ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും; ഇന്ത്യാ സന്ദര്‍ശനത്തിന് ഒരുങ്ങി തുളസി ഗബ്ബാര്‍ഡ്

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണെന്ന് യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ്.

Mar 12, 2025 - 23:09
 0  9
ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും; ഇന്ത്യാ സന്ദര്‍ശനത്തിന് ഒരുങ്ങി തുളസി ഗബ്ബാര്‍ഡ്

വാഷിംഗ്ടണ്‍: ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണെന്ന് യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ്. ഇന്തോ-പസഫിക് മേഖലയുടെ ഭാഗമായി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നും അവര്‍ വ്യക്തമാക്കി. സമാധാനവും സ്വാതന്ത്ര്യവും നിലനിര്‍ത്തുകയെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ലക്ഷ്യം നിറവേറ്റുന്നതിനാണ് താന്‍ വിദേശ സന്ദര്‍ശനത്തിന് ഒരുങ്ങുന്നതെന്നും തുളസി ഗബ്ബാര്‍ഡ് പറഞ്ഞു.

'എനിക്ക് നന്നായി അറിയാവുന്ന ഇന്തോ-പസഫിക് മേഖലയിലേക്കുള്ള ഒരു ബഹുരാഷ്ട്ര യാത്ര ഞാന്‍ ആസൂത്രണം ചെയ്യുകയാണ്. ഈ പസഫിക് മേഖലയിലെ ഒരു കുട്ടിയായി തന്നെയാണ് ഞാന്‍ വളര്‍ന്നുവന്നത് കൊണ്ട് തന്നെ എനിക്ക് ഈ മേഖലയെ കുറിച്ച് നന്നായി അറിയാം. ജപ്പാന്‍, തായ്ലന്‍ഡ്, ഇന്ത്യ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും, ശേഷം, അമേരിക്കയിലേക്ക് മടങ്ങുന്ന വഴി ഫ്രാന്‍സും സന്ദര്‍ശിക്കും' എന്ന് അവര്‍ എക്സില്‍ കുറിച്ചു. ഒരു വിമാനത്തിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

പ്രസിഡന്റ് ട്രംപിന്റെ സമാധാനം, സ്വാതന്ത്ര്യം, സമൃദ്ധി എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് മറ്റ് രാജ്യങ്ങളുമായി ശക്തമായ ബന്ധങ്ങള്‍ നിലനിര്‍ത്താനും കൂടിക്കാഴ്ച നടത്താനും ഈ വിദേശ സന്ദര്‍ശനം നിര്‍ണായകമാണെന്നും തുളസി ഗബ്ബാര്‍ഡ് പറഞ്ഞു. യുഎസ് ഇന്തോ-പസഫിക് കമാന്‍ഡ് നേതാക്കളെയും പരിശീലനം നടത്തുന്ന സൈനികരെയും അവര്‍ സന്ദര്‍ശിക്കും. രണ്ടാം ട്രംപ് ഭരണകൂടത്തില്‍ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി ചുമതലയേറ്റതിന് ശേഷം ഗബ്ബാര്‍ഡിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ യാത്രയാണിത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ വൈറ്റ് ഹൗസില്‍ ട്രംപുമായി ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി വാഷിംഗ്ടണ്‍ ഡിസിയിലേക്കുള്ള സന്ദര്‍ശന വേളയില്‍ തുളസി ഗബ്ബാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. യുഎസ് തലസ്ഥാനത്ത് മോദി എത്തിയതിന് തൊട്ടുപിന്നാലെ, ഫെബ്രുവരി 12 ന് ബ്ലെയര്‍ ഹൗസില്‍ മോദിയെ കണ്ട ആദ്യത്തെ യുഎസ് ഉദ്യോഗസ്ഥയായിരുന്നു തുളസി ഗബ്ബാര്‍ഡ്.

What's Your Reaction?

like

dislike

love

funny

angry

sad

wow