സുനിത വില്യംസിന്റെ മടക്കയാത്ര ജൂണില്‍ സാധ്യമായേക്കില്ലെന്ന് നാസ

ഇന്ത്യൻ വംശജയും ബഹിരാകാശ യാത്രികയുമായ സുനിത വില്യംസിന്റെയും സംഘത്തിന്റെയും ബഹിരാകാശ നിലയത്തില്‍ നിന്നുള്ള മടക്കയാത്ര ജൂണില്‍ സാധ്യമല്ലെന്ന് നാസ.

Jun 27, 2024 - 23:32
 0  9
സുനിത വില്യംസിന്റെ മടക്കയാത്ര ജൂണില്‍ സാധ്യമായേക്കില്ലെന്ന് നാസ
ന്ത്യൻ വംശജയും ബഹിരാകാശ യാത്രികയുമായ സുനിത വില്യംസിന്റെയും സംഘത്തിന്റെയും ബഹിരാകാശ നിലയത്തില്‍ നിന്നുള്ള മടക്കയാത്ര ജൂണില്‍ സാധ്യമല്ലെന്ന് നാസ.
ജൂണ്‍ 26 ന് നിശ്ചയിച്ചിരുന്ന മടക്കയാത്ര ബഹിരാകാശ പേടകത്തിലെ തുടർച്ചയായ തകരാറുകളെത്തുടർന്ന് നീട്ടി വച്ചതായി നാസ അറിയിച്ചു. ബഹിരാകാശ സഞ്ചാരിയായ ബുച്ച്‌ വില്‍മോറിനൊപ്പം ബോയിങ് സ്റ്റാർലൈനർ പേടകത്തിലാണ് സുനിത വില്യംസ് ബഹിരാകാശ നിലയത്തില്‍ എത്തിയത്. അതേസമയം, അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായും (ഐഎസ്‌എസ് ) എക്സ്പെഡിഷൻ 71 ലെ മറ്റ് അംഗങ്ങളുമായും പേടകത്തെ വിജയകരമായി യോജിപ്പിച്ചുവെന്നും അടിയന്തിര മടക്കയാത്രക്ക് പേടകം സജ്ജമാണെന്നും നാസ അറിയിച്ചു. റോക്കറ്റിലെ തകരാറുകളും മറ്റും നിമിത്തം വിക്ഷേപണത്തിലും കാലതാമസം നേരിട്ടിരുന്നു.

പേടകത്തെ ബഹിരാകാശ നിലയത്തില്‍ നിന്നും വേർപെടുത്തുന്ന പ്രവർത്തനവും മുൻ കൂട്ടി നിശ്ചയിച്ച ബഹിരകാശ നടത്തവും ഒപ്പം പ്രൊപ്പല്‍ഷൻ സിസ്റ്റത്തില്‍ നിന്നുള്ള വിവര ശേഖരണത്തിനും കൂടുതല്‍ സമയം ആവശ്യമായതിനാലാണ് മടക്കയാത്ര നീട്ടി വയ്ക്കുന്നതെന്ന് നാസ വ്യക്തമാക്കി. ഇരു പേടകങ്ങളും കൂട്ടിയോജിപ്പിച്ചപ്പോഴും ഐഎസ്‌എസില്‍ സംയോജിപ്പിച്ചപ്പോഴും ഉണ്ടായ ഹീലിയം ലീക്കേജും മറ്റ് തകരാറുകളും പരിഹരിക്കുന്നതിന് കൃത്യമായ വിവര ശേഖരണം ആവശ്യമാണെന്ന് ക്രൂ പ്രോഗ്രാം മാനേജരായ സ്റ്റീവ് സ്റ്റിച്ച്‌ പറഞ്ഞു. സ്‌പേസ് എക്സിന്റെ പേടകത്തിന്റെ മടക്കയാത്രയ്ക്ക് മുന്നോടിയായി നടത്തിയ സ്പേസ് എക്സ് ഡെമോ - 2 വിന് സമാനമായ റിവ്യൂവും നാസ നടത്തുന്നുണ്ട്. ജൂണ്‍ 24 ന് പുറമെ ജൂലൈ 2 നും ബഹിരാകാശ നടത്തത്തിന് നാസ പദ്ധതിയിട്ടിട്ടുണ്ട്. ക്രൂ അംഗങ്ങള്‍ക്കൊപ്പം ബഹിരാകാശ നിലയത്തിലെ ദൈനംദിന പ്രവർത്തനങ്ങള്‍ക്കും കൂടാതെ കന്നി ബഹിരാകാശ യാത്ര നടത്തുന്ന ബോയിങ് സ്റ്റാർലൈനറിന്റെ സർട്ടിഫിക്കേഷനും വേണ്ടിയുള്ള പ്രവർത്തനങ്ങളുമാണ് സുനിത വില്യംസും ബുച്ചറും നടത്തുന്നത്.

ക്രൂ അംഗങ്ങളില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്നും മടക്കയാത്രയ്ക്ക് എടുക്കുന്ന അധിക സമയം ഭാവി യാത്രകള്‍ സുഗമമാക്കുന്നതിനുള്ള പഠനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന് ബോയിങ് സ്റ്റാർലൈനർ പ്രോഗ്രാം മാനേജരും വൈസ് പ്രസിഡന്റുമായ മാർക്ക് നപ്പി പറഞ്ഞു. ബഹിരാകാശ നിലയത്തില്‍ തുടരാനാവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമായതിനാല്‍ ഓഗസ്റ്റ് പകുതി വരെ ക്രൂവിന് മടങ്ങി വരേണ്ട അടിയന്തിര സാഹചര്യം ഇല്ലെന്നും മടക്കയാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും നാസ റിപ്പോർട്ട് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow