ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ വളകള്‍ അറത്തെടുത്ത സംഭവം; പ്രതികള്‍ക്കായി തമിഴ്നാട്ടില്‍ പരിശോധന

വീട് കുത്തിത്തുറന്ന് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ വളകള്‍ അറത്തെടുത്ത് കടന്ന സംഘത്തിലെ പ്രതികള്‍ക്കായി പോലീസ് തമിഴ്നാട്ടില്‍ പരിശോധന നടത്തി.

Jun 12, 2024 - 12:12
 0  3
ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ വളകള്‍ അറത്തെടുത്ത സംഭവം; പ്രതികള്‍ക്കായി തമിഴ്നാട്ടില്‍ പരിശോധന

കോട്ടയം: വീട് കുത്തിത്തുറന്ന് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ വളകള്‍ അറത്തെടുത്ത് കടന്ന സംഘത്തിലെ പ്രതികള്‍ക്കായി പോലീസ് തമിഴ്നാട്ടില്‍ പരിശോധന നടത്തി.

ഏപ്രില്‍ 28-ന് രാമപുരം പുതുവേലി ചോരക്കുഴിയിലുള്ള വീടിന്റെ അടുക്കളവാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയാണ് വീട്ടമ്മയുടെ രണ്ട് സ്വർണവളകള്‍ കട്ടർ ഉപയോഗിച്ച്‌ മുറിച്ചെടുത്ത് കടന്നത്.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സന്തോഷ്, വേലൻ എന്നിവർ ഉള്‍പ്പെട്ട സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് കണ്ടെത്തുകയും ഇവരെ തമിഴ്നാട്ടിലെ തേനിയില്‍നിന്ന് പിടികൂടുകയുമായിരുന്നു. ഇവരെ ചോദ്യംചെയ്തതില്‍നിന്ന് മറ്റ് പ്രതികളായ മാണിക്യം, അർജുനൻ, പശുപതി എന്നിവർ കാമാക്ഷിപുരത്തുള്ളവരാണെന്ന് കണ്ടെത്തുകയും ഇവരെ പിടികൂടുന്നതിനുവേണ്ടി തമിഴ്നാട്ടിലെ ഗ്രാമത്തില്‍ മുപ്പതോളം പോലീസ് ഉദ്യോഗസ്ഥർ ആയുധങ്ങളുമായി പരിശോധന നടത്തുകയായിരുന്നു.

രണ്ടുദിവസം രാത്രിയും പകലുമായി നടന്ന പരിശോധനയില്‍ മോഷണത്തിനുപയോഗിച്ച ആയുധങ്ങളും രക്ഷപ്പെട്ട ബൈക്കും കണ്ടെടുത്തു. മോഷ്ടിച്ച സ്വർണം വില്പന നടത്തിയ കടയില്‍നിന്നും കണ്ടെടുത്തു. മോഷണസംഘത്തില്‍ ഉണ്ടായിരുന്ന മറ്റുമൂന്നുപേരുടെ ചിത്രങ്ങളും പോലീസ് കണ്ടെടുത്തു.

മോഷണം നടത്തുന്നതിന് വീടുകള്‍ പകല്‍സമയം കണ്ടെത്തി കാമാക്ഷിപുരത്തുനിന്ന് ആളുകളെ വിളിച്ചുവരുത്തി രാത്രി വീടുകളുടെ വാതിലുകള്‍ പൊളിച്ച്‌ മോഷണം നടത്തുന്നതാണ് സംഘത്തിന്റെ രീതി. പാലാ ഡിവൈ.എസ്.പി. കെ. സദൻ, ഇൻസ്പെക്ടർമാരായ ജോബിൻ ആന്റണി, ബി. ഉണ്ണികൃഷ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow