കത്തോലിക്കാ സഭാധ്യക്ഷൻ കത്തോലിക്കാഭൂരിപക്ഷരാജ്യമായ കിഴക്കൻ തിമോറിൽ
ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, കിഴക്കൻ തിമോർ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്ക് ഫ്രാൻസിസ് പാപ്പാ നടത്തുന്ന നാല്പത്തിയഞ്ചാം അപ്പസ്തോലികയാത്രയുടെ എട്ടാം ദിനമായ സെപ്റ്റംബർ ഒൻപത് ഉച്ചമുതൽ ഒൻപതാം ദിനമായ സെപ്റ്റംബർ പത്ത് വൈകുന്നേരം വരെയുള്ള പരിപാടികളുടെ തുടർവിവരണം.
ഫ്രാൻസിസ് പാപ്പാ നടത്തിയ അപ്പസ്തോലികയാത്രകളിൽ ഏറ്റവും സുദീർഘമായ ഒരു യാത്രയിലൂടെയാണ് നാം പാപ്പായെ പിന്തുടരുന്നത്. ഇസ്ലാം മതവിശ്വാസികൾ ഭൂരിപക്ഷമുള്ള ഏഷ്യൻ രാജ്യമായ ഇന്തോനേഷ്യയും, കത്തോലിക്കാഭൂരിപക്ഷമുള്ള കിഴക്കൻ തിമോറും, ഓഷ്യാനയിലെ പാപുവ ന്യൂ ഗിനിയയും, ഏഷ്യയിലെ സിംഗപ്പൂരും അടക്കമുള്ള, മത, സാംസ്‌കാരിക വൈവിധ്യങ്ങൾ നിറഞ്ഞ നാലു രാജ്യങ്ങളാണ് ഇത്തവണത്തെ അപ്പസ്തോലിക യാത്രയിൽ പാപ്പാ സന്ദർശിക്കുന്നത്. സെപ്റ്റംബർ രണ്ടിന് ആരംഭിച്ച് സെപ്റ്റംബർ പതിമൂന്നിന് വൈകുന്നേരം അവസാനിക്കുന്ന ഈ യാത്രയുടെ ഭാഗമായി കത്തോലിക്കാസഭയുടെ വലിയ ഇടയൻ, ഇതിനോടകം ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ എന്നീ രണ്ടു രാജ്യങ്ങൾ സന്ദർശിച്ചുകഴിഞ്ഞു. ലക്ഷക്കണക്കിന് ആളുകളാണ് ഈ യാത്രയിൽ നേരിട്ടും, വാർത്താമാധ്യമങ്ങളിലൂടെയും പാപ്പായുടെ പരിപാടികളിൽ പങ്കെടുത്തതും, ക്രൈസ്തവവിശ്വാസത്തിന്റെയും, സാക്ഷ്യത്തിന്റെയും ഈ മനോഹരനിമിഷങ്ങളിലൂടെ വിശ്വാസത്തിലും സഹോദരസ്നേഹത്തിലും, സഹകരണമനോഭാവത്തിലും ആഴപ്പെടേണ്ടതിന്റെയും, വിവിധ മതങ്ങളും, സംസ്കാരങ്ങളും തമ്മിലുള്ള സഹവർത്തിത്വത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നതും.
അനുഗ്രഹമാകുന്ന അപ്പസ്തോലിക യാത്ര
പാപുവ ന്യൂ ഗിനിയയിലെ അപ്പസ്തോലികയാത്രയുടെ അവസാനം, സെപ്റ്റംബർ ഒൻപതാം തീയതി രാവിലെ പതിനൊന്ന് നാൽപ്പതിന്, ഇന്ത്യയിലെ സമയം രാവിലെ ഏഴ് നാൽപ്പതിന് പാപുവ ന്യൂ ഗിനിയയിലെ എയർ നിയുഗിനിയുടെ ബോയിംഗ് 737 വിമാനത്തിലേറി കിഴക്കൻ തിമോറിലേക്ക് യാത്ര പുറപ്പെട്ട ഫ്രാൻസിസ് പാപ്പാ, പ്രാദേശികസമയം ഉച്ചകഴിഞ്ഞ് രണ്ട് ഇരുപതോടെ, ഇന്ത്യയിലെ സമയം രാവിലെ പത്ത് അൻപതോടെ തലസ്ഥാനമായ ദിലിയിലെത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി തങ്ങളുടെ രാജ്യത്തെത്തിയ കത്തോലിക്കാസഭാധ്യക്ഷനെ കിഴക്കൻ തിമോർ പ്രെസിഡന്റ് ഹൊസെ മനുവേൽ റാമോസ് ഹോർത്തയും, പ്രധാനമന്ത്രി ക്സ്‌നാന ഗുസ്‌മാവോയും ചേർന്നാണ് സ്വീകരിച്ചത്. തുടർന്ന്, വിമാനത്താവളത്തിൽനിന്ന് ആറു കിലോമീറ്ററുകൾ അകലെയുള്ള അപ്പസ്തോലിക നൂൺഷിയെച്ചറിലേക്ക് തുറന്ന വാഹനത്തിൽ സഞ്ചരിച്ച പാപ്പായെ, കിഴക്കൻ തിമോറിലെ കടുത്ത ചൂടിലും പാതയോരങ്ങളിൽ വത്തിക്കാൻ പതാകയിലെ മഞ്ഞയും വെള്ളയും നിറങ്ങളോടുകൂടിയ കുടകൾ ചൂടിനിന്നിരുന്ന ജനം, വത്തിക്കാന്റെയും, കിഴക്കൻ തിമോറിന്റെയും പതാകകൾ വീശി അഭിവാദ്യം ചെയ്‌തു. ആയിരക്കണക്കിനുവരുന്ന കത്തോലിക്കാവിശ്വാസികൾ ഉൾപ്പെടുന്ന ഈ ജനാവലിയെ പാപ്പാ കൈകൾ വീശി പ്രത്യഭിവാദ്യം ചെയ്‌തു.
കിഴക്കൻ തിമോർ സ്വാതന്ത്ര്യത്തിലേക്ക് കടന്നുവരുന്നതിന് മുൻപ് 1989-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ, അന്ന് ഇന്തോനേഷ്യയുടെ ഒരു പ്രവിശ്യയുടെ തലസ്ഥാനമായിരുന്ന ദിലിയിൽ സന്ദർശനം നടത്തിയിട്ടുണ്ട്. കിഴക്കൻ തിമോർ സ്വാതന്ത്രരാജ്യമായതിനുശേഷം ഇവിടം സന്ദർശിക്കുന്ന ആദ്യ പാപ്പായാണ് ഫ്രാൻസിസ് പാപ്പാ. അങ്ങനെ കിഴക്കൻ തിമോറിന്റെ മണ്ണിൽ ഇത് രണ്ടാമത്തെ പാപ്പായാണ് ഇത്തവണ കാലുകുത്തിയത്. സ്വാതന്ത്ര്യത്തിന്റെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന കിഴക്കൻ തിമോറിന് ഇത് അനുഗ്രഹത്തിന്റെ നിമിഷമാണ്. കിഴക്കൻ തിമോറിലെ ജനസംഖ്യയുടെ തൊണ്ണൂറ്റിയാറുശതമാനത്തിലധികവും കത്തോലിക്കരാണ്. ഏതാണ്ട് പതിനാല് ലക്ഷത്തോളം കത്തോലിക്കാരാണ് രാജ്യത്തുള്ളത്. ഇവർക്കായി, കർദ്ദിനാൾ വിർജീലിയൊ ദൊ കാർമോ ദ സിൽവ അദ്ധ്യക്ഷനായുള്ള ദിലി അതിരൂപതയും മറ്റു രണ്ടു രൂപതകളും, അറുപത്തിയാറ് ഇടവകകളുമുണ്ട്.
"നിങ്ങളുടെ വിശ്വാസമായിരിക്കട്ടെ നിങ്ങളുടെ സംസ്കാരം" എന്ന, വിശ്വാസവും സംസ്കാരവുമായുള്ള ഐക്യത്തിൽ ജീവിക്കുവാൻ ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യവും, അപ്പസ്തോലികയാത്രയുടെ അവസരത്തിലൂടെ തിമോറിലെ ജനങ്ങൾ സ്വീകരിക്കാൻ പോകുന്ന നിരവധിയായ ദൈവാനുഗ്രഹങ്ങളും, ദൈവത്തിന്റെ പ്രത്യേകമായ സംരക്ഷണവും സൂചിപ്പിക്കുന്ന ചിഹ്നവുമാണ് ഫ്രാൻസിസ് പാപ്പാ കിഴക്കൻ തിമോറിലേക്കുള്ള തന്റെ അപ്പസ്തോലികയാത്രയ്ക്കായി തിരഞ്ഞെടുത്തത്.
ഫ്രാൻസിസ് പാപ്പാ കിഴക്കൻ തിമോറിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ
കിഴക്കൻ തിമോറിലെ ഔദ്യോഗികസമ്മേളനങ്ങളിൽ ആദ്യത്തേത്, ദിലിയിലുള്ള കിഴക്കൻ തിമോർ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ വച്ച്, രാഷ്ടീയ, സാമൂഹ്യാധികാരികളും, കിഴക്കൻ തിമോറിലേക്കുള്ള വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയായിരുന്നു. ഏതാണ്ട് നാനൂറോളം പേർ ഈ ചടങ്ങിൽ സംബന്ധിച്ചു. ഒൻപതാം തീയതി തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെ പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തിയ പാപ്പായെ ഔദ്യോഗിക ബഹുമതികളോടെ പ്രസിഡന്റ് ഭവനത്തിൽ സ്വീകരിച്ചു. ദേശീയഗാനാലാപനം, പതാകയുയർത്തൽ, ആചാരവെടിമുഴക്കം തുടങ്ങിയ ചടങ്ങുകൾ സമ്മേളനത്തിന് തുടക്കം കുറിച്ചു. പ്രാദേശികവേഷം ധരിച്ച കുട്ടികൾ പാപ്പായ്ക്ക് പൂക്കളും പ്രാദേശികമായി നിർമ്മിച്ച ഷോളും സമ്മാനമായി നൽകി.
തുടർന്ന് ഫ്രാൻസിസ് പാപ്പായും പ്രസിഡന്റുമായി സ്വകാര്യകൂടിക്കാഴ്ച നടക്കവേ, വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറിയേറ്റിൽനിന്നുള്ള മറ്റംഗങ്ങൾ പ്രധാനമന്ത്രിയുമൊത്ത് കൂടിക്കാഴ്ച നടത്തി. പ്രധാന അതിഥികൾ ഒപ്പിടുന്ന ബുക്കിൽ പാപ്പാ ഒപ്പിട്ടതിന് ശേഷം, പ്രസിഡന്റും പാപ്പായുമൊന്നിച്ച്, അവിടെയുള്ള ചൈന ഹാളിൽ, ഏഴ് മണിയോടെ ഔദ്യോഗികപൊതുസമ്മേളനത്തിനായെത്തി. തുടർന്നുനടന്ന സമ്മേളനത്തിൽ, ഫ്രാൻസിസ് പാപ്പായെ കിഴക്കൻ തിമോർ പ്രെസിഡന്റ് ഹൊസെ മനുവേൽ റാമോസ് ഹോർത്ത സ്വാഗതം ചെയ്‌ത് സംസാരിച്ചു. പ്രസിഡന്റിന്റെ വാക്കുകൾക്ക് ശേഷം പാപ്പാ തന്റെ പ്രഭാഷണം നടത്തി.
പാപ്പായുടെ പ്രഭാഷണത്തിന് ശേഷം സമ്മാനങ്ങൾ കൈമാറ്റം ചെയ്യപ്പെടുകയും, രാജ്യത്തിൻറെ പ്രസിഡന്റും, പ്രധാനമന്ത്രിയുമുൾപ്പെടുന്ന നേതൃനിരയ്‌ക്കൊപ്പം ഔദ്യോഗികഫോട്ടോയെടുക്കൽ ചടങ്ങ് നടക്കുകയും ചെയ്തു. തുടർന്ന് കൊട്ടാരത്തിന് പുറത്തേക്കെത്തിയ പാപ്പാ അവിടെയുണ്ടായിരുന്ന നൂറുകണക്കിന് ആളുകൾക്ക് ആശീർവാദം നൽകുകയും, അവിടെനിന്ന് ഒന്നര കിലോമീറ്ററോളം അകലെയുള്ള അപ്പസ്തോലിക നൂൺഷിയേച്ചറിലേക്ക് വൈകുന്നേരം ഏഴരയോടെ യാത്രയാകുകയും, സ്വകാര്യ അത്താഴത്തിന് ശേഷം ഉറങ്ങി വിശ്രമിക്കുകയും ചെയ്‌തു.
അപ്പസ്തോലികയാത്രയുടെ ഒൻപതാം ദിനമായ സെപ്റ്റംബർ പത്ത് ചൊവ്വാഴ്ച രാവിലെ എട്ടരയോടെ, ഫ്രാൻസിസ് പാപ്പാ നൂൺഷിയേച്ചറിൽനിന്ന് നാലു കിലോമീറ്ററുകൾ അകലെ ആൽമ സന്ന്യസ്തസഹോദരിമാർ ശാരീരീരികവും മാനസികവുമായ പരിമിതികളുള്ള കുട്ടികൾക്കായി നടത്തുന്ന സ്‌കൂളിലേക്ക് യാത്രയായി. 1960-കളിൽ സ്ഥാപിക്കപ്പെട്ടതാണ് ആൽമ സന്ന്യസ്തസ്ഥാപനം. സ്കൂളിലെത്തിയ പാപ്പായെ, സന്ന്യസ്തസഹോദരിമാരും, പ്രാദേശികവേഷം ധരിച്ച കുട്ടികളും ഗാനാലാപനത്തോടെ എതിരേറ്റു. തുടർന്ന് ഏതാണ്ട് അൻപത് കുട്ടികളും ഇരുപത്തിയെട്ട് സന്ന്യസ്തസഹോദരിമാരുമായി പാപ്പാ കണ്ടുമുട്ടുകയും കുട്ടികൾ പാപ്പായ്ക്ക് ഒരു ഷോൾ സമ്മാനിക്കുകയും ചെയ്‌തു. സമ്മേളനത്തിന്റെ അവസാനം, പാപ്പാ അവിടെനിന്ന് നാലര കിലോമീറ്ററുകൾ അകലെയുള്ള, അമലോത്ഭവമാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിലേക്ക് യാത്രയായി.
പ്രാദേശികസഭയും ഫ്രാൻസിസ് പാപ്പായയും
പാപ്പായുടെ സന്ദർശനത്തിന്റെ പ്രധാനപ്പെട്ട ഒരു സമ്മേളനം, കിഴക്കൻ തിമോറിലെ പ്രാദേശികസഭാനേതൃത്വവും സഭാംഗങ്ങളുമായി, അമലോത്ഭവമാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രലിൽവച്ചു നടന്ന സംഗമമായിരുന്നു. ദിലി രൂപതാധ്യക്ഷൻ ഉൾപ്പെടെ, ബകാവു, മലിയാന എന്നീ മറ്റു രണ്ടു രൂപതകളുടെ അദ്ധ്യക്ഷന്മാരും, നിരവധി വൈദികരും, ഡീക്കന്മാരും, സമർപ്പിതസമൂഹാംഗങ്ങളും, സെമിനാരിക്കാരും, മതാദ്ധ്യാപകരും സമ്മേളനത്തിൽ സംബന്ധിച്ചു.
1988 നവംബർ മാസം രണ്ടാം തീയതി ഉദ്‌ഘാടനം ചെയ്യപ്പെട്ട ഈ കത്തീഡ്രൽ, ഒരു വർഷത്തിന് ശേഷം തന്റെ സന്ദർശനത്തിനിടെ 1989ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായാണ് കൂദാശ ചെയ്‌തത്. ഒൻപതരയോടെ കത്തീഡ്രലിലിന് മുന്നിലെത്തിയ പാപ്പായെ, ദിലി ആർച്ച്ബിഷപ് കർദ്ദിനാൾ വിർജീലിയൊ ദൊ കാർമോ ദ സിൽവയും മറ്റു സഭാപ്രതിനിധികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് കുട്ടികൾ പാപ്പായ്ക്ക് പൂക്കൾ സമ്മാനിച്ചു. കത്തീഡ്രലിൽ പ്രവേശിച്ച പാപ്പാ അവിടെയുണ്ടായിരുന്ന നിരവധി സന്ന്യസ്തരെയും അംഗപരിമിതരെയും അഭിവാദ്യം ചെയ്‌തു. തുടർന്ന് നടന്ന ഗാനാലാപനത്തിന് ശേഷം, മെത്രാൻസമിതി പ്രെസിഡന്റ് പാപ്പായെ സ്വാഗതം ചെയ്‌തു. തുടർന്ന് കിഴക്കൻ തിമോറിലെ സമർപ്പിതദൈവവിളിയെക്കുറിച്ചും, സിനഡാത്മകതയെക്കുറിച്ചും ഒരു സന്ന്യസ്തസഹോദരിയും, സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടു നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഒരു വൈദികനും, തന്റെ അൻപത് വർഷങ്ങൾ നീണ്ട ശുശ്രൂഷയെക്കുറിച്ച് ഒരു മതാധ്യാപകനും സാക്ഷ്യങ്ങൾ പങ്കുവച്ചു. തുടർന്ന് പാപ്പായുടെ പ്രഭാഷണമായിരുന്നു.
പാപ്പായുടെ പ്രഭാഷണത്തിന് ശേഷം, നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന ഏവരും ചേർന്ന് ചൊല്ലുകയും, പാപ്പാ ഏവർക്കും ആശീർവാദം നൽകുകയും ചെയ്തു. തിരികെ പോകുന്നതിന് മുൻപും, പാപ്പാ കത്തീഡ്രലിനടുത്തുണ്ടായിരുന്ന രോഗികളെ അഭിവാദ്യം ചെയ്‌തു. തുടർന്ന് പത്തരയോടെ പാപ്പാ തിരികെ നൂൺഷിയെച്ചറിലേക്ക് യാത്രയായി.
രാവിലെ പത്തേമുക്കാലോടെ രാജ്യത്തെ ഈശോസഭാവൈദികർക്ക് പാപ്പാ സ്വകാര്യകൂടിക്കാഴ്ച അനുവദിച്ചു. പതിനൊന്നേമുക്കാലിന് ഉച്ചഭക്ഷണം കഴിച്ച പാപ്പാ, വിശ്രമത്തിന് ശേഷം, ഉച്ചകഴിഞ്ഞ് മൂന്ന് അൻപതോടെ, വിശുദ്ധ ബലിയർപ്പണത്തിനായി, നൂൺഷിയേച്ചറിൽനിന്ന് ഏഴര കിലോമീറ്ററുകളോളം അകലെയുള്ള താച്ചി തോളു എന്ന സംരക്ഷിതതീരദേശപ്രദേശത്തേക്ക് യാത്രയായി.
താച്ചി തോളു എസ്പ്ലനാദിലെ വിശുദ്ധ കുർബാന
നാല് പത്തോടെ താച്ചി തോളുവിൽ എത്തിയ പാപ്പാ ഗാനങ്ങളുടെയും നൃത്തങ്ങളുടെയും അകമ്പടിയോടെ പ്രധാന സ്റ്റേജിലേക്ക് പ്രവേശിക്കുകയും തുടർന്ന് സങ്കീർത്തിയിലെത്തുകയും ചെയ്‌തു. ബലിവേദിയിലേക്കുള്ള യാത്രാമദ്ധ്യേയും അംഗപരിമിതികൾ ഉള്ളവർ ഉൾപ്പെടെ നിരവധിയാളുകൾ പാപ്പായുടെ അരികിലെത്തുകയും പാപ്പാ അവർക്ക് ആശീർവാദം നൽകുകയും ചെയ്യുന്നത് കാണാമായിരുന്നു. വലിയൊരു വിഭാഗം ആളുകളും വെള്ളയും മഞ്ഞയും കലർന്ന കുടകളും, ഇരു രാജ്യങ്ങളുടെയും ചെറുപതാകകളും വഹിക്കുന്നുണ്ടായിരുന്നു. കിഴക്കൻ തിമോറിലെ അപ്പസ്തോലികയാത്രയുടെ ഒരു ഏറെ പ്രധാന നിമിഷം ഫ്രാൻസിസ് പാപ്പായുടെ മുഖ്യ കാർമ്മികത്വത്തിൽ, കർദ്ദിനാൾമാരും, മെത്രാന്മാരും, നൂറുകണക്കിന് വൈദികരും സഹകാർമ്മികളായി, ഏതാണ്ട് ഏഴുലക്ഷത്തിലധികം ആളുകളുടെ സാന്നിധ്യത്തിൽ അർപ്പിക്കപ്പെട്ട വിശുദ്ധ ബലിയായിരുന്നു. ഇതിൽ പങ്കെടുക്കാനായി, രാജ്യത്തിന് പുറത്തുനിന്ന്, ഇന്തോനേഷ്യയിൽനിന്നും, ഓസ്‌ട്രേലിയയിൽനിന്നും പോലും വിശ്വാസികൾ എത്തിയിരുന്നു.
കന്യകാരാജ്ഞിയായ മറിയത്തിന്റെ വണക്കത്തിനായുള്ള ഈ വിശുദ്ധബലി പോർച്ചുഗീസ് ഭാഷയിലാണ് അർപ്പിക്കപ്പെട്ടത്. വിശുദ്ധബലിമദ്ധ്യേ ഫ്രാൻസിസ് പാപ്പാ ലക്ഷക്കണക്കിന് വിശ്വാസികളെയും, നൂറുകണക്കിന് സമർപ്പിതരെയും സാക്ഷിനിറുത്തി സുവിശേഷപ്രഘോഷണം നടത്തി.
പാപ്പായുടെ പ്രസംഗത്തിന് ശേഷം വിവിധഭാഷകളിൽ വിശ്വാസികളുടെ പ്രാർത്ഥനയോടെ വിശുദ്ധബലി തുടർന്നു. വിശുദ്ധബലിയുടെ അവസാനം കർദ്ദിനാൾ ദാ സിൽവ പാപ്പായെ അഭിസംബോധന ചെയ്‌തു സംസാരിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഇതേയിടത്തിൽ വിശുദ്ധബലിയർപ്പിച്ചത് പരാമർശിച്ച കർദ്ദിനാൾ ദാ സിൽവ, ഫ്രാൻസിസ് പാപ്പാ കിഴക്കൻ തിമോറിലെ ജനതയോട് കാട്ടുന്ന പൈതൃകമായ സ്നേഹത്തിന് നന്ദി പറഞ്ഞു.
വിശുദ്ധ ബലിയുടെ അവസാനം വീണ്ടും ജനങ്ങളോട് സംസാരിച്ച പാപ്പാ, കിഴക്കൻ തിമോറിൽ കുട്ടികൾക്കും മുതിർന്നവർക്കും കരുതൽ നൽകിയും, ജീവന്റേതായ ഈയൊരു സംസ്കാരത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കടുത്ത പ്രഹരശേഷിയുള്ള ശക്തികളെ സൂക്ഷിച്ചും ജീവിക്കാൻ ആഹ്വാനം ചെയ്തു.
വിശുദ്ധ ബലി അവസാനിച്ചതിനെത്തുടർന്ന്, ആറരയോടെ പാപ്പാ തുറന്ന വാഹനത്തിൽ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ആഹ്ളാദാരവങ്ങൾക്കിടയിലൂടെ സഞ്ചരിക്കുകയും, വൈകുന്നേരം ഏഴേകാലോടെ അവിടെനിന്ന് എട്ടു കിലോമീറ്ററുകൾ അകലെയുള്ള നൂൺഷിയേച്ചറിലേക്ക് തിരികെ യാത്രയാകുകയും, സ്വകാ
What's Your Reaction?