വീട്ടില്‍നിന്ന് മാൻകൊമ്ബും മാരകായുധങ്ങളും പിടിച്ചെടുത്തു; ക്രിമിനല്‍ കേസുകളിലെ പ്രതി അറസ്റ്റില്‍

വീട്ടില്‍ ആയുധനിർമാണം നടക്കുന്നതായി ജില്ലാ പോലീസ് മേധാവിക്കു വിവരം ലഭിച്ചതിനെത്തുടർന്ന് പരിശോധന നടത്തിയ ഡാൻസാഫ് ടീമും പോലീസും കണ്ടത് മാരകായുധങ്ങളും മാൻകൊമ്ബും.

Apr 20, 2024 - 08:25
 0  6
വീട്ടില്‍നിന്ന് മാൻകൊമ്ബും മാരകായുധങ്ങളും പിടിച്ചെടുത്തു; ക്രിമിനല്‍ കേസുകളിലെ പ്രതി അറസ്റ്റില്‍

വിതുര(തിരുവനന്തപുരം): വീട്ടില്‍ ആയുധനിർമാണം നടക്കുന്നതായി ജില്ലാ പോലീസ് മേധാവിക്കു വിവരം ലഭിച്ചതിനെത്തുടർന്ന് പരിശോധന നടത്തിയ ഡാൻസാഫ് ടീമും പോലീസും കണ്ടത് മാരകായുധങ്ങളും മാൻകൊമ്ബും.

ഇവയ്ക്കു പുറമേ ആയുധങ്ങള്‍ നിർമിക്കുന്നതിനുള്ള ഉപകരണങ്ങളും എയർഗണ്ണുമായി പിടികൂടിയത് നിരവധി കേസുകളിലെ പ്രതിയെ. വിതുര ആനപ്പാറ ചിറ്റാർ നാസ് കോട്ടേജില്‍ ചിറ്റാർ ഷഫീഖ് എന്നറിയപ്പെടുന്ന ഷഫീഖ്(35) ആണ് അറസ്റ്റിലായത്.

ഇയാളുടെ വീട്ടില്‍ ആയുധനിർമാണം നടക്കുന്നതായി ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാൻസാഫ് ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

വിതുര, കല്ലാർ മേഖലകളിലെ പതിവു കുറ്റവാളിയായ ഇയാള്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, മയക്കുമരുന്ന് കച്ചവടം ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ വിതുരയില്‍ കാർ അടിച്ചുതകർത്ത കേസിലും വീട്ടില്‍ ബോംബ് എറിഞ്ഞ കേസിലുമായി ജയില്‍ശിക്ഷ അനുഭവിച്ച ഷഫീഖ് രണ്ടുമാസം മുൻപാണ് പുറത്തിറങ്ങിയത്.

ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച വിവരത്തെത്തുടർന്ന് ഷഫീഖിന്റെ വീട് വളഞ്ഞ് കഴിഞ്ഞദിവസം നടത്തിയ റെയ്ഡില്‍ ഇരുനിലവീടിന്റെ മുകളിലത്തെ ഒരു മുറി ആയുധനിർമാണത്തിനായി ഉപയോഗിക്കുന്നതായി കണ്ടെത്തി.

ഏറുപടക്കങ്ങള്‍, വെടിമരുന്ന്, വിവിധതരം മാരകായുധങ്ങള്‍, എയർഗണ്‍ എന്നിവ കൂടാതെ മാൻകൊമ്ബും ഇവിടെനിന്നു കണ്ടെടുത്തു. ഏറുപടക്കങ്ങളും ആയുധങ്ങളും ഷഫീഖ് തന്നെയാണ് നിർമിച്ചിരുന്നത്.

ഇവ നിർമിക്കാനുള്ള കട്ടറുകളും ഗ്രൈന്റിങ് മെഷീനും ഉള്‍പ്പെടെ മുറിയില്‍ സൂക്ഷിച്ചിരുന്നു. മാൻകൊമ്ബ് കണ്ടെടുത്തതിനെത്തുടർന്ന് വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി.

മാൻകൊമ്ബിന്റെ ഉറവിടം കണ്ടെത്തിയ ശേഷം മുമ്ബും ഇയാള്‍ മൃഗങ്ങളെ വേട്ടയാടിയിട്ടുണ്ടോ എന്ന അന്വേഷണം നടത്താനാണ് വനം വകുപ്പിന്റെ തീരുമാനം.വലിയമല ഇൻസ്പെക്ടർ ശിവകുമാർ, ഡാൻസാഫ് സബ് ഇൻസ്പെക്ടർ ഷിബു, എസ്.സി.പി.ഒ.മാരായ സതികുമാർ, അനൂപ്, ഉമേഷ്ബാബു, വിതുര എസ്.ഐ. വി.സതികുമാർ, എസ്.സി.പി.ഒ. ബിനു എന്നിവർ അടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow