ബാങ്ക് ലോക്കര്‍മുറിയില്‍ വിഷവാതകം: മൂന്ന് ജീവനക്കാരികള്‍ അബോധാവസ്ഥയില്‍

ബാങ്കിന്റെ ലോക്കർമുറിയില്‍ പ്രവേശിച്ച മൂന്ന് ജീവനക്കാരികള്‍ ജനറേറ്ററില്‍നിന്നുള്ള വിഷവാതകം ശ്വസിച്ചതിനെത്തുടർന്ന് അബോധാവസ്ഥയിലായി.

Apr 23, 2024 - 08:05
 0  7
ബാങ്ക് ലോക്കര്‍മുറിയില്‍ വിഷവാതകം: മൂന്ന് ജീവനക്കാരികള്‍ അബോധാവസ്ഥയില്‍

രിങ്ങാലക്കുട: ബാങ്കിന്റെ ലോക്കർമുറിയില്‍ പ്രവേശിച്ച മൂന്ന് ജീവനക്കാരികള്‍ ജനറേറ്ററില്‍നിന്നുള്ള വിഷവാതകം ശ്വസിച്ചതിനെത്തുടർന്ന് അബോധാവസ്ഥയിലായി.

ഇവരെ കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രി ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചു. മാപ്രാണം സെന്ററില്‍ തൃശ്ശൂർ ബസ്‌സ്റ്റോപ്പിനു സമീപമുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലാണ് അപകടം.

തിങ്കളാഴ്ച വൈകീട്ട് ആറരയോടെ സ്വർണം എടുത്തുവെക്കാൻ ബാങ്കിലെ ക്ലാർക്കുമാരായ ചേർപ്പ് സ്വദേശി ഇമാ ജേക്കബ് (24), ഇരിങ്ങാലക്കുട സ്വദേശി പി.എല്‍. ലോന്റി (38),പത്തനംതിട്ട സ്വദേശി സ്റ്റെഫി(23) എന്നിവർ ലോക്കർമുറിയിലേക്കു പോയി. അവരെ തിരികെക്കാണാതായതിനെത്തുടർന്ന് അസി. മാനേജർ ടിന്റോ അന്വേഷിച്ചുചെന്നപ്പോഴാണ് മൂന്നുപേരും ബോധരഹിതയായി കിടക്കുന്നതു കണ്ടത്. മുറിയിലേക്ക് കയറിയ ടിന്റോയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഉടൻ ബാങ്കിലെ ഗോള്‍ഡ് അപ്രൈസർ നാട്ടുകാരുടെ സഹായത്തോടെ ഇവരെ സമീപത്തെ ലാല്‍ മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലുള്ള മൂന്നുപേരെ പിന്നീട് എലൈറ്റ് ആശുപത്രിയിലേക്ക്‌ മാറ്റി. ഇരിങ്ങാലക്കുട പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.

ബാങ്കിനകത്ത് കാർബണ്‍ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പ്രദേശത്ത് തിങ്കളാഴ്ച പകല്‍ മൂന്നു മണിക്കൂറോളം വൈദ്യുതിയുണ്ടായിരുന്നില്ല. അതിനാല്‍ ജനറേറ്ററാണ് ബാങ്കില്‍ പ്രവർത്തിപ്പിച്ചിരുന്നത്. ജനറേറ്റർമുറിയുടെ ജനലുകള്‍ അടച്ചിട്ടനിലയിലായിരുന്നു. മൂന്നുമണിക്കൂറിലേറെ ജനറേറ്റർ പ്രവർത്തിച്ചതിനാല്‍ ഓക്സിജന്റെ അളവ് കുറയുകയോ കാർബണ്‍ മോണോക്സൈഡ് ഉണ്ടാകുകയോ ചെയ്തിരിക്കാമെന്നാണ് പോലീസും ഫയർഫോഴ്സും കരുതുന്നത്.

ലോക്കർമുറിയോടുചേർന്നാണ് ജനറേറ്റർമുറിയും ഉള്ളത്. തുടർച്ചയായി ജനറേറ്റർ പ്രവർത്തിച്ചപ്പോള്‍ പുറന്തള്ളപ്പെട്ട വാതകം ലോക്കർമുറിയിലേക്ക് പ്രവേശിച്ചിരിക്കാമെന്നാണ് കരുതുന്നത്. ലോക്കർമുറിക്ക് അടച്ചുവെച്ചവിധത്തില്‍ ചെറിയ വെന്റിലേറ്റർ ഉണ്ട്. ഇതിന്റെ വിടവിലൂടെയാകാം വിഷവാതകം ലോക്കർമുറിയില്‍ കടന്നത്.

കാർബണ്‍ മോണോക്സൈഡിന്റെ സാന്നിധ്യം പരിശോധിക്കാൻ സാമ്ബിള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഫലം വന്നാലേ അപകടത്തിന്റെ യഥാർഥ കാരണം വ്യക്തമാകുകയുള്ളൂ.

What's Your Reaction?

like

dislike

love

funny

angry

sad

wow