ഭര്‍ത്താവിന് ജോലിയില്ലെങ്കില്‍ പോലും ഭാര്യക്ക് ജീവനാംശം നല്‍കാൻ ബാധ്യസ്ഥൻ : അലഹബാദ് ഹൈക്കോടതി

ഭർത്താവിന് ജോലിയില്ലെങ്കില്‍ പോലും ഭാര്യക്ക് ജീവനാംശം നല്‍കാൻ ബാധ്യസ്ഥനാണെന്ന് അലഹബാദ് ഹൈക്കോടതി.

Jan 28, 2024 - 15:26
 0  4
ഭര്‍ത്താവിന് ജോലിയില്ലെങ്കില്‍ പോലും ഭാര്യക്ക് ജീവനാംശം നല്‍കാൻ ബാധ്യസ്ഥൻ : അലഹബാദ് ഹൈക്കോടതി

ഖ്നൌ: ഭർത്താവിന് ജോലിയില്ലെങ്കില്‍ പോലും ഭാര്യക്ക് ജീവനാംശം നല്‍കാൻ ബാധ്യസ്ഥനാണെന്ന് അലഹബാദ് ഹൈക്കോടതി. കാരണം കൂലിപ്പണി ആണെങ്കില്‍ പോലും പ്രതിദിനം 300 - 400 രൂപ ലഭിക്കുമെന്ന് കോടതി നിരീക്ഷിച്ചു.

വിവാഹമോചനം നേടിയ ഭാര്യക്ക് ജീവനാംശമായി പ്രതിമാസം 2,000 രൂപ നല്‍കണമെന്ന കുടുംബകോടതി ഉത്തരവിനെതിരെ യുവാവ് സമർപ്പിച്ച റിവിഷൻ ഹർജി തള്ളിയാണ് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിലെ ജസ്റ്റിസ് രേണു അഗർവാളിന്‍റെ ബെഞ്ചാണ് ഉത്തരവിട്ടത്.

2015ലാണ് യുവതീയുവാക്കള്‍ വിവാഹിതരായത്. സ്ത്രീധനം ആവശ്യപ്പെട്ടതോടെ യുവതി ഭർത്താവിനും ഭർതൃ മാതാവിനുമെതിരെ എഫ്‌ഐആർ ഫയല്‍ ചെയ്തു. 2016 ല്‍ യുവതി തിരിച്ച്‌ സ്വന്തം വീട്ടിലേക്ക് പോയി. ഭാര്യ ബിരുദധാരിയാണെന്നും അധ്യാപികയായി പ്രതിമാസം 10,000 രൂപ സമ്ബാദിക്കുന്നുണ്ടെന്നും ഇക്കാര്യം പരിഗണിക്കണമെന്നും ഭർത്താവ് ഹൈക്കോടതിയില്‍ അപേക്ഷിച്ചു. താൻ രോഗിയാണെന്നും ചികിത്സയിലാണെന്നും യുവാവ് പറഞ്ഞു. കൂലിപ്പണിക്കാരനാണ്. വാടകമുറിയിലാണ് താമസിക്കുന്നത്. മാതാപിതാക്കളെയും സഹോദരിമാരെയും പരിപാലിക്കേണ്ടതുണ്ടെന്നും യുവാവ് വ്യക്തമാക്കി.

ഭാര്യയ്ക്ക് 10,000 രൂപ ശമ്ബളമുണ്ടെന്ന് തെളിയിക്കുന്ന ഒരു രേഖയും ഭർത്താവിന് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാതാപിതാക്കളും സഹോദരിമാരും തന്നെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും കൂലിപ്പണിയില്‍ നിന്നുള്ള വരുമാനമേയുള്ളൂവെന്ന വാദവും കോടതി അംഗീകരിച്ചില്ല. യുവാവ് ആരോഗ്യവാനാണെന്നും അധ്വാനിച്ച്‌ പണം സമ്ബാദിക്കാൻ കഴിയുമെന്നും കോടതി വിലയിരുത്തി.

ഭർത്താവിന് ജോലിയില്‍ നിന്ന് വരുമാനമില്ലെന്ന് വാദത്തിനായി സമ്മതിച്ചാല്‍ പോലും ഭാര്യക്ക് ജീവനാംശം നല്‍കാൻ അയാള്‍ ബാധ്യസ്ഥനാണെന്ന് 2022ലെ സുപ്രീംകോടതി ഉത്തരവ് ഉദ്ധരിച്ച്‌ കോടതി വ്യക്തമാക്കി. അവിദഗ്ധ തൊഴിലാളി ആണെങ്കില്‍ പോലും കുറഞ്ഞത് പ്രതിദിനം 300 രൂപ മുതല്‍ 400 രൂപ വരെ സമ്ബാദിക്കാന്‍ കഴിയുമെന്ന് കോടതി നിരീക്ഷിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow