ഹൂതികള്‍ക്കെതിരെ സൈനിക നടപടിക്ക് ഉത്തരവിട്ട് ട്രംപ്; വ്യോമാക്രമണത്തില്‍ സനയില്‍ 9 മരണം
യെമനിലെ ഹൂത്തികള്‍ക്കെതിരെ നിര്‍ണ്ണായകവും ശക്തവുമായ നടപടി ആരംഭിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈന്യത്തിന് ഉത്തരവിട്ടു.

വാഷിംഗ്ടണ്‍: യെമനിലെ ഹൂത്തികള്‍ക്കെതിരെ നിര്‍ണ്ണായകവും ശക്തവുമായ നടപടി ആരംഭിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈന്യത്തിന് ഉത്തരവിട്ടു. ഹൂത്തികളെ പിന്തുണയ്ക്കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇറാന് ട്രംപ് മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ ആക്രമണം നടത്താന്‍ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞു.
അതേസമയം യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ യെമന്‍ തലസ്ഥാനമായ സനയില്‍ 9 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നും 9 പേര്‍ക്ക് പരിക്കേറ്റെന്നും ഹൂതികള്‍ പറഞ്ഞു.
'ഇന്ന്, യെമനിലെ ഹൂത്തി ഭീകരര്‍ക്കെതിരെ നിര്‍ണായകവും ശക്തവുമായ സൈനിക നടപടി ആരംഭിക്കാന്‍ ഞാന്‍ അമേരിക്കന്‍ സൈന്യത്തോട് ഉത്തരവിട്ടു. അമേരിക്കന്‍ കപ്പലുകള്‍ക്കും മറ്റ് രാജ്യങ്ങളുടെ കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കും ഡ്രോണുകള്‍ക്കുമെതിരെ നിരന്തരം കടല്‍ക്കൊള്ള, അക്രമം, ഭീകരത എന്നിവ അവര്‍ നടത്തിയിട്ടുണ്ട്.' യുഎസ് പ്രസിഡന്റ് ട്രൂത്ത് സോഷ്യലില്‍ എഴുതി.
'എല്ലാ ഹൂത്തി ഭീകരരോടും പറയുന്നു, നിങ്ങളുടെ സമയം കഴിഞ്ഞു, നിങ്ങളുടെ ആക്രമണങ്ങള്‍ ഇന്ന് മുതല്‍ നിര്‍ത്തണം. അങ്ങനെ ചെയ്തില്ലെങ്കില്‍, നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്തതുപോലെയുള്ള നരകം നിങ്ങളുടെ മേല്‍ വര്‍ഷിക്കും! ''ട്രംപ് എഴുതി.
ഹൂത്തികള്‍ കപ്പലുകള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളെ നേരിടുന്നതില്‍ മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ദയനീയമായി ദുര്‍ബലനായിരുന്നു എന്ന് ട്രംപ് വിമര്‍ശിച്ചു. യുഎസ് പതാകയുള്ള ഒരു വാണിജ്യ കപ്പല്‍ സൂയസ് കനാല്‍, ചെങ്കടല്‍ അല്ലെങ്കില്‍ ഏദന്‍ ഉള്‍ക്കടല്‍ എന്നിവയിലൂടെ സുരക്ഷിതമായി സഞ്ചരിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായെന്നും ട്രംപ് പറഞ്ഞു.
ഹമാസിനെ പിന്തുണച്ച് രംഗത്തെത്തിയ ഹൂത്തികള്‍ 2023 നവംബര്‍ മുതല്‍ യെമനില്‍ നിന്ന് കപ്പലുകള്‍ക്ക് നേരെ 100-ലധികം ആക്രമണങ്ങള്‍ നടത്തി. ഇത് ആഗോള കപ്പല്‍ ഗതാഗതത്തെ ഗണ്യമായി തടസ്സപ്പെടുത്തി. കൂടുതല്‍ സഹായം ഗാസയില്‍ എത്തിയില്ലെങ്കില്‍ ഇസ്രായേല്‍ കപ്പലുകള്‍ വീണ്ടും ആക്രമിക്കുമെന്ന് ഹൂത്തി തീവ്രവാദി സംഘം പ്രതിജ്ഞയെടുത്തതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ സൈനിക നടപടി.
What's Your Reaction?






