പ്രത്യാശയുടെ കഥകൾ കഥനം ചെയ്യുക, പാപ്പാ മാദ്ധ്യമപ്രവർത്തകരോട്!

പ്രത്യാശയുടെ ജൂബിലിവർഷത്തിലെ മാദ്ധ്യമ ജൂബിലിയാചരണത്തിനായി വത്തിക്കാനിൽ എത്തിയ ആയിരക്കണക്കിന് മാദ്ധ്യമപ്രവർത്തകരെ ഫ്രാൻസീസ് പാപ്പാ പോൾ ആറാമൻ ശാലയിൽ ശനിയാഴ്ച സ്വീകരിച്ചു.

Jan 27, 2025 - 11:48
 0  13
പ്രത്യാശയുടെ കഥകൾ കഥനം ചെയ്യുക, പാപ്പാ മാദ്ധ്യമപ്രവർത്തകരോട്!

വാക്കുകളും ചിത്രങ്ങളും പണിയായുധങ്ങളായുള്ള അമൂല്യ ദൗത്യവും സവിശേഷ ഉത്തരവാദിത്വവുമാണ് മാദ്ധ്യമപ്രവർത്തകരുടേതെന്ന് മാർപ്പാപ്പാ.

പ്രത്യാശയുടെ ജൂബിലിവർഷത്തിലെ മാദ്ധ്യമ ജൂബിലിയാചരണത്തിനായി വത്തിക്കാനിൽ എത്തി വിശുദ്ധ പത്രോസിൻറെ ബസിലിക്കയിലെ വിശുദ്ധവാതിലിലൂടെ കടന്ന വിവിധരാജ്യക്കാരായ ആയിരക്കണക്കിന് മാദ്ധ്യമപ്രവർത്തകരെ ബസിലിക്കയുടെ സമീപത്തുള്ള പോൾ ആറാമൻ ശാലയിൽ ശനിയാഴ്ച (25/01/25) ഉച്ചയോടെ സ്വീകരിച്ച വേളയിൽ വരമൊഴിയായി നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

സുപ്രധാന മേഖലയായ വിനിമയലോകവുമായുള്ള കൂടിക്കാഴ്ച ഈ ജൂബിലി വർഷത്തിലെ വലിയ പ്രഥമ സംഗമമാണെന്ന് അനുസ്മരിക്കുന്ന പാപ്പാ, ലോകം യുദ്ധങ്ങളാലും അക്രമങ്ങളാലും നിരപരാധികളുടെ നിണം ചിന്തപ്പെടുന്നതിലൂടെയും ഇപ്പോഴും മുറിവേറ്റുകൊണ്ടിരിക്കുന്നതിനാൽ നരകുലത്തിൻറെ ചരിത്രത്തിലെ വിഷമകരമായ ഒരു ഘട്ടത്തിലാണ് ഈ ജൂബിലിയാചരണം നടക്കുന്നതെന്നു പറയുന്നു. സത്യം അന്വേഷിക്കുന്നതിനും യുദ്ധത്തിൻറെ ഭീകരതകൾ ആഖ്യാനം ചെയ്യുന്നതിനും ജീവൻ പോലും അപകടപ്പെടുത്തുന്ന മാദ്ധ്യമപ്രവർത്തകരോടുള്ള തൻറെ കൃതജ്ഞത പാപ്പാ രേഖപ്പെടുത്തുകയും ചെയ്യുന്നു.

അനീതിപരമായി തടവിലാക്കപ്പെട്ട എല്ലാ മാദ്ധ്യമപ്രവർത്തകരെയും വിട്ടയക്കണമെന്ന അഭ്യർത്ഥനയും പാപ്പാ ഈ ജൂബിലിയോടനുബന്ധിച്ചു നടത്തുന്നു. സ്വാതന്ത്ര്യത്തിലേക്കു കടക്കാൻ കഴിയുന്ന വാതിൽ അവർക്കായി തുറക്കപ്പെടണമെന്നും മാദ്ധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യം നമ്മുടെ സ്വാതന്ത്ര്യത്തെ വളർത്തുന്നുവെന്നും അവരുടെ സ്വാതന്ത്ര്യം നമ്മുടെ സ്വാതന്ത്ര്യമാണെന്നും പാപ്പാ പ്രസ്താവിക്കുന്നു. വസ്തുതകൾ അവതരിപ്പിക്കുന്നതിലും അവതരണരീതിയിലും ഇന്നത്തെ സമൂഹത്തിൽ മൗലികമായ ഒരു പങ്കാണ് മാദ്ധ്യമപ്രവർത്തകർക്കുള്ളതെന്നും ജീവിതത്തെ പോഷിപ്പിക്കുന്ന പ്രത്യാശയുടെ കഥകൾ കഥനം ചെയ്യണമെന്നും പാപ്പാ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

ചരിത്രം നമ്മോടാവശ്യപ്പെടുന്ന മാറ്റത്തെക്കുറിച്ച്, നുണകളെയും വിദ്വേഷത്തെയും മറികടക്കാൻ വേണ്ടുന്ന മാറ്റത്തെക്കുറിച്ച് അനുസ്മരിക്കുന്ന പാപ്പാ മാറ്റത്തിന് ധൈര്യം ആവശ്യമാണെന്ന തൻറെ ചിന്ത ആവർത്തിക്കുകയും ധൈര്യം എന്ന പദത്തിൻറെ മൂലമായ “കോർ ഹബേയൊ”  (cor habeo) എന്നീ ലത്തീൻ വാക്കുകൾ “ഹൃദയം ഉണ്ടായിരിക്കുക” എന്നാണ് ദ്യോതിപ്പിക്കുന്നതെന്നും അതിനർത്ഥം ഉൾപ്രേരണ എന്നാണെന്നും വിശദീകരിക്കുന്നു.

ഹൃദയത്തിൻറെ ഈ ആന്തരിക ശക്തിയെ പുറത്തേക്കുവിടണമെന്ന് ഓർമ്മിപ്പിക്കുന്ന പാപ്പാ സ്വാതന്ത്ര്യം എന്നത് ഒരു തിരഞ്ഞെടുപ്പുനടത്താനുള്ള ധൈര്യമാണെന്ന് കൂട്ടിച്ചേർക്കുകയും ഹൃദയത്തെ ദുഷിപ്പിക്കുന്നവയിൽ നിന്നു സ്വതന്ത്രമാകാനുള്ള ഈ ധൈര്യം നവീകരിക്കുന്നതിനും വീണ്ടും കണ്ടെത്തുന്നുതിനുമുള്ള അവസരമായി ഈ ജൂബിലിയെ മാറ്റാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്യുന്നു. മാദ്ധ്യമാധിഷ്ഠിത സാക്ഷരതയുടെ ആവശ്യകതയെക്കുറിച്ചും പാപ്പാ പരാമർശിച്ചു. വിമർശനാത്മക ചിന്തകളും അറിവിനാധാരമായ ക്ഷമാപൂർവ്വകമായ വിവേചനവും രൂപപ്പെടുത്തുന്നതിന് ഇത് ആവശ്യമാണെന്നും പാപ്പാ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow