'പരാതി ദുരുദ്ദേശ്യപരം, നടിയ്ക്ക് നിരാശ'; മുൻകൂര്‍ ജാമ്യം തേടി രഞ്ജിത്ത്

തനിയ്ക്കെതിരായ ബംഗാളി നടിയുടെ ലൈംഗികാരോപണക്കേസില്‍ മുൻകൂർ ജാമ്യം തേടി സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയില്‍.

Sep 3, 2024 - 22:36
 0  3
'പരാതി ദുരുദ്ദേശ്യപരം, നടിയ്ക്ക് നിരാശ'; മുൻകൂര്‍ ജാമ്യം തേടി രഞ്ജിത്ത്

കൊച്ചി: തനിയ്ക്കെതിരായ ബംഗാളി നടിയുടെ ലൈംഗികാരോപണക്കേസില്‍ മുൻകൂർ ജാമ്യം തേടി സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയില്‍.

ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന തനിയ്ക്കെതിരെയുണ്ടായ ആരോപണത്തിനു പിന്നില്‍ തെറ്റായ ഉദ്ദേശ്യങ്ങളുണ്ട്. താൻ നിരപരാധിയാണെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അഡ്വ. പി. വിജയഭാനു മുഖേന സമർപ്പിച്ച ഹർജിയില്‍ പറയുന്നു.

15 വർഷം മുമ്ബത്തെ സംഭവത്തിലാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. അവസരം ലഭിക്കാത്തതിനും പിന്നിലുള്ള നിരാശയും അമർഷവുമാണ് നടിയുടെ ഇപ്പോഴത്തെ പരാതിയ്ക്ക് പിന്നില്‍. നിലവില്‍ ചുമത്തിയിരിക്കുന്ന വകുപ്പ് സംഭവം നടന്നെന്ന് പറയുന്ന സമയത്ത് (2009) ജാമ്യം ലഭിക്കുന്നതായിരുന്നെന്നും മുൻകൂർ ജാമ്യാപേക്ഷയില്‍ രഞ്ജിത്ത് പറയുന്നു.

ബംഗാളി നടിയാണ് രഞ്ജിത്തിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. 'പാലേരിമാണിക്യം' എന്ന സിനിമയുടെ ഓഡിഷനായി വിളിച്ച ശേഷം ലൈംഗികലക്ഷ്യത്തോടെ ശരീരത്തില്‍ സ്പർശിച്ചു എന്നതാണ് പരാതി. സംഭവത്തില്‍ എറണാകുളം നോർത്ത് പോലീസ് കേസെടുക്കുകയും ചെയ്തു. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.

നടിയുടെ ഫ്ലാറ്റില്‍ ഉണ്ടായിരുന്ന സമയം മുഴുവൻ ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടർമാരായിരുന്ന ശങ്കർ രാമകൃഷ്ണൻ, ഗിരീഷ് ദാമോദരൻ, പ്രൊഡ്യൂസർ സുബൈർ, ഓഫീസ് അസിസ്റ്റന്റ് ബിജു എന്നിവർ സന്നിഹിതരായിരുന്നെന്ന് ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ പറയുന്നു. ശങ്കർ രാമകൃഷ്ണനാണ് പ്രൊജക്ടിനെ കുറിച്ച്‌ നടിയുമായി സംസാരിച്ചത്. എന്നാല്‍, ശങ്കർ രാമകൃഷ്ണനെ കുറിച്ച്‌ നടിയുടെ പരാതിയില്‍ പരാമർശമില്ലാത്തത് സംശയാസ്പദമാണെന്നും മുൻകൂർ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow