ഭാരത ജനതയ്ക്ക് പാപ്പായുടെ പ്രാർത്ഥനയും ആശംസകളും ആകാശനൗകയിൽ നിന്ന്

ഇന്ത്യയും പാക്കിസ്ഥാനുമുൾപ്പടെ പതിനൊന്നു രാജ്യങ്ങളുടെ തലവന്മാർക്ക് പാപ്പാ ആശംസാ പ്രാർത്ഥനാ ടെലെഗ്രാം സന്ദേശമയച്ചു. റോമിൽ നിന്ന് ഇന്തൊനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്കുള്ള യാത്രാവേളയിലാണ് പാപ്പാ ഓരോ രാജ്യത്തിൻറെയും മുകളിലൂടെ കടന്നു പോകവെ ഈ സന്ദേശം അയച്ചത്.

Sep 4, 2024 - 11:47
 0  4
ഭാരത ജനതയ്ക്ക് പാപ്പായുടെ പ്രാർത്ഥനയും ആശംസകളും ആകാശനൗകയിൽ നിന്ന്

സർവ്വശക്തനായ ദൈവം ഇന്ത്യയ്ക്ക് സമാധാനത്തിൻറെയും ക്ഷേമത്തിൻറെയും അനുഗ്രഹങ്ങൾ സമൃദ്ധമായി നൽകട്ടെയെന്ന് പാപ്പാ പ്രാർത്ഥിക്കുന്നു.

സെപ്റ്റംബർ 2-ന് തിങ്കളാഴ്ച തൻറെ നാല്പത്തിയഞ്ചാം വിദേശ അപ്പൊസ്തോലിക പര്യടനത്തിന് തുടക്കം കുറിച്ച ഫ്രാൻസീസ് പാപ്പാ റോമിൽ നിന്ന് ഈ ഇടയസന്ദർശനത്തിൻറെ പ്രഥമ വേദിയായ ഇന്തൊനേഷ്യയിലേക്കുള്ള വിമാനയാത്രാവേളയിൽ ഇന്ത്യയ്ക്കു മുകളിലൂടെ വിമാനം പറക്കവെ വ്യോമയാനത്തിൽ നിന്ന് ഭാരതത്തിൻറെ രാഷ്ട്രപതി ശ്രീമതി ദൗപതി മുർമുന് അയച്ച ടെലെഗ്രാം സന്ദേശത്തിലാണ് ഈ പ്രാർത്ഥനയുള്ളത്.

രാഷ്ട്പതിക്കും ഭാരത ജനതയ്ക്കും പാപ്പാ ആശംസകൾ നേരുകയും ചെയ്തു. റോമിൽ നിന്ന് 11354 കിലോമീറ്റർ വ്യോമദൂരം അകലെയുള്ള, ഇന്തൊനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്കുള്ള 13 മണിക്കൂറിലേറെ ദീർഘിച്ച യാത്രയിൽ വ്യോമയാനം ഏതെല്ലാം രാഷ്ട്രങ്ങളുടെ മുകളിലൂടെ പറന്നുവോ അതതു രാജ്യങ്ങളുടെ തലവന്മാർക്ക് പാപ്പാ ടെലെഗ്രാം അയച്ചു. വിദേശ ഇടയസന്ദർശന വേളകളിലെല്ലാം എതെങ്കിലും രാജ്യത്തിൻറെ മുകളിലൂടെ വിമാനം സഞ്ചരിക്കുമ്പോൾ  അന്നാടിൻറെ തലവന് പാപ്പാ ഇപ്രകാരം സന്ദേശം അയയ്ക്കുക പതിവാണ്.

ഇന്ത്യയ്ക്കു പുറമെ, ഇറ്റലി, ക്രൊയേഷ്യ, ബോസ്നിയ ഹെർസഗോവീന, സെർബിയ, ബൾഗറി, തുർക്കി, ഇറാൻ, പാക്കിസ്ഥാൻ മലേഷ്യ ഇന്തൊനേഷ്യ എന്നീ നാടുകളുടെ വ്യാമപാത പാപ്പാ സഞ്ചരിച്ച വിമാനം ഉപയോഗപ്പെടുത്തി. ഇന്തൊനേഷ്യയുടെ മുകളിലൂടെ വിമാനം പറന്നെങ്കിലും അത് ആതിഥേയ രാഷ്ട്രമായതിനാൽ പാപ്പാ സന്ദേശം അയച്ചില്ല.

സാഹോദര്യത്താലും സമാധാനത്താലും പാക്കിസ്ഥാൻ അനുഗ്രഹീതമാകട്ടെയെന്ന് പാപ്പാ അന്നാടിൻറെ രാഷ്ട്രത്തലവൻ ആസിഫ് അലി ത്സർദാരിക്കയച്ച ടെലെഗ്രാം സന്ദേശത്തിൽ പ്രാർത്ഥിക്കുന്നു. സർവ്വശക്തൻ സമാധാനമെന്ന ദാനത്താൽ ഇറാനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്ന് പാപ്പാ ഇറാൻറെ പ്രസിഡൻറ് മസൂദ് പെത്സെഷ്കിയാന് അയച്ച സന്ദേശത്തിൽ ആശംസിക്കുന്നു.

സെപ്റ്റംബർ 2-13 വരെയാണ് പാപ്പായുടെ സുദീർഘമായ ഈ ഇടയസന്ദർശനം.  ഇന്തൊനേഷ്യ, പൂർവ്വതിമോർ, സിങ്കപ്പൂർ എന്നീ ഏഷ്യൻ നാടുകളും ഓഷ്യാന രാജ്യമായ പാപുവ ന്യൂ ഗിനിയും ആണ് സന്ദർശന വേദികൾ.

സെപ്റ്റംബർ 3-ന് ചൊവ്വഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക്, നിശ്ചിത സമയത്തെക്കാൾ 15 മിനിറ്റ് നേരത്തെ, 11.15-ന് പാപ്പാ ഇന്തൊനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലെ സുക്കാർണൊ ഹാത്ത വിമാനത്താവളത്തിൽ എത്തി. അപ്പോൾ ഇന്ത്യയിൽ സമയം ചൊവ്വാഴ്ച രാവിലെ 9.45 ആയിരുന്നു. സുദീർഘ യാത്രയായിരുന്നതിനാൽ ക്ഷീണം മൂലം ജക്കാർത്തയിലെ അപ്പൊസ്തോലിക്ക് നൺഷിയേച്ചറിൽ വിശ്രമിച്ചതിനു ശേഷം ബുധനാഴ്ച രാവിലെയായിരിക്കും പാപ്പാ ജക്കാർത്തയിൽ തൻറെ സന്ദർശന പരിപാടികൾ ആരംഭിക്കുക.

സെപറ്റംബർ 3-6 വരെ പാപ്പാ മുസ്ലീങ്ങൾ ബഹുഭൂരിപക്ഷമുള്ള രാഷ്ട്രമായ ഇന്തൊനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലായിരിക്കും. ആറാം തീയതി ഇന്തൊനേഷ്യയിൽ നിന്ന് ഓഷ്യാന രാജ്യമായ പാപുവ ന്യൂഗിനിയിലേക്കു പോകുന്ന പാപ്പാ അന്നാടിൻറെ തലസ്ഥാനമായ പോർട്ട് മോറെസ്ബിയും വാനിമോയും സന്ദർശിക്കും. ഒമ്പതാം തീയതി തെക്കുകിഴക്കെ ഏഷ്യൻ നാടായ കിഴക്കെ തിമോറിൻറെ തലസ്ഥാനമായ ദിലിയിൽ പാപ്പായെത്തും. പതിനൊന്നാം തീയതി വരെ അവിടെ തങ്ങുന്ന പാപ്പാ അന്ന് സിങ്കപ്പൂറിലേക്കു പോകും. 13-ന് പാപ്പാ വത്തിക്കാനിലേക്കു മടങ്ങും.

What's Your Reaction?

like

dislike

love

funny

angry

sad

wow