ചരിത്രത്തിലേക്ക് പറന്നിറങ്ങി ആറ് വനിതകള്‍; ദൗത്യം വിജയകരമായി ഭൂമിതൊട്ടു
ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് റോക്കറ്റ് 31 വിജയകരമായി വിക്ഷേപിച്ചു

ടെക്‌സാസ്: ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് റോക്കറ്റ് 31 വിജയകരമായി വിക്ഷേപിച്ചു. ശതകോടീശ്വരന്‍ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള എയ്റോസ്‌പേസ് കമ്പനിയാണ് ബ്ലൂ ഒറിജിന്‍. സ്ത്രീകള്‍ മാത്രം പങ്കാളികളാകുന്ന ആദ്യ ബഹിരാകാശ ദൗത്യമായിരുന്നു ഇത്. പോപ്പ് ഗായിക കാറ്റി പെറിയും ദൗത്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. പത്ത് മിനിറ്റോളം നീണ്ടുനില്‍ക്കുന്നതായിരുന്നു ദൗത്യം.
ടെക്‌സസിലെ ബ്ലൂ ഒറിജിന്റെ കേന്ദ്രത്തില്‍ നിന്ന് തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു പേടകം വിക്ഷേപിച്ചത്. ഭൂമിയില്‍ നിന്ന് നൂറുകിലോമീറ്റര്‍ അകലെയുള്ള സബ് ഓര്‍ബിറ്റല്‍ ഭ്രമണപഥത്തിലാണ് സംഘം ചെലവഴിച്ചത്. കര്‍മാന്‍ രേഖയിലൂടെ സഞ്ചരിച്ച് ക്രൂ കാപ്‌സ്യൂള്‍ ഭൂമിയില്‍ തിരിച്ചെത്തിയതായി സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതാദ്യമായാണ് ഒന്നിലേറെ പേരുള്ള ഒരു ബഹിരാകാശ ദൗത്യത്തില്‍ ക്രൂ അംഗങ്ങളെല്ലാം വനിതകളാവുന്നത്. കാറ്റി പെറി കൂടാതെ സി.ബി.എസ് അവതാരക ഗെയില്‍ കിങ്, പൗരാവകാശ പ്രവര്‍ത്തക അമാന്‍ഡ എന്‍ഗുയിന്‍, ചലച്ചിത്ര നിര്‍മാതാവ് കെരിയാന ഫ്ളിന്‍, നാസയിലെ മുന്‍ ശാസ്ത്രജ്ഞ ആയിഷ ബോവെ എന്നിവരും ദൗത്യത്തില്‍ പങ്കാളികളാണ്. ജെഫ് ബെസോസിന്റെ പ്രതിശ്രുതവധുവായ ലോറന്‍ സാഞ്ചെസാണ് സംഘത്തെ നയിച്ചത്.
What's Your Reaction?






