ലോക്‌സഭാ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

Jan 22, 2024 - 19:31
 0  5
ലോക്‌സഭാ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരെ കൂടി ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക തയാറാക്കിയിരിക്കുന്നതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ജനുവരി അഞ്ചിന് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം ലഭിച്ച 2,12,029 അപേക്ഷകള്‍ പരിശോധിക്കുകയും, 18 വയസ് പൂര്‍ത്തിയാക്കിയ 23,039 യുവവോട്ടര്‍മാരെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ടായിരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.അന്തിമ വോട്ടര്‍ പട്ടിക അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സൗജന്യമായി ലഭ്യമാക്കും. താലൂക്ക്, വില്ലേജ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലൂടെയും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയും വോട്ടര്‍ പട്ടിക പൊതുജനങ്ങള്‍ക്കും പരിശോധിക്കാവുന്നതാണ്. തിരുവനന്തപുരം ജില്ലയില്‍ 2,730 പോളിങ് സ്റ്റേഷനുകളാണ് നിലവിലുള്ളത്. ജില്ലയില്‍ 1,35,705 വോട്ടര്‍ കാര്‍ഡുകള്‍ അച്ചടിച്ച്‌ വിതരണം ചെയ്തുവരികയാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ സബിന്‍ സമീദും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow