ജറുസലേമിൽ വൻതീപിടുത്തം; ഏഴായിരത്തോളം ആളുകളെ ഒഴിപ്പിച്ചു
മധ്യപൂർവേഷ്യയിലെ ജറുസലേം ഉൾപ്പെടുന്ന പ്രദേശത്ത് ഉണ്ടായ വൻ തീപിടുത്തം

വിശുദ്ധ നാടിന്റെ മധ്യഭാഗം വരെ എത്തിയ വൻതീപിടുത്തം ഇസ്രായേലിൽ അടിയന്തിരമായ ഒരു സാഹചര്യം സൃഷ്ടിച്ചുവെന്നും, അതിനാൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഓഫീസ് പുറത്തുവിട്ട ഒരു വീഡിയോയിൽ, അപകടസാധ്യത ഉളവാക്കുന്ന തീജ്വാലകൾ പ്രാന്തപ്രദേശങ്ങളിലേക്കും, വിശുദ്ധ നാടിന്റെ മധ്യഭാഗത്തേക്കും എളുപ്പത്തിൽ പടരുന്നതിനുള്ള സാഹചര്യങ്ങളെ പറ്റി എടുത്തുപറഞ്ഞു. മെയ് ഒന്നിന് ഇസ്രായേൽ വീരമൃത്യു വരിച്ചവരെ അനുസ്മരിക്കുകയും സ്വാതന്ത്ര്യദിനത്തിന്റെ ആരംഭം കുറിക്കുകയും ചെയ്യുന്ന ദിവസമാണെങ്കിലും, മുൻകൂട്ടി നിശ്‌ചയിച്ച എല്ലാ പരിപാടികളും ഇക്കാരണത്താൽ റദ്ദാക്കിയെന്നും അറിയിച്ചു.
രാജ്യം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തീപിടുത്തമാണ് നേരിടുന്നതെന്നും, അതിന്റെ കാരണമെന്താണെന്ന് ഇത് വരെ വ്യക്തമായിട്ടില്ലെന്നും ജറുസലേം അഗ്നിശമന വകുപ്പ് മേധാവി ഷ്മുലിക് ഫ്രീഡ്മാൻ പറഞ്ഞു. അഗ്നി ബാധയുണ്ടായ ഇടങ്ങളിൽ നിന്നും ഏകദേശം 7,000 ആളുകളെ ഒഴിപ്പിച്ചു. ഇസ്രായേലിന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റ് സാഹചര്യം വിലയിരുത്തുന്നുണ്ട് . ആദ്യത്തെ തീപിടുത്തം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷം, കിഴക്കൻ ജറുസലേമിൽ കുറ്റിക്കാടുകൾക്ക് തീയിടാൻ ശ്രമിച്ച ഒരാളെ ദൃക്‌സാക്ഷികൾ പിടികൂടിയതായി പോലീസ് പ്രഖ്യാപിച്ചു. വനങ്ങൾ, കാടുകൾ, കുടിയേറ്റക്കാരുടെ വീടുകൾ എന്നിവ കത്തിക്കാൻ" ഫലസ്തീനികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സന്ദേശം ടെലിഗ്രാമിൽ ഹമാസ് പോസ്റ്റ് ചെയ്തിരുന്നു.
ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ചെക്ക് റിപ്പബ്ലിക്, സ്വീഡൻ, അർജന്റീന, സ്പെയിൻ, നോർത്ത് മാസിഡോണിയ, അസർബൈജാൻ എന്നീ രാജ്യങ്ങളോട് ഇസ്രായേൽ വിദേശകാര്യ മന്ത്രി അടിയന്തിര സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി, സിവിൽ പ്രൊട്ടക്ഷൻ വകുപ്പിന്റെ അടിയന്തര പ്രവർത്തനം ഉറപ്പുവരുത്തി. അതേസമയം ചികിത്സ ആവശ്യമായവർക്കുള്ള ആശുപത്രി സൗകര്യങ്ങൾ ഇസ്രായേൽ ഭരണകൂടം ക്രമീകരിച്ചിട്ടുണ്ട്.
What's Your Reaction?






