പേരിനൊപ്പം കലാമണ്ഡലം എന്ന് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കം': സത്യഭാമയെ തള്ളി കേരള കലാമണ്ഡലം

പ്രശസ്ത നർത്തകൻ ആർഎല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ചതിന് പിന്നാലെ നൃത്താധ്യാപിക സത്യഭാമയെ തള്ളി കേരള കലാമണ്ഡലം.

Mar 22, 2024 - 08:04
 0  3
പേരിനൊപ്പം കലാമണ്ഡലം എന്ന് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കം': സത്യഭാമയെ തള്ളി കേരള കലാമണ്ഡലം

തൃശൂർ: പ്രശസ്ത നർത്തകൻ ആർഎല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ചതിന് പിന്നാലെ നൃത്താധ്യാപിക സത്യഭാമയെ തള്ളി കേരള കലാമണ്ഡലം.

സത്യഭാമയുടെ പ്രസ്താവന പരിഷ്‌കൃത സമൂഹത്തിന് യോജിക്കാത്തതെന്ന് കുറിച്ച കലാമണ്ഡലം, സത്യാഭാമയുടെ നിലപാടുകള്‍ നിരാകരിക്കുകയും അപലപിക്കുകയും ചെയ്തു. ഇത്തരം വ്യക്തികളുടെ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കമുണ്ടാക്കുന്നുവെന്നും കലാമണ്ഡലം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നായിരുന്നു സത്യഭാമയുടെ പരാമർശം. രാമകൃഷ്ണൻ കാക്ക പോലെ കറുത്തവനാണെന്നും സുന്ദരികളായ സ്ത്രീകള്‍ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നുമാണ് സത്യഭാമ പറയുന്നത്. അധിക്ഷേപ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാൻ പറ്റാത്ത സാഹചര്യമെന്നായിരുന്നു ആർഎല്‍വി രാമകൃഷണൻ സംഭവത്തില്‍ പ്രതികരിച്ചത്.

വിഷയത്തില്‍ പ്രതികരണത്തിനായി സത്യഭാമയെ സമീപിച്ച മാധ്യമങ്ങള്‍ക്ക് രൂക്ഷമായ പ്രതികരണമാണ് നൃത്താധ്യാപിക നല്‍കിയത്.

ഒരാളെയും അധിക്ഷേപിച്ച്‌ യൂട്യൂബ് ചാനലില്‍ പേര് പറഞ്ഞിട്ടില്ലെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും വ്യക്തമാക്കിയ അവർ കലാ മേഖലയില്‍ നിന്ന് പലരും തനിക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും പറഞ്ഞു.

''മോഹിനിയാട്ടം ചെയ്യുന്ന ഒരു കുട്ടി, ആണായാലും പെണ്ണായാലും ഒരു മോഹിനിയായിരിക്കണം. ഒരിക്കലും മോഹനൻ മോഹിനിയാട്ടം കളിച്ചാല്‍ ശരിയാകില്ലല്ലോ? മോഹിനിയാട്ടം എന്നാണു പേരു തന്നെ. ഒരു മോഹിനിയാകുമ്ബോള്‍ അത്യാവശ്യം സൗന്ദര്യമൊക്കെ വേണം. ഞങ്ങളെ പോലെ ഉള്ളവർ എന്താ സൗന്ദര്യ മത്സരത്തിനു പോകാത്തത്? അതിന് അത്യാവശ്യം സൗന്ദര്യവും നിറവുമൊക്കെ വേണം. തീരെ കറുത്ത കുട്ടികള്‍ക്കു സൗന്ദര്യമത്സരത്തിനു ഫസ്റ്റ് കിട്ടിയിട്ടുണ്ടോ? എത്ര ചാനലുകാർ വന്നാലും ഞാൻ എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു.

കറുത്ത ആള്‍ക്കാർ കളിക്കാൻ പാടില്ലെന്നില്ല. അതു പെണ്‍കുട്ടികളാണെങ്കില്‍ കുഴപ്പമില്ല. ആണ്‍കുട്ടികളാണെങ്കില്‍ എന്റെ അഭിപ്രായത്തില്‍ കുറച്ചു സൗന്ദര്യം വേണം. ഞാൻ പൊതു അഭിപ്രായമാണു പറഞ്ഞത്. ഓരോരുത്തർക്കും ഓരോ അഭിപ്രായമായിരിക്കും. വ്യക്തിപരമായി ആരെയും പറഞ്ഞിട്ടില്ല. ഉണ്ടെങ്കില്‍ എടുത്തു കൊണ്ടു വാ'' സത്യഭാമ പറഞ്ഞു. ''കറുത്ത കുട്ടികള്‍ നൃത്തം പഠിക്കാൻ വന്നാല്‍ പരിശീലനം കൊടുക്കും എന്നാല്‍ മത്സരത്തിനു പോകേണ്ടെന്നു പറയും. ഒരു തൊഴിലായി പഠിച്ചോ, മത്സരത്തിനു പോകുമ്ബോ സൗന്ദര്യത്തിന് ഒരു കോളം ഉണ്ട്, അവർ മാർക്കിടില്ല എന്നു പറയും'' സത്യഭാമ കൂട്ടിച്ചേർത്തു.

അതേസമയം കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ നിയമ നടപടി ആലോചിക്കുമെന്ന് ആർഎല്‍വി കോളജ് പ്രിൻസിപ്പാള്‍ പ്രൊഫ.ആർ രാജലക്ഷ്മി മീഡിയവണിനോട് പറഞ്ഞു. കല പഠിപ്പിക്കാനുള്ള യോഗ്യത സത്യഭാമയ്ക്ക് ഇല്ലെന്ന് വ്യക്തമാക്കുന്ന പ്രസ്താവനയാണെന്നും സത്യഭാമ ഇൻസ്റ്റിറ്റിയൂഷൻ നടത്തുന്നുണ്ടെങ്കില്‍ അതിൻറെ ലൈസൻസ് റദ്ദാക്കണമെന്നും രാജലക്ഷ്മി ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow