'നടപടി അനധികൃത കുടിയേറ്റക്കാര്‍ക്കുള്ള ട്രംപിന്റെ താക്കീത്': കുടിയേറ്റ നയത്തില്‍ മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി
നിയമവിരുദ്ധമായി യുഎസില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിന്റെ സന്ദേശമാണ് കുടിയേറ്റക്കാരെ നാടുകടത്തിയ നടപടിയെന്ന് മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.

ന്യൂയോര്‍ക്ക്: നിയമവിരുദ്ധമായി യുഎസില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിന്റെ സന്ദേശമാണ് കുടിയേറ്റക്കാരെ നാടുകടത്തിയ നടപടിയെന്ന് മുന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തലിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
വരരുത്, നിങ്ങളെ നിങ്ങളുടെ മാതൃരാജ്യത്തേക്ക് തിരിച്ചയയ്ക്കും എന്നാണ് അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയച്ച നാടുകടത്തപ്പെട്ടവര്‍ അക്രമികളും ശിക്ഷിക്കപ്പെട്ട കുറ്റവാളികളുമാണ്. അതുകൊണ്ടാണ് അവരെ കൈവിലങ്ങുകള്‍ അണിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'കുടിയേറ്റക്കാരുടെ കൈകള്‍ വിലങ്ങിട്ട് ബന്ധിച്ചിരിക്കുന്നത് നമ്മള്‍ വീഡിയോയില്‍ പകര്‍ത്തിയില്ലായിരുന്നുവെങ്കില്‍, ലോകം പറയും, എന്താണ് അവര്‍ നമുക്ക് കാണിച്ചുതരാത്തത്, എന്താണ് സംഭവിക്കുന്നത്, എന്തൊരു നിഗൂഢത, ഡൊണാള്‍ഡ് ട്രംപിന്റെ തന്ത്രം എന്നൊക്കെ..' -മൈക്ക് പോംപിയോ പറഞ്ഞു.
ട്രംപ് ഭരണകൂടത്തിന് കീഴില്‍ തുടര്‍ച്ചയായ നാടുകടത്തലുകള്‍ നടക്കുന്നുണ്ടെങ്കിലും നിയമാനുസൃത കുടിയേറ്റക്കാര്‍ക്ക് ഏറ്റവും സ്വാഗതം ചെയ്യുന്ന രാഷ്ട്രം അമേരിക്കയാണെന്ന് വ്യക്തമാക്കികൊണ്ട് മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി രാജ്യത്തിന്റെ കുടിയേറ്റ നയങ്ങളെ ന്യായീകരിച്ചു. ഈ വര്‍ഷം അമേരിക്കയോളം നിയമാനുസൃത കുടിയേറ്റക്കാരെ സ്വീകരിക്കുന്ന മറ്റൊരു രാജ്യം ലോകത്തിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാടുകടത്തലിനെക്കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ചുകൊണ്ട്, ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അത്തരം നടപടികള്‍ അനിവാര്യമാണെന്ന് വാദിച്ചുകൊണ്ട് പോംപിയോ വിമര്‍ശനങ്ങളെ തള്ളിക്കളഞ്ഞു. ''ലോകം ഇതിനെ (നാടുകടത്തപ്പെട്ട കുടിയേറ്റക്കാരുടെ ദൃശ്യങ്ങള്‍) ഉറ്റുനോക്കി, 'അയ്യോ, ഇത് വളരെ മോശമാണ്' എന്ന് പറയുന്നു. എന്നാല്‍ അമേരിക്കന്‍ പരമാധികാരം സംരക്ഷിക്കാന്‍ ഇത് ആവശ്യമാണ്... പ്രസിഡന്റ് ട്രംപ് ആ പ്രതിബദ്ധത നിറവേറ്റാന്‍ പോകുന്നു, ''-അദ്ദേഹം പറഞ്ഞു.
മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കുടിയേറ്റ നയങ്ങളെയും മൈക്ക് പോംപിയോ വിമര്‍ശിച്ചു. ഭരണകൂടത്തിന്റെ സമീപനം ഒരു തകര്‍ന്ന സംവിധാനത്തിലേക്ക് നയിച്ചുവെന്ന് വാദിച്ച അദ്ദേഹം, അതിര്‍ത്തിയില്‍ ക്രമസമാധാനം പുനസ്ഥാപിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കഴിവിനെ അംഗീകരിക്കുകയും ചെയ്തു.
What's Your Reaction?






