ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയും; പേരുകള്‍ നാളെ പ്രധാനമന്ത്രി പ്രഖ്യാപിക്കും

ഗഗന്‍യാന്‍ ദൗത്യത്തിലെ നാലംഗ യുദ്ധവിമാനപൈലറ്റുമാരില്‍ ഒരു മലയാളിയും.

Feb 26, 2024 - 20:47
 0  4
ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയും; പേരുകള്‍ നാളെ പ്രധാനമന്ത്രി പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ഗഗന്‍യാന്‍ ദൗത്യത്തിലെ നാലംഗ യുദ്ധവിമാനപൈലറ്റുമാരില്‍ ഒരു മലയാളിയും. സ്‌ക്വാഡ്രണ്‍ ലീഡര്‍ റാങ്കിലുള്ള മലയാളിയാണെന്നാണ് സൂചന.

പേരുവിവരങ്ങള്‍ നാളെ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കും. ബഹിരാകാശ യാത്രയ്ക്കു മുന്നോടിയായി ഇന്ത്യയില്‍ പരിശീലനം തുടരുന്ന നാലു പേരിലാണ് ഒരു മലയാളിയും ഉള്‍പ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏര്യയില്‍ രാവിലെ 10.30ന് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് പോകും. വിഎസ്‌എസ്‌സിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും.

തുടര്‍ന്ന് ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.20ന് തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്രതിരിക്കും. 28ന് ഉച്ചയ്ക്ക് 1.10 ന് തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരം വ്യോമസേന ടെക്‌നിക്കല്‍ ഏര്യയില്‍ തിരിച്ചെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15ന് മഹാരാഷ്ട്രയിലേക്ക് പോകും.

2025ല്‍ വിക്ഷേപിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തില്‍ വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റുമാരിലെ തിരഞ്ഞെടുക്കപ്പെട്ട 4 പേരില്‍ നിന്നാകും ബഹിരാകാശ യാത്രികരെ തീരുമാനിക്കുക. 3 ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെ 3 ദിവസത്തേക്ക് 400 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ച്‌, ഭൂമിയില്‍ തിരിച്ചെത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യം അടുത്ത വര്‍ഷം വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.

ദൗത്യത്തിനു മുന്നോടിയായി യന്ത്രവനിത 'വ്യോമമിത്ര'യെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈവര്‍ഷം ജൂണില്‍ വിക്ഷേപിക്കും. ഭൂമിയില്‍ നിന്ന് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ 3 ദിവസം സഞ്ചരിച്ച ശേഷം മടങ്ങിയെത്തും. തുടര്‍ന്ന് രണ്ടുഘട്ട പരീക്ഷണ വിക്ഷേപണങ്ങള്‍ കൂടി കഴിഞ്ഞ ശേഷമാകും ബഹിരാകാശ യാത്രികരുമായുള്ള ഗഗന്‍യാന്‍ ദൗത്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow