ പ്രഹരശേഷിയുള്ള "സ്വയം നിയന്ത്രിത ആയുധങ്ങളുടെ” ഉപയോഗം പുനർവിചിന്തനം ചെയ്യപ്പെടേണ്ടത് മാനവികതയുടെ ആവശ്യമാണ്. ഇത്തരം ആയുധങ്ങളുടെ ഉപയോഗത്തിൽ മനുഷ്യരുടെ നിയന്ത്രണം തിരികെ കൊണ്ടുവരേണ്ടതുണ്ട്. ചികിത്സാരംഗത്തും, ജോലിമേഖലകളിലും, സാംസ്കാരിക, വിനിമയ, വിദ്യാഭ്യാസ മേഖലകളിലും എന്തിന്, രാഷ്ട്രീയരംഗത്ത് പോലും കൃത്രിമബുദ്ധിയുടെ ഉപയോഗം വർദ്ധിച്ചുവരുന്ന ഇക്കാലത്ത്, ഈയൊരു ഉപകരണം എത്രമാത്രം ശക്തവും ഭീകരവുമായി മാറിയേക്കാമെന്ന് നാം മറക്കരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മനുഷ്യർക്ക് ദൈവം നൽകിയ ബുദ്ധിശക്തിയുടെയും ക്രിയാത്മകതയുടെയും ഫലമായി സൃഷ്ടിക്കപ്പെട്ട കൃത്രിമബുദ്ധിയും അതുപയോഗിക്കുന്ന യന്ത്രങ്ങളും ആയുധങ്ങളും, അവയെ നിർമ്മിച്ച മനുഷ്യനെത്തന്നെ കൊല്ലുന്ന, മാനവികതയുടെ ശാപമായി മാറരുത്.

ഹൃദയത്തിന്റെ ജ്ഞാനവും മാനുഷികമായ തീരുമാനങ്ങളും

കൃത്രിമബുദ്ധിയുടെ ഉപയോഗത്തിന്റേതായ യുഗമെന്ന് കരുതാവുന്ന ഇക്കാലത്ത്, ഹൃദയത്തിന്റെ ജ്ഞാനം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, സാമൂഹ്യമാധ്യമദിനവുമായി ബന്ധപ്പെട്ട തന്റെ സന്ദേശത്തിൽ പാപ്പാ ഓർമ്മിപ്പിച്ചിരുന്നു. സാമൂഹ്യ, മാധ്യമ, വാർത്താവിനിമയരംഗങ്ങളിൽ നിർമ്മിത ബുദ്ധി ഉപയോഗിക്കപ്പെടുന്ന അവസരത്തിൽ മാനുഷികത നശിച്ചുപോകാതിരിക്കുക എന്നതിന്റെ പ്രാധാന്യം പാപ്പാ പ്രത്യേകമായി തന്റെ സന്ദേശത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൃത്രിമബുദ്ധിയുടെ ഉപയോഗം, വാർത്താവിനിമയ രംഗത്തെയും, അതുവഴി സമൂഹജീവിതത്തിന്റെ അടിസ്ഥാനചിന്തകളെയും വലിയ തോതിൽ ബാധിക്കുന്ന ഒന്നാണെന്ന് പാപ്പാ എഴുതി. കാരണം ഇത് ചില സമൂഹങ്ങളെയോ, ചില വ്യക്തികളെയോ മാത്രമല്ല, എല്ലാ മനുഷ്യരുടെയും ജീവിതത്തെ ബാധിക്കുന്ന ഒന്നാണ്.

മാനവികതയിൽ ദാരിദ്ര്യമനുഭവിക്കുകയും, സാങ്കേതികവിദ്യയിലും ശാസ്ത്രപരമായ അറിവുകളിലും വളരുകയും ചെയ്യുന്ന ഒരു സമൂഹമായി ലോകം മാറിക്കൊണ്ടിരിക്കുകയാണെന്ന് പാപ്പാ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തിന്റെയും, തീരുമാനങ്ങൾ എടുക്കുന്നതിന്റെയും ഇടമായ ഹൃദയം കൊണ്ട് വസ്തുതകളെയും സാഹചര്യങ്ങളെയും മനനം ചെയ്യാനുള്ള കഴിവിന്റെ പ്രാധാന്യം പാപ്പാ എടുത്തുകാട്ടുന്നുണ്ട്. ദൈവ-മനുഷ്യബന്ധത്തിന്റെ ഇടംകൂടിയാണ് ഹൃദയം. ഈയൊരു സാഹചര്യത്തിൽ ഹൃദയത്തിന്റെ ജ്ഞാനത്തോടെ, വിഭജനചിന്തകൾ ഒഴിവാക്കി, മനുഷ്യാന്തസ്സും, മനുഷ്യന്റെ ദൗർബല്യങ്ങളും തിരിച്ചറിഞ്ഞ്, നീതിബോധത്തോടെയും സത്യസന്ധതയോടെയും വലിയൊരു സമൂഹത്തിലെ അംഗങ്ങൾ എന്ന നിലയിൽ വേണം നാം തീരുമാനങ്ങൾ എടുക്കേണ്ടത്.

ജി7 ഉച്ചകോടിയിൽ പാപ്പാ പറഞ്ഞ ഒരു കാര്യം ഈയൊരു സാഹചര്യത്തിൽ പ്രധാനപ്പെട്ടതാണ്. മനുഷ്യൻ സൃഷ്‌ടിച്ച കൃത്രിമബുദ്ധി ഉപയോഗിക്കുന്ന യന്ത്രങ്ങൾ, നൽകപ്പെട്ട വിവരങ്ങളുടെയും, നിലവിലെ സാഹചര്യങ്ങളുടെയും, ആവശ്യങ്ങളുടെയും അടിസ്ഥാനത്തിൽ, “പ്രവർത്തികമായി മെച്ചപ്പെട്ടത്” എന്ന് അനുമാനിക്കുന്ന ഒരു “തിരഞ്ഞെടുപ്പാണ്” നടത്തുക എന്ന് നാം മറക്കരുത്. എന്നാൽ ബുദ്ധിയും യുക്തിയും ഉപയോഗിക്കുന്ന ഒരു മനുഷ്യൻ, സാധ്യതകളനുസരിച്ച് തിരഞ്ഞെടുക്കുക മാത്രമല്ല, കാര്യങ്ങളെ ഹൃദയത്തിൽ മനനം ചെയ്‌ത്‌, നന്മതിന്മകൾ തിരിച്ചറിഞ്ഞ് “തീരുമാനങ്ങൾ” എടുക്കാൻ കഴിവുള്ളവനാണ്. അതുകൊണ്ടുതന്നെ സ്വയം തിരഞ്ഞെടുപ്പുകൾ നടത്താൻ കഴിവുള്ള യന്ത്രങ്ങൾ നിർമ്മിക്കുന്ന മനുഷ്യൻ, തീരുമാനങ്ങളിലെ മാനുഷികത ഇല്ലാതാകുന്നതിലെയും, മനുഷ്യർക്ക് പകരമായി യന്ത്രങ്ങൾ എന്ന ഒരു വ്യവസ്ഥിതിയിലെയും അപകടസാധ്യതകൾ തിരിച്ചറിയുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യേണ്ടത് മെച്ചപ്പെട്ട ഒരു ലോകത്തിന് ആവശ്യമാണ്.

കൃത്രിമബുദ്ധിയുൾപ്പെടെയുള്ള ഉപാധികളുടെ ഉപയോഗത്തിൽ, അവയെ മനുഷ്യരുടെ നന്മയ്ക്കായുള്ള ചില മാർഗ്ഗങ്ങൾ എന്നതിനേക്കാൾ, മനുഷ്യന്റെ പ്രവൃത്തികൾക്കും ചിന്തകൾക്കും, മനുഷ്യർക്കുതന്നെയും പകരമായി കാണാൻ തുടങ്ങുന്നിടത്ത് ധാരാളം അപകടങ്ങൾ പതിയിരിക്കുന്നുണ്ട് എന്ന് സാമൂഹ്യമാധ്യമദിനവുമായി ബന്ധപ്പെട്ട തന്റെ സന്ദേശത്തിലും പാപ്പാ ഓർമ്മിപ്പിച്ചിരുന്നു. കൃത്രിമബുദ്ധിയുടെ ഉപയോഗം ഉപകാരത്തിൽനിന്ന് ഉപദ്രവമായി മാറാൻ ഏറെ ബുദ്ധിമുട്ടില്ല എന്ന യഥാർത്ഥ തിരിച്ചറിവുണ്ടാകുന്നിടത്താണ് മനുഷ്യന്റെ വിജയം. സമൂഹത്തിലെ മറ്റു മനുഷ്യരും, യാഥാർത്ഥ്യങ്ങളുമായുള്ള നമ്മുടെ ഊഷ്മളമായ ബന്ധത്തെ തകരാറിലാക്കുന്നയിടത്ത് കൃത്രിമബുദ്ധി ഒരു തിന്മയായി മാറുന്നു.

നീതിപൂർവ്വം പങ്കുവയ്ക്കപ്പെടേണ്ട അറിവുകൾ

കൃത്രിമബുദ്ധിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട ഏറെ പ്രധാനപ്പെട്ട ഒരു ചിന്ത, അത് ആര്, എങ്ങനെ, എപ്പോൾ ഉപയോഗിക്കുന്നു എന്നതുമായി ബന്ധപ്പെട്ടതാണ്. മാനുഷികമായി ബുദ്ധിമുട്ടേറിയ ജോലികൾ എളുപ്പമാക്കാനും, മനുഷ്യജീവനുപോലും അപകടകരമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കാനും ഉൾപ്പെടെയുള്ള, വളരെയേറെ സാധ്യതകളുടെ ഒരു ലോകമാണ് കൃത്രിമബുദ്ധിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട രംഗത്ത് വളർന്നുവരുന്നത്. എന്നാൽ ഇത് നീതിബോധത്തോടെയും ഉത്തരവാദിത്വത്തോടെയും എല്ലാവരുമായി പങ്കുവയ്ക്കപ്പെടേണ്ട ഒന്നാണെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നുണ്ട്. വികസിത, വികസ്വര രാജ്യങ്ങൾക്കും, പണക്കാർക്കും പാവപ്പെട്ടവർക്കും ഇടയിലുള്ള അന്തരം വർദ്ധിപ്പിക്കുന്ന അനീതി നിറഞ്ഞ ഒരു സംസ്‌കാരത്തിലേക്ക് പതിക്കാൻ നിർമ്മിതബുദ്ധിയുടെ ഉപയോഗം കാരണമാകരുത്. ദരിദ്രരുടെയും, സാധാരണക്കാരുടെയും ആവശ്യങ്ങളെ കണ്ടറിയാനും, അവയ്ക്ക് പരിഹാരം കണ്ടെത്താനുമുള്ള ഒരു സംസ്‌കാരത്തിലേക്ക് നമ്മെ നയിക്കാൻ ശാസ്ത്രരംഗത്തുള്ള വികസനങ്ങൾക്കാകണം. കൃത്രിമബുദ്ധിയുടെ ഉപയോഗത്തിൽ നീതിബോധം, സ്വാതന്ത്ര്യം, ഉത്തരവാദിത്വം തുടങ്ങിയ മൂല്യങ്ങൾ ഉറപ്പാക്കേണ്ടത് ഇന്നത്തെ മാനവികതയുടെ ആവശ്യമാണ്.

ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന നയങ്ങൾ രൂപീകരിക്കുവാൻ അധികാരമുള്ളവരിൽ ഉത്തരവാദിത്വമുള്ളതും ആരോഗ്യകരവുമായ രാഷ്ട്രീയബോധം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയിലേക്കും പാപ്പാ ജി7 ഉച്ചകോടിയിൽ എത്തിയവരുടെ ശ്രദ്ധ ക്ഷണിച്ചിരുന്നു. മെച്ചപ്പെട്ട ഒരു ഭാവിയിലേക്ക് നമ്മെ നയിക്കാൻ സഹായിക്കുന്ന നയങ്ങളാണ് രൂപപ്പെടേണ്ടത്.

ഉപസംഹാരം

ദൈവം മനുഷ്യന് നൽകിയ ബുദ്ധിശക്തിയുടെയും, ക്രിയാത്മകമായ ചിന്തയുടെയും, സഹകരണമനോഭാവത്തിന്റെയും, മെച്ചപ്പെട്ട ഒരു ലോകത്തെ സ്വപ്നം കാണാനുള്ള കഴിവിന്റെയും ഫലമാണ് കൃത്രിമബുദ്ധി എന്ന് നമുക്ക് കാണാം. മാനവികതയ്ക്ക് സഹായമാകാനും, മനുഷ്യന്റെ മൂല്യത്തെയും അന്തസ്സിനേയും വളർത്താനുമാണ് ശാസ്ത്രസാങ്കേതികവിദ്യകളിലും, വിനിമയരംഗത്തും, വ്യവസായികരംഗങ്ങളിലും ഒക്കെയുള്ള മനുഷ്യന്റെ പുരോഗതി ഉപകരിക്കേണ്ടത്. മനുഷ്യർക്ക് പകരം യന്ത്രങ്ങൾ എന്ന ചിന്തയിലേക്ക് മാനവികത താഴുന്നിടത്ത്, വളർച്ച തകർച്ചയായി മാറുന്നു. ശരിയായ ഉത്തരവാദിത്വബോധവും, ഐക്യവും, സഹകരണവും, നീതിബോധവും, എല്ലാവരുടെയും നന്മയും അവകാശങ്ങളും ഒക്കെ കൂടിച്ചേരുന്ന ഒരു വളർച്ചയെയാണ് ദൈവം മനുഷ്യന് നൽകിയ ജീവിതത്തിന്റെ മൂല്യങ്ങളോട് ചേർന്ന ഒരു വളർച്ചയെന്ന് വിളിക്കാനാകുക. സാമ്പത്തിക, ശാസ്ത്രീയ, സാമൂഹിക പുരോഗതി മെച്ചപ്പെട്ട ഒരു നാളെയ്ക്കായുള്ള പ്രവർത്തനങ്ങളിലേക്കാണ് നമ്മെ നയിക്കേണ്ടത്. മറ്റുളളവരുടെ വീഴ്ചകളും, തോൽവികളും, തകർച്ചകളുമല്ല നമ്മുടെ വളർച്ചയായി നാം കരുതേണ്ടത്. നമ്മുടെ പൊതുഭവനമായ ഈ ഭൂമിയിൽ അന്തസ്സോടും അഭിമാനത്തോടും കൂടി ജീവിക്കാൻ എല്ലാവർക്കും ഒരുപോലെ അവകാശമുണ്ടെന്ന് തിരിച്ചറിയുകയും, അതിലേക്ക് തങ്ങളുടേതായ സംഭാവനകൾ നൽകാൻ ശാസ്ത്രരംഗത്തുൾപ്പെടെയുള്ള പുരോഗതി നമ്മെ സഹായിക്കണം. ഓരോ രംഗങ്ങളിലുമുള്ള വളർച്ചകൾ, ഈ ഭൂമിയിലെ ജീവിതത്തിന്റെ രഹസ്യങ്ങളെയും, ഭംഗിയേയും, മൂല്യത്തെയും തിരിച്ചറിയാനും, അതിലുപരിയായി, സർവ്വത്തിന്റെയും സൃഷ്ടാവും പരിപാലകനുമായ ദൈവത്തിലേക്ക് ചിന്തകളുയർത്താനും നമ്മെ സഹായിക്കേണ്ടതുണ്ട്. ബുദ്ധിശക്തിയും, കഴിവുകളും, കണ്ടുപിടുത്തങ്ങളും മാനവികതയുടെ അനുഗ്രഹവും, മനുഷ്യാന്തസ്സിനെ ഉയർത്തിപ്പിടിക്കാനുള്ള മാർഗ്ഗവുമാകട്ടെ. ലോകത്തിൽ സാഹോദര്യവും, സമാധാനവും ശാന്തിയും വളരട്ടെ.

What's Your Reaction?

like

dislike

love

funny

angry

sad

wow