വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം; മുറ്റത്ത് കിടന്ന സ്‌കൂട്ടറില്‍ കള്ളന്‍ രക്ഷപ്പെട്ടു, സമീപത്തുള്ള വീടുകളിലും കയറി

വടകര മേമുണ്ടയിലെ ചല്ലിവയലില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം.

Apr 2, 2024 - 17:47
 0  3
വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം; മുറ്റത്ത് കിടന്ന സ്‌കൂട്ടറില്‍ കള്ളന്‍ രക്ഷപ്പെട്ടു, സമീപത്തുള്ള വീടുകളിലും കയറി

കോഴിക്കോട്: വടകര മേമുണ്ടയിലെ ചല്ലിവയലില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം. കെ പി പ്രദീപന്‍ എന്നയാളുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ മോഷണം നടന്നത്.

വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്‍സ് തകര്‍ത്ത മോഷ്ടാവ് അടുക്കള വാതില്‍ പൊളിച്ച്‌ അകത്ത് പ്രവേശിക്കുകയായിരുന്നു.രാവിലെ എഴുന്നേറ്റപ്പോഴാണ് മോഷണം നടന്നതായി വീട്ടുകാര്‍ മനസിലാക്കുന്നത്. താഴത്തെ നിലയിലുണ്ടായിരുന്ന അലമാരയിലെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാരി വലിച്ചിട്ട നിലയിലായിരുന്നു. പ്രദീപന്റെ ഭാര്യയുടെ ബാഗും പണവും മോഷണം പോയി. വീട്ടുമുറ്റത്തുണ്ടായിരുന്ന സ്‌കൂട്ടറിലാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. തുടര്‍ന്ന് സ്‌കൂട്ടര്‍ മറ്റൊരു സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

പ്രദീപന്റെ വീടിന് സമീപത്തുള്ള പ്രമോദ് എന്നയാളുടെ വീടിന്റെ ജനഴികള്‍ മുറിച്ചു മാറ്റിയാണ് അകത്തു കയറിയത്.

പ്രമോദിന്റെ സഹോദരന്‍ മനോജ്, കാര്‍ത്തിക ഭവനില്‍ പി പി സുജിത്ത്, ഷിജി നിവാസില്‍ കുഞ്ഞിരാമന്‍ എന്നിവരുടെ വീട്ടിലും മോഷണശ്രമം നടത്തിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow