പാപ്പാ: വേദനയുളവാക്കുകയും അനുതാപം കൊണ്ട് കണ്ണുനിറയ്ക്കുന്നതുമായ "ഹൃദയം തുളക്കലാണ്" അനുതാപം

മാർച്ച് 28 ആം തിയതി, പെസഹാ വ്യാഴാഴ്ച്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ഫ്രാ൯സിസ് പാപ്പാ തൈല പരികർമ്മ ദിവ്യബലി അർപ്പിച്ചു. ദിവ്യബലിയിൽ 1500 വൈദീകരുൾപ്പെടെ നാലായിരം പേർ സന്നിഹിതരായിരുന്നു. ദിവ്യബലി മധ്യേ പാപ്പാ വചന സന്ദേശം നൽകി.

Mar 28, 2024 - 19:30
 0  14
പാപ്പാ: വേദനയുളവാക്കുകയും അനുതാപം കൊണ്ട് കണ്ണുനിറയ്ക്കുന്നതുമായ "ഹൃദയം തുളക്കലാണ്" അനുതാപം

"സിനഗോഗിൽ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റുനോക്കി കൊണ്ടിരുന്നു." (ലൂക്കാ 4:20) എല്ലാ കണ്ണുകളും അത്ഭുതവും അനിശ്ചിതത്വവും കലർന്ന് യേശുവിലേക്ക് പതിച്ച ആ നിശ്ശബ്ദ നിമിഷം എപ്പോഴും നമ്മെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ശ്രദ്ധേയമായ സുവിശേഷ ഭാഗമാണെന്ന് പാപ്പാ പറഞ്ഞു. എന്നിരുന്നാലും, പിന്നീട് യേശു തന്റെ പട്ടണവാസികളുടെ തെറ്റായ പ്രതീക്ഷകളുടെ മുഖം മൂടി അഴിച്ചു മാറ്റിയപ്പോൾ, അവർ "കോപാകുലരായി" (ലൂക്കാ 4:28) എഴുന്നേറ്റ് അവനെ പട്ടണത്തിൽനിന്നു പുറത്താക്കി.  അവർ തീർച്ചയായും യേശുവിനെ നോക്കിയിരുന്നു, എന്നാൽ അവന്റെ വചനത്താൽ മാറ്റം വരുത്താൻ അവരുടെ ഹൃദയം തയ്യാറായിരുന്നില്ല.  അങ്ങനെ അവർക്ക് ഒരു ജീവിതകാലം മുഴുവൻ കാത്തിരുന്ന അവസരം നഷ്ടമാകുകയായിരുന്നു, പാപ്പാ പറഞ്ഞു.

പത്രോസ് കരഞ്ഞു

ഇന്ന് രാത്രി, വിശുദ്ധ വ്യാഴം, നമുക്ക് വളരെ വ്യത്യസ്തമായ നോട്ടങ്ങളെ കാണിച്ചു തരും. അതിൽ നമ്മുടെ സഭയുടെ ആദ്യത്തെ ഇടയനായ പത്രോസിന്റെ നോട്ടവും ഉൾപ്പെടുന്നു. കർത്താവ് അവന്റെ “മുഖം മൂടി “ അനാവരണം ചെയ്ത   "നീ എന്നെ മൂന്നു പ്രാവശ്യം നിഷേധിക്കും" (മർക്കോസ് 14:30) എന്ന വാക്കുകൾ സ്വീകരിക്കാൻ പത്രോസും തുടക്കത്തിൽ വിസമ്മതിച്ചു. തൽഫലമായി, അവൻ യേശുവിനെ "കാണാതെ" പോകുകയും കോഴി കൂവുമ്പോൾ നിഷേധിക്കുകയും ചെയ്തു. എങ്കിലും, "കർത്താവ് തിരിഞ്ഞ് പത്രോസിനെ നോക്കി" "പത്രോസ് കർത്താവിന്റെ വചനം ഓർത്തു... അവൻ പുറത്തുപോയി മനംനൊന്തു കരഞ്ഞു" (ലൂക്കാ 22:61-62).  മുറിവേറ്റ ഹൃദയത്തിൽ നിന്നുയർന്നുവന്ന കണ്ണുനീർ അവന്റെ കണ്ണുകളിൽ നിറഞ്ഞു, അത് അവന്റെ തെറ്റായ ധാരണകളിൽ നിന്നും സ്വന്തം അമിത ആത്മവിശ്വാസത്തിൽ നിന്നും അവനെ മോചിപ്പിച്ചു.  ആ കയ്പേറിയ കണ്ണുനീർ അവന്റെ ജീവിതത്തെ മാറ്റിമറിച്ചു എന്ന് പാപ്പാ വിശദീകരിച്ചു.

യേശുവുമായി കൂടെ നടന്ന ആ വർഷങ്ങളിൽ യേശുവിന്റെ  വാക്കുകളും പ്രവൃത്തികളും നസറത്തിലെ ജനങ്ങളെ പോലെ തന്നെ പ്രത്രോസിന്റെ പ്രതീക്ഷകൾക്കും മാറ്റം വരുത്തിയിരുന്നില്ല, കാരണം ശക്തനും, സമർത്ഥനുമായ ഒരു രാഷ്ട്രീയ രക്ഷകൻ മിശിഹായെയാണ് പത്രോസും പ്രതീക്ഷിച്ചിരുന്നതെന്ന് പാപ്പാ  വിവരിച്ചു. എന്നാൽ  ബലഹീനനും നിഷ്ക്രിയനുമായി പടയാളികൾക്ക് കീഴടങ്ങിയ യേശുവിനെ കണ്ട്  അപമാനിതനായി പത്രോസ് പറഞ്ഞു, "എനിക്കവനെ അറിയില്ല!" (ലൂക്കാ 22:57) എന്ന്.  ശരിയാണ് പത്രോസിന് യേശുവിനെ അറിയില്ലായിരുന്നു, പാപ്പാ പറഞ്ഞു.  യേശുവിനെ പത്രോസ് അറിഞ്ഞു തുടങ്ങിയത്, യേശുവിനെ  നിഷേധിച്ച ആ ഇരുണ്ട നിമിഷത്തിന്റെ നാണക്കേടിൽ പശ്ചാത്താപിച്ച്, കണ്ണീരൊഴുക്കിയപ്പോൾ മുതലാണ്.  പിന്നെ സത്യത്തിൽ അവനെ അറിഞ്ഞത് "നീ എന്നെ സ്നേഹിക്കുന്നുവോ “എന്നു യേശു മൂന്നാമതും ചോദിച്ചതിൽ മുറിവേറ്റ്, കർത്താവിന്റെ നോട്ടം തന്റെ മുഴുവൻ സത്തയിലും തുളച്ചുകയറാൻ അനുവദിച്ചപ്പോഴാണ്.  പിന്നെ, "ഞാൻ അവനെ അറിയില്ല" എന്നതിൽ നിന്ന്, "കർത്താവേ, നീ എല്ലാം അറിയുന്നു" (യോഹ 21:17) എന്ന് പറയുന്നതിലേക്ക് പത്രോസ് കടന്നത് പാപ്പാ വിശദീകരിച്ചു.

വേദനിച്ച് പശ്ചാത്തപിച്ച് യേശുവിനാൽ ക്ഷമിക്കപ്പെടാൻ സ്വയം അനുവദിച്ചപ്പോഴാണ് പത്രോസിന്റെ ഹൃദയത്തിനും, അപ്പോസ്തലനും, ഇടയനും സൗഖ്യം കൈവന്നത്.  കണ്ണീരിന്റെയും കയ്പേറിയ കരച്ചിലിന്റെയും ദുഃഖത്തിന്റെയും മദ്ധ്യേയാണ് നവീകരിക്കപ്പെട്ട സ്നേഹത്തിലേക്ക് നയിക്കുന്ന ആ സൗഖ്യം നടന്നത് എന്ന് സഹോദര വൈദീകരെ അഭിസംബോധന ചെയ്തു കൊണ്ട് പാപ്പാ ഓർമ്മിപ്പിച്ചു.

പ്രാർത്ഥനാ വർഷത്തിലെ ഈ വിശുദ്ധ വ്യാഴത്തിൽ, ആത്മീയ ജീവിതത്തിന്റെ, പലപ്പോഴും അവഗണിക്കുന്ന എന്നാൽ അത്യന്താപേക്ഷിതമായ  ഒരു വശത്തെക്കുറിച്ചുള്ള കുറച്ച് ചിന്തകൾ നിങ്ങളുമായി പങ്കിടണമെന്നാണ്  തനിക്ക് തോന്നുന്നത് എന്നു പറഞ്ഞു കൊണ്ട്  പശ്ചാത്താപം (Compunction) എന്ന പദത്തെ പിന്നീടു പരിശുദ്ധ പിതാവ് വിശദീകരിച്ചു. ഇത് പഴഞ്ചൻ  പദമാണെങ്കിലും വിചിന്തനത്തിന് വളരെ അനുയോജ്യമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

എന്താണ് പശ്ചാത്താപം?

എന്താണ് പശ്ചാത്താപം എന്ന് വിശദീകരിക്കാ൯ ആ പദത്തിന്റെ ഉത്ഭവത്തിന്  തുളച്ചുകയറലുമായുള്ള  ബന്ധം പാപ്പാ ചൂണ്ടിക്കാണിച്ചു. വേദനാജനകവും അനുതാപക്കണ്ണുനീർ ഉളവാക്കുന്നതുമായ "ഹൃദയം തുളക്കലാണ്" അനുതാപം.  അതിന്  വിശുദ്ധ പത്രോസിന്റെ ജീവിതത്തിലെ മറ്റൊരു സംഭവം പാപ്പാ എടുത്തു കാട്ടി.  യേശുവിന്റെ നോട്ടത്താലും അവന്റെ വാക്കുകളാലും ഹൃദയം തുളയ്ക്കപ്പെട്ട പത്രോസ് വിശുദ്ധീകരിക്കപ്പെടുകയും പരിശുദ്ധാത്മാവിനാൽ കത്തിയെരിയുകയും ചെയ്ത പെന്തക്കോസ്ത നാളിൽ ജെറുസലേം നിവാസികളോടു പ്രഖ്യാപിച്ചു: "നിങ്ങൾ ക്രൂശിൽ തറച്ചു യേശുവിനെ ദൈവം കർത്താവും രക്ഷകനുമാക്കിയിരിക്കുന്നു" (അപ്പോ 2:36).  തങ്ങൾ ചെയ്ത തിന്മയും കർത്താവ്  അവർക്കു നൽകുന്ന രക്ഷയും തിരിച്ചറിഞ്ഞ് അവനെ  ശ്രവിച്ചവരുടെയെല്ലാം "ഹൃദയം മുറിഞ്ഞു" (അപ്പോ 2:37). അതാണ് പശ്ചാത്താപം, പാപ്പാ പങ്കുവച്ചു.

കണ്ണുകളിൽ കണ്ണുനീർ നിറയ്ക്കുന്ന അനുതാപം

നമ്മുടെ അയോഗ്യതയിൽ നമ്മെ നിരുത്സാഹപ്പെടുത്തുകയും ആകുലരാക്കുകയും ചെയ്യുന്ന കുറ്റബോധമല്ല, മറിച്ച് ഹൃദയത്തെ വിശുദ്ധീകരിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്ന പ്രയോജനകരമായ ഒരു " കുത്തൽ" ആണത്.  നമ്മുടെ പാപം നമ്മൾ തിരിച്ചറിഞ്ഞുകഴിയുമ്പോൾ, ഉള്ളിൽ നിറയുകയും നമ്മുടെ കണ്ണുകളിൽ കണ്ണുനീർ നിറയ്ക്കുകയും ചെയ്യുന്ന ജീവജലത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനായി നമ്മുടെ ഹൃദയങ്ങൾ തുറക്കാൻ കഴിയും.  "മുഖംമൂടി അഴിച്ചുമാറ്റാനും" ദൈവത്തിന്റെ ദൃഷ്ടി തങ്ങളുടെ ഹൃദയത്തിൽ തുളച്ചുകയറാനും അനുവദിക്കുന്നവർക്ക് ആ കണ്ണുനീരിന്റെ ദാനം ലഭിക്കുന്നു. ജ്ഞാനസ്നാന ജലം കഴിഞ്ഞാൽ പിന്നെയുള്ള ഏറ്റവും പരിശുദ്ധമായ ജലമാണ് പശ്ചാത്താപത്തിന്റെ കണ്ണുനീരെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

നമുക്കുവേണ്ടിതന്നെ കരയുക എന്നതിന്റെ അർത്ഥമെന്താണെന്നും പാപ്പാ വിശദീകരിച്ചു. നാം പലപ്പോഴും പ്രലോഭിപ്പിക്കപ്പെടുന്നതുപോലെ സ്വയം സഹതപിച്ച് കരയുക എന്നല്ല ഇതിനർത്ഥം.  ഉദാഹരണത്തിന്, നമ്മുടെ പ്രതീക്ഷകൾ അസ്തമിക്കുന്നതിൽ നിരാശപ്പെടുകയോ, അസ്വസ്ഥരാകുകയോ ചെയ്യുമ്പോഴോ, ഒരുപക്ഷേ നമ്മുടെ സഹവൈദീകരും മേലുദ്യോഗസ്ഥരും  നമ്മെ തെറ്റിദ്ധരിക്കുമ്പോഴോ,  തെറ്റുകളെക്കുറിച്ച് ചിന്തിക്കുന്നതിൽ വിചിത്രവും രോഗാതുരവുമായ ആനന്ദം അനുഭവിക്കുമ്പോഴോ,  നമ്മോടുതന്നെ സഹതാപം തോന്നുമ്പോഴോ, നമ്മൾ അർഹിക്കുന്ന രീതിയിൽ പരിഗണിക്കപ്പെടുന്നില്ലെന്ന് ബോധ്യപ്പെടുമ്പോഴോ, ഭാവിയിൽ കൂടുതൽ അപ്രിയമായ സംഭവങ്ങൾ ഉണ്ടാകുമെന്ന് ഭയപ്പെടുമ്പോഴോ ഉണ്ടാകുന്ന കണ്ണുനീരല്ല ഇത് കൊണ്ട് അർത്ഥമാക്കുന്നത്. മേൽപ്പറഞ്ഞവ  "ദൈവിക ദുഃഖം" എന്നതിന് വിപരീതമായി വിശുദ്ധ പൗലോസ് "ലൗകിക ദുഃഖം" എന്ന് വിളിക്കുന്നതിന്റെ ഉദാഹരണങ്ങളാണവ, പാപ്പാ ചൂണ്ടിക്കാണിച്ചു.

നാം എപ്പോഴും ദൈവവുമായി കടത്തിലാണ്

എന്നാൽ, നമുക്കുവേണ്ടി കരയുക എന്നതിനർത്ഥം നമ്മുടെ പാപങ്ങളാൽ ദൈവത്തെ ദുഃഖിപ്പിച്ചതിന് ഗൗരവമായി പശ്ചാത്തപിക്കുക; നാം എല്ലായ്പ്പോഴും ദൈവവുമായി കടത്തിൽ തന്നെയാണ് തുടരുന്നതെന്ന് തിരിച്ചറിയുക, നമുക്കായി ജീവൻ നൽകിയവന്റെ സ്നേഹത്തിൽ നിന്നും വിശുദ്ധിയുടെയും വിശ്വസ്തതയുടെയും പാതയിൽ നിന്നും നാം വഴിതെറ്റിപ്പോയെന്ന് സമ്മതിക്കുക എന്നതാണ്. നമ്മുടെ ഉള്ളിലേക്ക് നോക്കുകയും നമ്മുടെ നന്ദികേടിനെയും അനിശ്ചിതത്വത്തെയും കുറിച്ച് പശ്ചാത്തപിക്കുകയും ചെയ്യുക, നമ്മുടെ വഞ്ചനയും സത്യസന്ധതയില്ലായ്മയും കാപട്യവും സങ്കടത്തോടെ അംഗീകരിക്കുക എന്നതാണ്.  ക്രൂശിക്കപ്പെട്ട കർത്താവിന്റെ നേരെ ഒരിക്കൽക്കൂടി നമ്മുടെ നോട്ടം തിരിക്കുകയും എല്ലാം ക്ഷമിക്കുകയും തന്നിൽ പ്രത്യാശിക്കുന്നവരുടെ വിശ്വാസത്തെ ഒരിക്കലും നിരാശപ്പെടുത്താതിരിക്കുകയും ചെയ്യുന്ന അവിടുത്തെ സ്നേഹത്താൽ നമ്മെത്തന്നെ സ്പർശിക്കാൻ അനുവദിക്കുകയാണ്. അങ്ങനെ കണ്ണിൽ കണ്ണുനീർ നിറഞ്ഞ് നമ്മുടെ ഹൃദയത്തെ ശുദ്ധീകരിക്കാൻ അത് കവിളിലൂടെ ഒഴുകുകയും ചെയ്യും.

പശ്ചാത്താപം - ഹൃദയത്തിന്റെ കാഠിന്യം മാറ്റാനുള്ള മറുമരുന്ന്

അനുതാപത്തിന്  പരിശ്രമം ആവശ്യമാണ്. പക്ഷേ അത് സമാധാനം നൽകുന്നു. അത് ഉത്കണ്ഠയുടെ ഉറവിടമല്ല, മറിച്ച് ആത്മാവിന്റെ സൗഖ്യത്തിന്റെ ഉറവിടമാണ്, കാരണം അത് പാപത്തിന്റെ മുറിവുകൾക്ക് ഒരു മരുന്നായി പ്രവർത്തിക്കുന്നു, "തകർന്ന, പശ്ചാത്തപിക്കുന്ന ഹൃദയത്തെ"(സങ്കീ 51:19) കണ്ണുനീരാൽ മൃദുലമാക്കിയാൽ അതിനെ രൂപാന്തരപ്പെടുത്തുന്ന സ്വർഗ്ഗീയ വൈദ്യന്റെ പരിചരണം സ്വീകരിക്കാൻ നമ്മെ ഒരുക്കുന്നു.  അതുകൊണ്ട്  യേശു പലപ്പോഴും അപലപിച്ച ഹൃദയത്തിന്റെ കാഠിന്യം (സ്ക്ലിറോകാർഡിയ ) (മർക്കോ 3:5; 10:5) മാറ്റാനുള്ള മറുമരുന്നാണ്  പശ്ചാത്താപം.  പശ്ചാത്താപവും ദുഃഖവുമില്ലാത്ത ഹൃദയം കഠിനമാകുന്നു: ആദ്യം, അത് കഠിനവും പ്രശ്നങ്ങളോടു അക്ഷമയും വ്യക്തികളോടു നിസ്സംഗതയുമുള്ളതായി  തീരുന്നു. തുടർന്ന്  അത് തണുത്ത് നിർജ്ജീവവും അഭേദ്യവുമായി, ഒടുവിൽ കല്ലായി മാറും.  എന്നിരുന്നാലും, ജലത്തുള്ളികൾ ഒരു കല്ലിനെ ഉരച്ച് മെരുക്കിയെടുക്കുന്നതുപോലെ, കണ്ണുനീരിന് കല്ലായ ഹൃദയങ്ങളെ മെല്ലെ മൃദുവാക്കാൻ കഴിയും.  ദുഃഖം അത്ഭുതകരമായി മാധുര്യത്തിലേക്ക് നയിച്ചേക്കാം എന്ന് പാപ്പാ വിശദീകരിച്ചു.

അതിനുള്ള പ്രതിവിധിയാണ് അനുതാപം, കാരണം അത് നമ്മെ നമ്മെക്കുറിച്ചുള്ള സത്യത്തിലേക്ക് തിരികെ കൊണ്ടുവരുന്നു.  അതുവഴി കൃപയാൽ ക്ഷമിക്കപ്പെടുന്നതിന്റെ അനന്തമായ യാഥാർത്ഥ്യം നാം പാപികളായിരിക്കുന്നതിന്റെ  ആഴങ്ങളിൽ വെളിപ്പെടുത്താൻ കഴിയും. നമ്മുടെ മാനുഷിക ദുരിതവും ദൈവത്തിന്റെ കാരുണ്യവും തമ്മിലുള്ള കൂടികാഴ്ചയിൽ നിന്നാണ് എല്ലാ ആന്തരിക നവീകരണവും ആരംഭിക്കുക എന്നു പറഞ്ഞ പാപ്പാ പിന്നീട്, അത് പരിശുദ്ധാത്മാവിനാൽ സമ്പന്നമാക്കപ്പെടുന്നതിലൂടെയാണ്  വികസിക്കുന്നത് എന്നും കൂട്ടിച്ചേർത്തു.

ഇവിടെ നിരവധി ആത്മീയ ഗുരുക്കന്മാരുടെ വ്യക്തമായ പ്രബോധനങ്ങൾ ഓർമ്മിക്കാമെന്നും “തങ്ങളുടെ പാപങ്ങൾ ഏറ്റുപറയുന്നവർ തങ്ങളുടെ പ്രാർത്ഥനയിലൂടെ മരിച്ചവരെ ഉയിർത്തെഴുന്നേൽപിക്കുന്നവനെക്കാൾ വലിയവരാകുന്നു.  തങ്ങളുടെ പാപങ്ങളെ പ്രതി ഒരുമണിക്കൂറോളം കരയുന്നവർ ധ്യാനത്താൽ ലോകത്തെ മുഴുവൻ സേവിക്കുന്നവരേക്കാൾ വലിയവരാണ്.  ആത്മജ്ഞാനത്താൽ അനുഗ്രഹിക്കപ്പെട്ടവർ മാലാഖമാരുടെ ദർശനത്താൽ അനുഗ്രഹിക്കപ്പെട്ടവരെക്കാൾ വലിയവരാണ്” എന്ന നിനെവെയിലെ വിശുദ്ധ ഇസഹാക്കിനെ ഉദ്ധരിച്ചു.

കണ്ണുനീർ വർദ്ധിക്കുന്നുണ്ടോ?

നമ്മുടെ ആത്മശോധനകളിലും പ്രാർത്ഥനകളിലും  അനുതാപവും കണ്ണുനീരും എന്തു പങ്കുവഹിക്കുന്നുവെന്ന് നമ്മോടുതന്നെ ചോദിക്കാൻ ആവശ്യപ്പെട്ട പാപ്പാ വർഷങ്ങൾ കഴിയുന്തോറും നമ്മുടെ കണ്ണുനീർ വർദ്ധിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ആഹ്വാനം ചെയ്തു. ആത്മാവിൽ ദരിദ്രരായിത്തീരുന്നവർ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരായ ദരിദ്രരോടു കൂടുതൽ അടുക്കുന്നു. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് തന്റെ നിയമത്തിൽ എഴുതിയതുപോലെ, നാം അകലം പാലിച്ചിരുന്നവർ ഇപ്പോൾ നമ്മുടെ പ്രിയപ്പെട്ട കൂട്ടാളികളായി മാറുന്നു.[6]  അതുകൊണ്ട് , ഹൃദയത്തിൽ പശ്ചാത്താപം അനുഭവിക്കുന്നവർ ലോകത്തിലെ എല്ലാ പാപികൾക്കും തങ്ങൾ സഹോദരീസഹോദരന്മാരാണെന്ന അനുഭവത്തിലേക്ക് വരുന്നു. ശ്രേഷ്ഠതയുടെയും പരുഷമായ ന്യായവിധികളുടെയും അന്തരീക്ഷം മാറ്റിവെച്ച്, സ്നേഹം പ്രകടിപ്പിക്കാനും പാപപരിഹാരം ചെയ്യാനുമുള്ള ജ്വലിക്കുന്ന ആഗ്രഹത്താൽ നിറയുന്നു, പാപ്പാ പറഞ്ഞു.

അനുതാപത്തിന്റെ മറ്റൊരു വശമായ ഐക്യദാർഢ്യം

ഇവിടെ നാം അനുതാപത്തിന്റെ മറ്റൊരു വശമായ ഐക്യദാർഢ്യമാണ് കാണുന്നതെന്ന് പറഞ്ഞ പാപ്പാ അഷ്ട സൗഭാഗ്യങ്ങളുടെ ചൈതന്യത്താൽ സ്വതന്ത്രമായ ഒരു ഹൃദയം സ്വാഭാവികമായും മറ്റുള്ളവരോടു സഹാനുഭൂതി കാണിക്കുമെന്നും നമ്മുടെ സഹോദരീ സഹോദരന്മാരുടെ വീഴ്ചകളിൽ കോപവും ഉതപ്പും തോന്നുന്നതിനുപകരം, അവരുടെ പാപങ്ങളെയോർത്തു കരയുമെന്ന് അടിവരയിട്ടു. നമ്മോടുതന്നെ അനുകമ്പയുള്ളവരും മറ്റുള്ളവരോടു അനുകമ്പയില്ലാത്തവരുമാകുന്ന സ്വാഭാവിക പ്രവണത ദൈവത്തിന്റെ കൃപയാൽ അട്ടിമറിക്കപ്പെട്ട് നാം നമ്മോടുതന്നെ കർശനക്കാരും മറ്റുള്ളവരോടു കരുണ കാണിക്കുകയും ചെയ്യുന്ന ഒരുതരം അവസ്ഥ സൃഷ്ടിക്കപ്പെടുന്നു. എല്ലാറ്റിനുമുപരിയായി, സഭയുടെയും ലോകത്തിന്റെയും പാപങ്ങളെ കുറിച്ച് വിലപിക്കുകയും എല്ലാവർക്കും വേണ്ടി മധ്യസ്ഥരായിത്തീരുകയും ചെയ്യുന്ന പുരുഷന്മാരെയും സ്ത്രീകളെയുമാണ് തനിക്കായി സമർപ്പിക്കപ്പെട്ടവരിൽ കർത്താവ് അന്വേഷിക്കുന്നതെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.

അനുതാപം കരുണയോടു കൂടി പ്രതികരിക്കാ൯ പ്രേരിപ്പിക്കുന്നു

അവിടുത്തെ ഇടയന്മാരായ നമ്മിൽ നിന്ന് കർത്താവ് പരുഷതയല്ല, സ്നേഹവും വഴിതെറ്റിയവർക്കുവേണ്ടിയുള്ള കണ്ണീരുമാണ് ആഗ്രഹിക്കുന്നത് എന്ന് സഹോദരപുരോഹിതരെ അഭിസംബോധന ചെയ്ത് പാപ്പാ പറഞ്ഞു.  നമ്മുടെ ഹൃദയത്തിൽ അനുതാപം ഉണ്ടെങ്കിൽ, നാം അനുദിനം അഭിമുഖീകരിക്കുന്ന പ്രയാസകരമായ സാഹചര്യങ്ങൾ, കഷ്ടപ്പാടുകൾ, വിശ്വാസമില്ലായ്മ എന്നിവയെ അപലപിക്കാനല്ല, മറിച്ച് സ്ഥിരോത്സാഹത്തോടും കരുണയോടും കൂടി പ്രതികരിക്കാനാണ് നമ്മെ പ്രേരിപ്പിക്കുക.  നമ്മെത്തന്നെ പൂർണ്ണമായും ദൈവത്തിനു സമർപ്പിക്കുന്നതിനും നമുക്കു ചുറ്റുമുള്ള കൊടുങ്കാറ്റുകളിൽനിന്നു നമ്മെ സംരക്ഷിക്കുന്ന ശാന്തത അവനിൽ കണ്ടെത്തുന്നതിനും പരുഷത, കുറ്റപ്പെടുത്തൽ, സ്വാർത്ഥത, അഭിലാഷം, കാഠിന്യം, നിരാശ എന്നിവയിൽ നിന്ന് നാം എത്രമാത്രം സ്വതന്ത്രരായിത്തീരേണ്ടതുണ്ട് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. നമുക്ക് പ്രാർത്ഥിക്കാം, മാധ്യസ്ഥം വഹിക്കാം, മറ്റുള്ളവർക്കായി കണ്ണുനീർ ഒഴുക്കാം; ഈ വിധത്തിൽ, കർത്താവിനെ അവന്റെ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ നാം അനുവദിക്കുകയാണ് ചെയ്യുന്നത്.  നാം ഭയപ്പെടേണ്ടതില്ല; തീർച്ചയായും അവൻ നമ്മെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും, പാപ്പാ പ്രോത്സാഹിപ്പിച്ചു.

എല്ലാ പ്രശ്നങ്ങളേക്കാളും വലിയവനാണ് ദൈവം

നമ്മുടെ ശുശ്രൂഷ അതിനു സഹായിക്കും. ഇന്ന്, നമ്മുടെ മതേതര സമൂഹങ്ങളിൽ, നാം അമിത ആവേശത്തോടെ പ്രവർത്തിക്കുകയും അപര്യാപ്തരാണെന്ന് തിരിച്ചറിഞ്ഞ്, ഉത്സാഹം നഷ്ടപ്പെടുകയും “തുഴകൾ താഴെയിടാൻ" പ്രലോഭിതരാവുകയും ചെയ്തുകൊണ്ട് നമ്മുടെ എല്ലാ പ്രശ്നങ്ങളേക്കാളും വലുതാണ് ദൈവം എന്ന് മറന്ന്,  പരാതിപ്പെടുന്നതിൽ മാത്രം അഭയം തേടുകയുമാണ് ചെയ്യുന്നതെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. അവസാനമായി, പശ്ചാത്താപം നമ്മുടെ ജോലിയല്ല, മറിച്ച് ഒരു കൃപയാണ്, അതിനാൽ, അത് പ്രാർത്ഥനയിൽ അന്വേഷിക്കണം’ എന്ന പ്രധാന കാര്യം പാപ്പാ  ഊന്നിപ്പറഞ്ഞു. അനുതാപം ദൈവത്തിന്റെ ദാനവും പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയുമാണ്.

അനുതാപ മനോഭാവം വളർത്തിയെടുക്കുന്നതിനുള്ള ഒരു സഹായമെന്ന നിലയിൽ, പാപ്പാ രണ്ട് ഉപദേശങ്ങളും കൂട്ടിച്ചേർത്തു.

ഭൂതകാലത്തിന്റെയും ഭാവിയുടെയും വലിയ ചക്രവാളത്തിലൂടെ കാര്യങ്ങളെ വീക്ഷിക്കുക

ഒന്നാമതായി, നമ്മുടെ ജീവിതത്തെയും വിളിയെയും കാര്യക്ഷമതയുടെയും ഉടനടിയുള്ള ഫലങ്ങളുടെയും അടിസ്ഥാനത്തിൽ നോക്കുന്നതും ഇപ്പോഴത്തെ ആവശ്യങ്ങളിലും പ്രതീക്ഷകളിലും കെട്ടപ്പെട്ടുകിടക്കുന്നതും നിർത്തി, ഭൂതകാലത്തിന്റെയും ഭാവിയുടെയും വലിയ ചക്രവാളത്തിലൂടെ കാര്യങ്ങളെ വീക്ഷിക്കാൻ പാപ്പാ ആവശ്യപ്പെട്ടു.  ഭൂതകാലം, ദൈവത്തിന്റെ വിശ്വസ്തതയെ അനുസ്മരിക്കുന്നതിലും അവന്റെ ക്ഷമയെക്കുറിച്ച് ശ്രദ്ധാലുക്കളായിരിക്കുന്നതിലും അവന്റെ സ്നേഹത്തിൽ ഉറച്ചുനിൽക്കുന്നതിലുമാണ് സഹായിക്കുക.  ഭാവി, നമ്മുടെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ നമ്മെ വിളിക്കുന്ന ശാശ്വത ലക്ഷ്യത്തിലേക്ക് നോക്കുന്നതാണ്‌ പാപ്പാ പറഞ്ഞു. നമ്മുടെ ചക്രവാളങ്ങൾ വിശാലമാക്കുന്നത് നമ്മുടെ ഹൃദയങ്ങൾ വികസിപ്പിക്കാനും കർത്താവിനോടൊപ്പം സമയം ചെലവഴിക്കാനും പശ്ചാത്താപം അനുഭവിക്കാനും സഹായിക്കുന്നു.

പ്രാർത്ഥന ഒരു കടമ കഴിക്കലല്ല സ്വതന്ത്രമായ തിരഞ്ഞെടുക്കലാണ്

ആദ്യത്തേതിന്റെ തുടർച്ചയായിരുന്നു രണ്ടാമത്തെത്. പ്രാർത്ഥന ഒരു കടമ കഴിക്കലും പ്രവർത്തനവുമാക്കുന്നതിൽ നിന്ന് മാറി സ്വതന്ത്രമായി തിരഞ്ഞെടുക്കുന്നതും ശാന്തവും നീണ്ടുനിൽക്കുന്നതുമായ ഒന്നാക്കി വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത വീണ്ടും കണ്ടെത്തുക. നമുക്ക് ആരാധനയിലേക്കും ഹൃദയത്തിന്റെ പ്രാർത്ഥനയിലേക്കും മടങ്ങാം പാപ്പാ ആഹ്വാനം ചെയ്‌തു. ദൈവപുത്രനായ യേശുവേ, പാപിയായ എന്നോടു കരുണയുണ്ടാകണമേ എന്നു പറഞ്ഞ് നമ്മുടെ സ്വന്തം പാപത്തെക്കുറിച്ച് ധ്യാനിച്ച് ദൈവത്തിന്റെ മഹത്വം അനുഭവിക്കുകയും അവിടുത്തെ നോട്ടത്തിന്റെ സൗഖ്യത്തിന്റെ ശക്തിയിലേക്ക് നമ്മുടെ ഹൃദയങ്ങൾ തുറക്കുകയും ചെയ്യാം. അപ്പോൾ ദൈവമേ, എന്റെ സഹായത്തിന് വരണമേ! എന്ന സഭാ മാതാവിന്റെ പ്രാർത്ഥനയിലെ വിജ്ഞാനം നമുക്ക് കണ്ടെത്താൻ കഴിയും.

വൈദീകർ ദൈവ കാരുണ്യത്തിന്റെ അത്ഭുതം കൊണ്ടുവരുന്നു

"നിങ്ങളെല്ലാവരും ഇത് എടുത്ത് ഭക്ഷിക്കുക, ഇത് നിങ്ങൾക്കായി അർപ്പിക്കപ്പെടുന്ന എന്റെ ശരീരം," എന്ന്  ദിവസവും പറയുന്ന പുരോഹിതന്മാരായ നാം – നമ്മുടെ കൈകളെ അവന്റെ സാന്നിധ്യത്തിന്റെ ഉപകരണങ്ങളാക്കി മാറ്റാതെ നമ്മെ വളരെയധികം സ്നേഹിച്ചവനെ നിരാശപ്പെടുത്തുകയും ദുഃഖിപ്പിക്കുകയും ചെയ്തു " എന്നാണ് വിശുദ്ധ പത്രോസിന്റെ ശവകുടീരത്തിനു മുകളിൽ കാണുന്ന യാഗപീഠം നമ്മെ ഓർമ്മിപ്പിക്കുന്നത് എന്ന് പറഞ്ഞ പാപ്പാ “എളിമയുള്ള ആത്മാവോടും പശ്ചാത്തപിക്കുന്ന ഹൃദയത്തോടും കൂടെ ഞങ്ങൾ അങ്ങയാൽ സ്വീകരിക്കപ്പെടട്ടെ" എന്നും "കർത്താവേ, എന്റെ അകൃത്യത്തിൽ നിന്ന് എന്നെ കഴുകിക്കളയുകയും എന്റെ പാപത്തിൽ നിന്ന് എന്നെ ശുദ്ധീകരിക്കുകയും ചെയ്യേണമേ" എന്ന് വൈദീകർ നിശ്ശബ്ദമായി പറയുന്ന പ്രാർത്ഥനകൾ ആവർത്തിക്കുന്നത് നന്നായിരിക്കും എന്നും ഓർമ്മിപ്പിച്ചു.  എന്നിരുന്നാലും, ഇന്നത്തെ ആരാധനാക്രമത്തിൽ പറയുന്ന തന്റെ അഭിഷേകത്താൽ വിശുദ്ധീകരിക്കപ്പെട്ട കർത്താവ്  "തകർന്ന ഹൃദയത്തെ കൂട്ടിയോജിപ്പിക്കാൻ വന്നു" (ഏശ 61:1) ഉറപ്പിൽ എല്ലാ വിധത്തിലും ആശ്വസിക്കാമെന്നും ഹൃദയങ്ങൾ തകർന്നാൽ തീർച്ചയായും അവരെ യേശുവിനാൽ യോജിപ്പിക്കാനും സൗഖ്യമാക്കാനും കഴിയും എന്നും പ്രത്യാശ പ്രകടിപ്പിച്ചു. 

വൈദീകരുടെ തുറവുള്ളതും ശാന്തവുമായ ഹൃദയത്തിനും അവരുടെ കഠിനാധ്വാനത്തിനും കണ്ണീരിനും പാപ്പാ നന്ദി പറഞ്ഞു. കാരണം ഇന്നത്തെ ലോകത്തിലെ സഹോദരീ സഹോദരന്മാരുടെ അടുക്കൽ ദൈവത്തിന്റെ കാരുണ്യത്തിന്റെ അത്ഭുതം കൊണ്ടുവരുന്നവരാണവർ. കർത്താവ് അവരെ ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും പ്രതിഫലം നൽകുകയും ചെയ്യട്ടെ എന്നാശംസിച്ചു കൊണ്ടാണ് പാപ്പാ ഉപസംഹരിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow