സിംഗപ്പൂരിന്റെ വളർച്ച മറ്റു രാജ്യങ്ങൾക്കും മാതൃകാപരം: ഫ്രാൻസിസ് പാപ്പാ

സിംഗപ്പൂരിന്റെ സാമ്പത്തിക, സാങ്കേതിക, സാമൂഹിക രംഗങ്ങളിലുള്ള വളർച്ചയിൽ അതിനുപിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിച്ചും ഫ്രാൻസിസ് പാപ്പാ. സിംഗപ്പൂരിൽ രാഷ്ട്രീയ, സാമൂഹ്യനേതൃത്വങ്ങളും വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികൾക്കും ഒന്നിച്ചുള്ള സമ്മേളനത്തിൽ പ്രസംഗിക്കവെ, കത്തോലിക്കാസഭയുടെ സേവനവും, കുടുംബങ്ങളുടെ പ്രാധാന്യവും, സഹവർത്തിത്വമനോഭാവത്തോടെയുള്ള ജീവിതത്തിലൂടെയുള്ള വളർച്ചയും പാപ്പാ പരാമർശിച്ചു. പാപ്പായുടെ പ്രഭാഷണത്തിന്റെ പരിഭാഷാസംഗ്രഹം

Sep 13, 2024 - 11:24
 0  4
സിംഗപ്പൂരിന്റെ വളർച്ച മറ്റു രാജ്യങ്ങൾക്കും മാതൃകാപരം: ഫ്രാൻസിസ് പാപ്പാ

നാഷണൽ യൂണിവേഴ്സിറ്റി സാംസ്‌കാരിക കേന്ദ്രത്തിൽവച്ച് രാഷ്ട്രീയ, സാമൂഹിക നേതൃത്വവും, സിംഗപ്പൂരിലെ വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുമായുള്ള സമ്മേളനത്തിൽ, തനിക്ക് സിംഗപ്പൂർ പ്രെസിഡന്റ് നൽകിയ സ്വാഗതത്തിന് നന്ദി പറഞ്ഞും, വത്തിക്കാനിൽ അടുത്തിടെ അദ്ദേഹം നടത്തിയ സന്ദർശനത്തെ പരാമർശിച്ചുമാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. നിരവധി ജനതകളുടെ  സംഗമവേദിയാണ് സിംഗപ്പൂരെന്ന നഗരങ്ങളുടെ രാജ്യമെന്ന് പാപ്പാ പറഞ്ഞു. രാജ്യത്തിൻറെ പുരോഗതിയും, വ്യാവസായിക വളർച്ചയും പാപ്പാ പ്രത്യേകം പരാമർശിച്ചു.

ലളിതമായ തുടക്കത്തിൽനിന്ന്,  വലിയൊരു പുരോഗതിയിലേക്ക് ഈ രാജ്യമെത്തിയത്, യാദൃശ്‌ഛികമായല്ലെന്നും, അത് ബുദ്ധിപൂർവമായ തീരുമാനങ്ങളുടെ ഫലമാണെന്നും പറഞ്ഞ പാപ്പാ, സിംഗപ്പൂർ റിപ്പബ്ലിക്കിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ലീ കുവാൻ യുവിന്റെ നൂറ്റിയൊന്നാം ജന്മദിനം അടുത്ത നാളുകളിലായിരുന്നുവെന്നത് പ്രത്യേകം അനുസ്മരിച്ചു. സിംഗപ്പൂരിന്റെ വളർച്ച, സാമ്പത്തികമേഖലയിൽ മാത്രമല്ലെന്നും, സാമൂഹ്യനീതിയും പൊതുനന്മയും ഉറപ്പാക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ അത് ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നും പാപ്പാ പറഞ്ഞു. ഉയർന്ന വിദ്യാഭ്യാസ, ആരോഗ്യരംഗങ്ങളും, പൊതുപാർപ്പിടസൗകര്യങ്ങളും ഉറപ്പാക്കാൻ ഇതുവരെ രാജ്യത്തിനായിട്ടുണ്ടെന്നും, സിംഗപ്പൂരിലെ എല്ലാവർക്കും ഇത്തരം തീരുമാനങ്ങളുടെയും വ്യവസ്ഥിതികളുടെയും ഫലം ലഭ്യമാകട്ടെയെന്നും പാപ്പാ ആശംസിച്ചു.

എന്നാൽ ഈ രംഗത്ത്, പ്രായോഗികമായ സൗകര്യങ്ങളും, കഴിവുകളും നോക്കി ആളുകൾക്കിടയിൽ വേർതിരിവുകൾ ഉണ്ടാകാനും, ആരും സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടുപോകാനും ഇടയാകാതിരിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

രാജ്യത്ത് ദുർബലരായവരെ സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന രാഷ്ട്രീയ, സാമൂഹിക നയങ്ങളെ അഭിനന്ദിച്ച പാപ്പാ, ഇന്നത്തെ സിംഗപ്പൂരിന് അടിസ്ഥാനമിടാനായി അദ്ധ്വാനിച്ച പാവപ്പെട്ടവർക്കും, വയോധികർക്കും കൂടുതൽ കരുതൽ ലഭിക്കട്ടെയെന്നും, സമൂഹത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന കുടിയേറ്റതൊഴിലാളികളുടെ അന്തസ്സ് കാത്തുസൂക്ഷിക്കപ്പെടട്ടെയെന്നും, അവർക്ക് തുല്യമായ വേതനം ഉറപ്പാകട്ടെയെന്നും ആശംസിച്ചു.

നിർമ്മിതബുദ്ധിയും, സാങ്കേതികവിദ്യയും വളർന്നുവരുന്ന ഇക്കാലത്ത്, യാഥാർത്ഥവും, മൂർത്തവുമായ മാനുഷികബന്ധങ്ങൾ ഉറപ്പാക്കാൻ നാം മറന്നുപോകരുതെന്നും, ശാസ്ത്രവികസനം മനുഷ്യരെ, സങ്കല്പികമായ യാഥാർഥ്യങ്ങളിൽ തളച്ചിടാതെ, അവരെ പരസ്പരം അടുപ്പിക്കാൻ സഹായിക്കട്ടെയെന്നും പാപ്പാ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow