പൊതുവിദ്യാലയങ്ങളിലെ മികവ് അളക്കാന്‍ നാസ് മാതൃകയില്‍ സര്‍വേ

നാഷണല്‍ അച്ചീവ്മെന്റ് സര്‍വേയുടെ (നാസ്) മാതൃകയില്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സര്‍വേ നടപ്പാക്കുന്നു

Apr 4, 2025 - 11:37
 0  19
പൊതുവിദ്യാലയങ്ങളിലെ മികവ് അളക്കാന്‍ നാസ് മാതൃകയില്‍ സര്‍വേ

തിരുവനന്തപുരം: നാഷണല്‍ അച്ചീവ്മെന്റ് സര്‍വേയുടെ (നാസ്) മാതൃകയില്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സര്‍വേ നടപ്പാക്കുന്നു. അടുത്ത അധ്യയന വര്‍ഷത്തില്‍ മൂന്ന് മുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകളിലാണ് സ്റ്റേറ്റ് അച്ചീവ്മെന്റ് സര്‍വേ (സാസ്) നടത്തുക.

ദേശീയതലത്തില്‍ നടക്കുന്ന മത്സരപ്പരീക്ഷകളില്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പിന്നിലാകുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍വേ. ജൂണ്‍ മുതല്‍ ഡിസംബര്‍വരെയുള്ള കാലയളവില്‍ എല്ലാ സ്‌കൂളുകളിലും മാതൃകാ പരീക്ഷകളും പ്രതിവാര പരീക്ഷകളും നടത്തും.

2017, 2021, 2024 വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിലാണ് നാസ് നടത്തിയത്. എന്‍സിഇആര്‍ടിയാണ് അതിന്റെ ഘടനയും ചോദ്യരീതിയും മൂല്യനിര്‍ണയവുമൊക്കെ നിശ്ചയിച്ചത്. സര്‍വേ നടത്താന്‍ സമഗ്രശിക്ഷാകേരളയുടെ സഹായവും ഉണ്ടായിരുന്നു.

ഗണിതം, ശാസ്ത്രം, ഭാഷ തുടങ്ങിയ വിഷയങ്ങളില്‍ കേരളത്തിലെ വിദ്യാര്‍ഥികളുടെ നിലവാരം ഉയരേണ്ടതുണ്ടെന്നാണ് ഇതിലൂടെ വ്യക്തമായത്. മൂന്ന്, അഞ്ച്, എട്ട്, പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്കിടയിലാണ് 2017 ലും 2021 ലും സര്‍വേ നടത്തിയത്. 2024 ല്‍ മൂന്ന്, ആറ്, ഒന്‍പത് ക്ലാസുകളിലായിരുന്നു സര്‍വേ. ഇതില്‍ നിന്നുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് മൂന്ന് മുതല്‍ ഒന്‍പത് വരെയുള്ള എല്ലാ ക്ലാസുകളിലും നടത്താന്‍ തീരുമാനിച്ചത്.

പൊതുവിദ്യാഭ്യാസ വകുപ്പിനൊപ്പം എസ്സിഇആര്‍ടി, എസ്എസ്‌കെ എന്നിവയ്ക്കാണ് ഇതിന്റെ ചുമതല വഹിക്കുന്നത്. സര്‍വേയുടെ ഭാഗമായുള്ള പരീക്ഷയ്‌ക്കൊരുങ്ങാന്‍ കുട്ടികള്‍ക്ക് പ്രത്യേക പരിശീലന സാമഗ്രികള്‍ നല്‍കും. പാദവാര്‍ഷിക, അര്‍ധവാര്‍ഷിക പരീക്ഷകളോടനുബന്ധിച്ച് നാസ് മാതൃകാ ചോദ്യങ്ങളും ഉള്‍പ്പെടുത്തും.

ഓരോ സ്‌കൂളിന്റെയും ഫലം വിശകലനം ചെയ്ത് പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പിന്തുണയേകാന്‍ പഞ്ചായത്ത്, ജില്ലാ തലങ്ങളില്‍ പ്രത്യേക പദ്ധതികളുണ്ടാകും. പൊതുവിദ്യാഭ്യാസ സംവിധാനത്തെയും ഡയറ്റ്, ബിആര്‍സി തുടങ്ങിയവയെയും പ്രാദേശികസര്‍ക്കാറുകളെയും വിദ്യാലയ സമിതികളെയും എല്ലാം കൂട്ടിയിണക്കിക്കൊണ്ടുള്ള സംവിധാനമാവും പ്രവര്‍ത്തിക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow