പൗലോസ് അപ്പസ്തോലന്റെ കല്ലറയ്ക്കരികിൽ പ്രാർത്ഥനയ്‌ക്കെത്തി ലിയോ പതിനാലാമൻ പാപ്പാ
റോമൻ മതിലുകൾക്ക് പുറത്ത് വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ബസലിക്കയിൽ ലിയോ പാപ്പാ പ്രാർത്ഥനയ്ക്കായെത്തി. പത്രോസിന്റെ പിൻഗാമിയെന്ന നിലയിലും റോമിന്റെ മെത്രാനെന്ന നിലയിലും നടന്നുവരുന്ന ചടങ്ങുകളുടെ ഭാഗമായായിരുന്നു മെയ് 20-ന് നടത്തിയ ഈ ഔദ്യോഗിക സന്ദർശനം. ജനതകളുടെ അപ്പസ്തോലനെന്നറിയപ്പെടുന്ന വിശുദ്ധൻ റോമിലെ സഭയ്ക്കയച്ച ലേഖനത്തിലെ, കൃപ, വിശ്വാസം, നീതി എന്നീ വിഷയങ്ങളെ ആധാരമാക്കിയ സന്ദേശവും പാപ്പാ നൽകി

പത്രോസിന്റെ പിൻഗാമിയെന്ന നിലയിലും റോമിന്റെ മെത്രാനെന്ന നിലയിലും നടന്നുവരുന്ന ചടങ്ങുകളുടെ ഭാഗമായി ലിയോ പതിനാലാമൻ പാപ്പാ റോമൻ മതിലുകൾക്ക് പുറത്ത് വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ബസലിക്കയിൽ പ്രാർത്ഥനയ്‌ക്കെത്തി. മെയ് 20 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് പാപ്പാ, വിശുദ്ധ പൗലോസിന്റെ ഭൗതികശരീരം അടക്കം ചെയ്യപ്പെട്ടതെന്ന് കരുതപ്പെടുന്ന ബസലിക്കയിലെത്തിയത്.
അപ്പസ്തോലന്റെ കല്ലറയ്ക്കരികിൽ നടത്തിയ സ്വകാര്യപ്രാർത്ഥനയ്ക്ക് ശേഷം നടന്ന പ്രാർത്ഥനാശുശ്രൂഷയിൽ സംസാരിച്ച ലിയോ പതിനാലാമൻ പാപ്പാ, റോമക്കാർക്കായി അപ്പസ്തോലൻ എഴുതിയ ലേഖനത്തെ പരാമർശിച്ചുകൊണ്ട്, കൃപ, വിശ്വാസം, നീതി എന്നീ വിഷയങ്ങളെകുറിച്ചാണ് ജനതകളുടെ അപ്പസ്തോലൻ എഴുതുന്നതെന്ന് ഓർമ്മിപ്പിച്ചു. റോമിന്റെ മെത്രാനെന്ന നിലയിൽ താൻ ഏറ്റെടുത്തിരിക്കുന്ന പത്രോസിനടുത്ത ശുശ്രൂഷയിലും ഈ വിഷയങ്ങൾ ഏറെ പ്രധാനപ്പെട്ടതാണെന്ന് പാപ്പാ അനുസ്മരിച്ചു.
സുവിശേഷത്തിൽനിന്ന് അകന്നുജീവിക്കുകയും, ക്രിസ്തുവിന്റെ സഭയെ പീഡിപ്പിക്കുകയും ചെയ്തിരുന്ന ഒരു സമയത്ത് ഉണ്ടായ, ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിനെയും, തന്റെ വിളിയെയും കൃപയായാണ് അപ്പസ്തോലൻ കണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ദൈവമാണ് നമ്മെ തിരഞ്ഞെടുത്തതും വിളിച്ചതുമെന്ന വിശുദ്ധ അഗസ്തീനോസിന്റെ ചിന്തയും, പൗലോസിന്റെ ചിന്തയിൽനിന്ന് വ്യത്യസ്തമല്ലെന്ന് പാപ്പാ കൂട്ടിച്ചേർത്തു. ഓരോ ദൈവവിളിയുടെയും അടിസ്ഥാനമായി, ഒരമ്മയുടേതിന് തുല്യമായ ദൈവത്തിന്റെ കരുണയും നന്മയുമാണുള്ളതെന്ന് പാപ്പാ പ്രസ്താവിച്ചു.
വിശ്വാസവുമായി ബന്ധപ്പെട്ടു സംസാരിച്ച പാപ്പാ, വിശുദ്ധ പൗലോസിന്റെ വിളിയെക്കുറിച്ച് പ്രതിപാദിക്കുകയും, ദൈവം സാവൂളിനെ വിളിക്കുമ്പോഴും, അവന്റെ വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു. രക്ഷ എന്നത് മന്ത്രികമായി വരുന്ന ഒന്നല്ലെന്നും, അത് കൃപയുടെയും വിശ്വാസത്തിന്റേതുമായ ഒരു രഹസ്യമാണെന്നും, ദൈവത്തിൽനിന്ന് വരുന്ന സ്നേഹത്തോടുള്ള, വിശ്വാസപൂർണ്ണവും സ്വതന്ത്രവുമായ മനുഷ്യന്റെ മറുപടിയിലാണ് അത് സാധ്യമാകുകയെന്നും പാപ്പാ കൂട്ടിച്ചേർത്തു.
നീതിയുമായി ബന്ധപ്പെട്ട് സംസാരിക്കവേ, സാവൂളിനെ വിളിച്ച് പൗലോസാക്കിയതിൽ ദൈവത്തിന് നമുക്ക് നന്ദി പറയാമെന്ന് ഓർമ്മിപ്പിച്ച ലിയോ പതിനാലാമൻ പാപ്പാ, ദൈവത്തിന്റെ വിളിക്ക്, പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഹൃദയത്തിലേക്ക് വർഷിക്കപ്പെട്ട സ്നേഹത്തിനുള്ള മറുപടിയായി, സ്നേഹത്തിന്റെ സാക്ഷികളായി മാറിക്കൊണ്ട് ഉത്തരമേകാമെന്ന് ആഹ്വാനം ചെയ്തു. ക്രിസ്തുവുമായുള്ള കണ്ടുമുട്ടലിനുശേഷം, എല്ലാവർക്കും എല്ലാമായി മാറാൻ പൗലോസിന് കഴിഞ്ഞതുപോലെ, നമ്മുടെ ശരീരത്തിന്റെ ദൗർബല്യങ്ങളിലും വിശ്വാസത്തിന്റെ ശക്തിയാൽ നമുക്ക് നീതീകരിക്കപ്പെടാമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ബസലിക്കയിലെ ശുശ്രൂഷകളുമായി ബന്ധപ്പെട്ട് ബെനെഡിക്ടൈൻ സമൂഹം നൽകുന്ന സേവനങ്ങളെ പരാമർശിച്ച പാപ്പാ, വിശുദ്ധ ബെനെഡിക്ട് തന്റെ സമൂഹത്തിന് നൽകിയ നിയമാവലിയിൽ, സഹോദരസ്നേഹത്തിനും, ആതിഥേയത്വത്തിനും നൽകിയ പ്രാധാന്യം തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചു.
വിശുദ്ധ ബെനെഡിക്റ്റിന് ആയിരത്തിലധികം വർഷങ്ങൾക്ക് ശേഷം ബെനെഡിക്ട് പതിനാറാമൻ പാപ്പാ, ദൈവം നമ്മെ സ്നേഹിക്കുന്നുവെന്നതാണ്, നമ്മുടെ ജീവന് അർത്ഥം നൽകുന്നതെന്നും, നമ്മുടെ ജീവിതത്തിന് മുൻപ് ദൈവത്തിന്റെ സ്നേഹത്തിന്റെ ഒരു പദ്ധതി ഉണ്ടായിരുന്നുവെന്നും, വിശ്വാസമാണ് ആ ദൈവസ്നേഹത്തിന്റെ പദ്ധതിയിലേക്ക് നമ്മുടെ ഹൃദയത്തെ തുറക്കാൻ അനുവദിക്കുന്നതെന്നും, യുവജനങ്ങളോട് മാഡ്രിഡിൽ വച്ച് 2011 ഓഗസ്റ്റ് 20-ന് പറഞ്ഞത് ലിയോ പതിനാലാമൻ പാപ്പാ അനുസ്‍മരിച്ചു.
പത്രോസിന്റെ പിൻഗാമിയെന്ന നിലയിലും, പൗലോസിന്റെ അപ്പസ്തോലികതീക്ഷ്ണതയുടെ അവകാശിയെന്ന നിലയിലും തനിക്ക് ലഭിച്ചിരിക്കുന്ന വിളിക്ക് വിശ്വസ്തതാപൂർവ്വം ഉത്തരം നൽകാൻ ദൈവം തന്നെ അനുഗ്രഹിക്കട്ടെയെന്ന പ്രാർത്ഥനയോടെയാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
What's Your Reaction?






