ജോർദ്ദാനിൽ പുതിയ ക്രൈസ്തവദേവാലയം കൂദാശ ചെയ്യപ്പെടുന്നു
ജനുവരി പത്താം തീയതി, ജോർദ്ദാനിൽ യേശുവിന്റെ ജ്ഞാനസ്നാനദേവാലയം കൂദാശ ചെയ്യപ്പെടും. പാപ്പായുടെ നിർദ്ദേശപ്രകാരം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീനായിരിക്കും കൂദാശാകർമ്മം നിർവ്വഹിക്കുക. നീണ്ട പതിനഞ്ച് വർഷങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് ശേഷമാണ് ഈ ദേവാലയത്തിന്റെ പണികൾ പൂർത്തിയായത്. സഭാതനായരോടുള്ള സ്നേഹത്തിന്റെ അടയാളമാണ് ഈ ദേവാലയമെന്ന് പാപ്പാ.
ജോർദ്ദാനിലേതുൾപ്പെടെയുള്ള ക്രൈസ്തവർക്ക് അഭിമാനമായി, യേശുവിന്റെ ജ്ഞാനസ്നാനദേവാലയം കൂദാശ ചെയ്യപ്പെടുന്നു. ഫ്രാൻസിസ് പാപ്പായുടെ നിർദ്ദേശപ്രകാരം വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീനായിരിക്കും ഈ ദേവാലയകൂദാശാകർമ്മം നിർവ്വഹിക്കുക.
ജോർദ്ദാൻ നദിയിൽ യേശുവിന്റെ ജ്ഞാനസ്നാനയിടത്തിനരികിൽ പണിചെയ്യപ്പെട്ട ഈ ദേവാലയത്തിന്റെ കൂദാശകർമ്മവും വിശുദ്ധ ബലിയർപ്പണവും ജനുവരി പത്താം തീയതി വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിക്കായിരിക്കും നടക്കുക. ജറുസലേമിലെ ലത്തീൻ പാത്രിയർക്കീസ് കർദ്ദിനാൾ പിയർബാത്തിസ്ത്ത പിസ്സബാല്ലയും സഹകാർമ്മികനായിക്കും.
കർദ്ദിനാൾ പരൊളീനെ പൊന്തിഫിക്കൽ ഡെലിഗേറ്റായി നിയമിച്ചുകൊണ്ടുള്ള തന്റെ കത്തിൽ, കഴിഞ്ഞ പതിനഞ്ചുവർഷത്തോളമായി നടന്നുവരുന്ന നിർമ്മാണപ്രവർത്തങ്ങളുടെ അവസാനം കൂദാശ ചെയ്യപ്പെടുന്ന ഈ ദേവാലയത്തിനായി ജോർദ്ദാനിലേതുൾപ്പെടെയുള്ള ക്രൈസ്തവസമൂഹം ഏറെ ആകാംക്ഷയോടെയാണ് കാത്തിരുന്നതെന്ന് പാപ്പാ എഴുതി. ഈ പ്രദേശത്തുള്ള ക്രൈസ്തവരോട് സഭയ്ക്കുള്ള സ്നേഹത്തിന്റെ അടയാളമാണ് ഈ ദേവാലയമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
വിശ്വാസത്തിൽനിന്ന് വരുന്ന പ്രത്യാശയോടും, മറ്റുളളവരോടുള്ള സ്നേഹത്തോടും കൂടി, ക്രിസ്തുവിനെ കൂടുതലായി അനുകരിക്കാൻ ജ്യോർദ്ദാനിലുള്ള ക്രൈസ്തവരെ ആഹ്വാനം ചെയ്യാൻ പാപ്പാ കർദ്ദിനാൾ പരൊളീനോട് തന്റെ കത്തിലൂടെ ആവശ്യപ്പെട്ടു.
ചടങ്ങുകളിൽ സംബന്ധിക്കുന്ന കത്തോലിക്കർക്ക് മാത്രമല്ല, സിവിൽ അധികാരികൾക്കും, മറ്റു മതസ്ഥർക്കും, സഭയുടെ ശുശ്രൂഷയ്ക്ക് പ്രോത്സാഹനം നൽകുന്ന ഏവർക്കും, ഒപ്പം മതസ്വാതന്ത്ര്യവും ലോകസമാധാനവും മനുഷ്യനന്മയും പ്രോത്സാഹിപ്പിക്കുന്നവർക്കും തന്റെ അഭിവാദനങ്ങൾ നൽകാനും പാപ്പാ വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയോട് ആവശ്യപ്പെട്ടു.
ദൈവത്തെ യഥാർത്ഥത്തിൽ അറിയാനും, വിശുദ്ധിയിൽ അവനെ ശുശ്രൂഷിക്കാനുമായി, ഒരു സമൂഹമെന്ന നിലയിൽ തന്റെ ജനത്തെ ഒരുമിച്ച് കൂട്ടാനും, അവർക്ക് രക്ഷ നൽകാനുമാണ് ദൈവം ആഗ്രഹിക്കുന്നതെന്നും ലത്തീൻ ഭാഷയിലുള്ള തന്റെ കത്തിൽ പാപ്പാ ഉദ്ബോധിപ്പിച്ചിരുന്നു.
What's Your Reaction?