മനുഷ്യ-വന്യ ജീവി സംഘര്‍ഷം; സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച്‌ കേരളം

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായ വന്യജീവി ആക്രമണം മൂലമുള്ള ദാരുണ സംഭവങ്ങള്‍

Mar 6, 2024 - 18:41
 0  4
മനുഷ്യ-വന്യ ജീവി സംഘര്‍ഷം; സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച്‌ കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടായ വന്യജീവി ആക്രമണം മൂലമുള്ള ദാരുണ സംഭവങ്ങള്‍ കണക്കിലെടുത്ത് മനുഷ്യ-വന്യ ജീവി സംഘര്‍ഷം സംസ്ഥാന പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക്ക് ഡിസാസ്റ്റര്‍) പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനം കൂടി ഇതില്‍ ഉള്‍പ്പെടുത്തി ഏകോപിപ്പിക്കും. മുഖ്യമന്ത്രി - മന്ത്രി തലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള നാല് സമിതികള്‍ ജില്ലാ, പ്രദേശിക തലത്തില്‍ ഉള്‍പ്പെടെ രൂപീകരിക്കും. സംസ്ഥാനതല ഉദ്യോഗസ്ഥ സമിതി ഉള്‍പ്പെടെയുള്ള സമിതികളുടെ ചുമതലകളും പ്രവര്‍ത്തന രീതിയും ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് തയ്യാറാക്കും.

വനംമന്ത്രി എ കെ ശശീന്ദ്രനാണ് തീരുമാനങ്ങള്‍ സംബന്ധിച്ച്‌ വിശദീകരിച്ചത്. പുതിയ ഉന്നത അധികാര സമിതി രൂപീകരിച്ചു. ദുരന്ത നിവാരണം അനുസരിച്ചുള്ള നടപടികള്‍ എടുക്കാൻ കലക്റ്റർമാർക്ക് അധികാരം ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ദുരന്തമായി പ്രഖ്യാപിച്ചാല്‍ സാമ്ബത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര അനുമതി വേണ്ടെന്നും നിയമോപദേശം തേടിയെന്നും വനം മന്ത്രി ചൂണ്ടിക്കാണിച്ചു. ദുരന്തമായി പ്രഖ്യാപിക്കുന്നതിലൂടെ വന്യജീവികളെ വെടിവെച്ചു കൊല്ലുന്നത് അടക്കമുള്ള നിയമതടസങ്ങള്‍ മറികടക്കാൻ കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. കിഫ്ബി വഴി 110 കോടി രൂപ കൂടി അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.

വന്യജീവി ആക്രമണം മൂലമുള്ള ദാരുണ സംഭവങ്ങള്‍ കണക്കിലെടുത്തുള്ള മന്ത്രിസഭായോഗ തീരുമാനത്തിലെ പ്രധാനഭാഗങ്ങള്‍

  • സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി അദ്ധ്യക്ഷനായി സമിതി രൂപീകരിക്കും. വനം വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി എന്നിവർ അംഗങ്ങളും, ചീഫ് സെക്രട്ടറി കണ്‍വീനറുമായിരിക്കും. ഈ സമിതി സംസ്ഥാന തലത്തില്‍ ആവശ്യമായ നിർദ്ദേശങ്ങള്‍ നല്‍കും.

  • ചീഫ് സെക്രട്ടറി അധ്യക്ഷനായി ആഭ്യന്തരവകുപ്പ് സെക്രട്ടറി, റവന്യൂ വകുപ്പ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറി, പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, കൃഷി വകുപ്പ് സെക്രട്ടറി, വനം വകുപ്പ് മേധാവി, പി.സി.സി.എഫ് & ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ, ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി മെമ്ബർ സെക്രട്ടറി എന്നിവർ അംഗങ്ങളായി സംസ്ഥാനതലത്തില്‍ നിയന്ത്രണ സമിതി രൂപീകരിക്കും. സംസ്ഥാനതലത്തില്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ നടപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഉത്തരവുകളും നല്‍കുന്നത് ഈ സമിതിയുടെ ഉത്തരവാദിത്തമായിരിക്കും.

  • ജില്ലാ ചുമതലയുള്ള മന്ത്രി അധ്യക്ഷനായും ജില്ലാ കളക്ടർ, എസ്.പി, ഡി.എഫ്.ഒ, ജില്ലാ മെഡിക്കല്‍ ഓഫീസർ (ആരോഗ്യം), എല്‍.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടർ, പട്ടികജാതി- പട്ടികവർഗ്ഗ ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ കൃഷി വകുപ്പ് ഓഫീസർ, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ എന്നിവരടങ്ങുന്ന ഒരു നിയന്ത്രണ സംവിധാനം രൂപീകരിക്കും. ജില്ലയിലെ ഇതു സംബന്ധിച്ച മുഴുവൻ കാര്യങ്ങളും ഈ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരവും മേല്‍നോട്ടത്തിലും ആയിരിക്കും.

  • വന്യജീവി സംഘർഷസാധ്യതയുള്ള പ്രദേശങ്ങളില്‍ തദ്ദേശസ്വയംരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ജാഗ്രതാ സമിതികള്‍ നിലവിലുണ്ട്. ജാഗ്രതാ സമിതികളായിരിക്കും പ്രാദേശിക തലത്തില്‍ വന്യജീവി സംഘർഷം തടയുന്നതിനുള്ള നടപടികള്‍ തയ്യാറാക്കുന്നതും നടപ്പിലാക്കുന്നതും. ഇവർ ബന്ധപ്പെട്ട ജില്ലാതല സമിതിയുടെ കൂടി നിർദ്ദേശപ്രകാരമായിരിക്കണം പ്രവർത്തിക്കേണ്ടത്. അടിയന്തര സാഹചര്യങ്ങളില്‍ ഈ സമിതി നടപടികള്‍ സ്വീകരിച്ച്‌ ജില്ലാസമിതിയുടെ സാധൂകരണം തേടിയാല്‍ മതിയാകും. ജാഗ്രതാ സമിതിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ്, ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥൻ, പട്ടികജാതി- പട്ടികവർഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥൻ, കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥൻ, തഹസീല്‍ദാർ, പോലീസ് ഉദ്യോഗസ്ഥൻ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ എന്നിവർ ഉള്‍പ്പെടും. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റായിരിക്കും അദ്ധ്യക്ഷൻ. സമിതിക്ക് ഈ മേഖലയിലെ അംഗീകൃത സന്നദ്ധ സംഘടനാ പ്രതിനിധികളെക്കൂടി സമിതിയില്‍ ഉള്‍പ്പെടുത്തും.

  • ചീഫ് വൈല്‍ഡ് ലൈഫ് വാർഡനെ മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനുള്ള നോഡല്‍ ഓഫീസറായി നിയമിക്കുന്നത് പ്രശ്നപരിഹാരത്തിന് സഹായകരമാകും.

  • പ്രകൃതിദുരന്ത സമയങ്ങളില്‍ സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച ഒരുക്കുന്ന നിരീക്ഷണ സംവിധാനത്തിനു സമാനമായി, വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈല്‍ഡ് ലൈഫ് വാർഡന്റെ ചുമതലയില്‍ ഒരു കണ്‍ട്രോള്‍ റൂം പ്രവർത്തിക്കും. കണ്‍ട്രോള്‍ റൂമില്‍ മതിയായ വാർത്താവിനിയമ സങ്കേതങ്ങള്‍ ഒരുക്കും.

  • വന്യജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളില്‍ സമയാസമയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടെ ആധുനിക വിവര-വിനിമയ സംവിധാനങ്ങള്‍ സജ്ജമാക്കും.

  • മനുഷ്യ-വന്യജീവി സംഘർഷം നിലനിലനില്‍ക്കുന്ന മനുഷ്യവാസമുള്ള പ്രദേശങ്ങളില്‍ ജാഗ്രതയ്ക്കായി കൂടുതല്‍ താല്‍ക്കാലിക വാച്ചർമാരെ നിയോഗിക്കും.

  • വന്യജീവി സംഘർഷങ്ങളില്‍ ഇടപെട്ട് പ്രവർത്തിച്ച്‌ കഴിവ് തെളിയിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ ഈ പ്രദേശങ്ങളില്‍ നിയമിക്കും. ഇതിന് സംസ്ഥാന വനംവകുപ്പ് മേധാവിയെ ചുമതലപ്പെടുത്തി.

  • വനപ്രദേശങ്ങളോട് ചേർന്നുകിടക്കുന്ന എസ്റ്റേറ്റുകള്‍, തോട്ടങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവിടങ്ങളിലെ കുറ്റിക്കാടുകള്‍ ഇല്ലാതാക്കുന്നതിന് ഉടമസ്ഥർക്ക് നിർദ്ദേശം നല്‍കും. സർക്കാർ-അർദ്ധസർക്കാർ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിലും ഈ പ്രവർത്തനം വ്യാപിപ്പിക്കും.

  • തോട്ടം ഉടമകളോട് വന്യജീവി സംഘർഷ ലഘൂകരണ പ്രവർത്തനങ്ങളില്‍ പങ്കാളികളാകാൻ അഭ്യർത്ഥിക്കും.

  • നിലവിലുള്ള റാപ്പിഡ് റെസ്പോണ്‍സ് ടീമുകളെ, ആവശ്യമായ ജീവനക്കാരെയും ഉപകരണങ്ങളും വാഹനങ്ങളും നല്‍കി ശക്തിപ്പെടുത്തും.

  • മനുഷ്യ-വന്യജീവി സംഘർഷത്തിന് സാധ്യത കൂടിയ സ്ഥലങ്ങളില്‍ ഫോറസ്റ്റ് ഡിവിഷൻ/ സ്റ്റേഷൻ അടിസ്ഥാനപ്പെടുത്തി ആവശ്യാനുസരണം പ്രത്യേക ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. ഇത് ഡി.എഫ്.ഒമാരുടെ ഉത്തരവാദിത്വമായിരിക്കും.

  • വന്യജീവി സംഘർഷസാധ്യതയുള്ള പ്രദേശങ്ങളില്‍ വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് ആവശ്യമായ തോതില്‍ വെള്ളം ലഭിക്കുമെന്ന് ഉറപ്പാക്കും. എവിടങ്ങളിലൊക്കെ ഇതിന് താല്‍ക്കാലിക സംവിധാനങ്ങളൊരുക്കാമെന്ന് വനംവകുപ്പ് നിർദ്ദേശിക്കണം. പൊതുമേഖല/ സ്വകാര്യ സ്ഥാപനങ്ങളുടെ സഹായ സഹകരണത്തോടെ ഇതിനാവശ്യമായ തുക കണ്ടെത്തുന്ന കാര്യം പരിഗണിക്കും.

  • വനംവകുപ്പ് ആസ്ഥാനത്ത് നിലവിലുള്ള ഉന്നതതല ഉദ്യോഗസ്ഥ സമിതി നടത്തുന്ന പ്രവർത്തനങ്ങളും സ്വീകരിച്ച നടപടികളും ആവശ്യമുള്ള നിർദ്ദേശങ്ങളും ആഴ്ചതോറും വിലയിരുത്തി സർക്കാരിലേക്ക് വിശദമായ റിപ്പോർട്ട് ലഭ്യമാക്കണം.

  • വന്യജീവി ആക്രമണത്തെത്തുടർന്ന് പ്രഖ്യാപിച്ചിട്ടുള്ള നഷ്ടപരിഹാര തുക എത്രയും വേഗം നല്‍കുന്നതിന് വനംവകുപ്പ് മേധാവിയെ ചുമതലപ്പെടുത്തും. ഇതിന്റെ പുരോഗതി വനം വകുപ്പ് സെക്രട്ടറി വിലയിരുത്തണം.

  • ഇതിലേക്ക് ആവശ്യമായി വരുന്ന ചെലവുകളെ ട്രഷറി നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിക്കും.

  • മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കിഫ്ബി വഴി ഇപ്പോള്‍ അനുവദിച്ചിട്ടുള്ള 100 കോടി രൂപയ്ക്കു പുറമെ 110 കോടി രൂപ കൂടി (ആകെ 210 കോടി രൂപ) കിഫ്ബി മുഖാന്തരം അനുവദിക്കാൻ നടപടി സ്വീകരിക്കും.

  • മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനുമുള്ള ദീർഘകാല- ഹ്രസ്വകാല പദ്ധതികള്‍ക്കുള്ള നിർദ്ദേശങ്ങള്‍ സമർപ്പിക്കാൻ അന്തർദേശീയ-ദേശീയ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കും.

  • മനുഷ്യ-വന്യജീവി സംഘർഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഏകോപിപ്പിക്കാൻ കേരള-കർണ്ണാടക-തമിഴ്നാട് സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉള്‍പ്പെട്ട ഇന്‍റർസ്റ്റേറ്റ് കോ-ഓർഡിനേഷൻ കമ്മിറ്റി യോഗങ്ങള്‍ ചേരും. ഇതിനായി ചീഫ് സെക്രട്ടറി, വനം വകുപ്പ് മേധാവി എന്നിവരെ ചുമതലപ്പെടുത്തും.

What's Your Reaction?

like

dislike

love

funny

angry

sad

wow